| Saturday, 25th May 2013, 12:15 pm

സി.പി.ഐ.എം ലുലു മാളിന് എതിരല്ല: പി. രാജീവ് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫേസ് ടു ഫേസ്/ പി. രാജീവ് എം.പി

[]കൊച്ചി ഇടപ്പള്ളി ബൈപ്പാസില്‍ സ്ഥിതി ചെയ്യുന്ന ലുലു ഷോപ്പിങ് മാള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദേശീയ പാത 47 ഉം 17ഉം സംഗമിക്കുന്ന സ്ഥലത്ത് പതിനേഴ് ഏക്കറില്‍് സ്ഥിതി ചെയ്യുന്ന ഈ മാള്‍ കടുത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട് എന്നാണ് പ്രധാന ആരോപണം.[]

മറുനാടന്‍ മലയാളിയും ഗള്‍ഫ് നാടുകളിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുത്തകകളില്‍ ഒരാളുമായ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലുമാളിന്റെ 125 ാമത്തെ ശാഖയാണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

മാള്‍ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കിനെതിരെ സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. മാള്‍ ഗുരുതരമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ടെന്നും ഭൂമി കൈയ്യേറി എന്നതുമാണ് പ്രാധാന ആരോപണം.

ഈ പശ്ചാത്തലത്തില്‍ സി.പി.ഐ.എം എം.പി. പി. രാജീവുമായി ഡൂള്‍ ന്യൂസ് പ്രതിനിധി  നസീബ ഹംസ  നടത്തിയ അഭിമുഖത്തിലേക്ക്,

കൊച്ചി ഇടപ്പള്ളിയിലുള്ള ലുലു മാളിന്റെ നിര്‍മാണം അനധികൃതമാണെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ ദിവസം സി.പി.ഐ.എം പറഞ്ഞിരുന്നു. എന്താണ് സി.പി.ഐ.എമ്മിന്റെ ആവശ്യം?

രാജീവ്:  ഇടപ്പള്ളിയില്‍ ലുലു മാള്‍ വന്നതിന് ശേഷം ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. നേരത്തേ തന്നെ അവിടെ ഫ്‌ളൈ ഓവര്‍ വേണമെന്ന ആവശ്യം സി.പി.ഐ.എം ഉന്നയിച്ചതാണ്.

ഇപ്പോള്‍ ഡി.എം.ആര്‍.സി ഫ്‌ളൈ ഓവറിനായി 87 കോടിയുടെ പദ്ധതി മുന്നോട്ട് വെച്ചിട്ടുണ്ട്. രണ്ട് നാഷണല്‍ ഹൈവേ (എന്‍.എച്ച്-17, എന്‍.എച്ച്-47)കള്‍ ചേരുന്ന സ്ഥലത്താണ് ലുലുമാള്‍ സ്ഥിതി ചെയ്യുന്നത്.

ഇങ്ങനെയൊരു സ്ഥലത്ത് സാധാരണ ഗതിയില്‍ ഇതുപോലൊരു സ്ഥാപനത്തിന് അനുമതി നല്‍കാറില്ല. രണ്ട് ഹൈവേയിലും രണ്ട് ഭാഗത്തും എക്‌സിറ്റും എന്‍ട്രിയുമുണ്ട്. മാള്‍ വന്നതിന് ശേഷം ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.

ഇത് ഒഴിവാക്കാനുള്ള സാമൂഹികമായ ഉത്തരവാദിത്തം മാളിന്റെ അധികൃതര്‍ക്കുണ്ട്. അതിനാല്‍ ഫ്‌ളൈ ഓവര്‍ നിര്‍മാണത്തിനാവശ്യമായ സാമ്പത്തിക ബാധ്യത ലുലു മാള്‍ ഏറ്റെടുക്കണമെന്നതാണ് സി.പി.ഐ.എമ്മിന്റെ ആവശ്യം.

നേരത്തെ സര്‍ക്കാര്‍ ഇതിനായി 180 കോടി അനുവദിച്ചിരുന്നു. പക്ഷെ 87 കോടിക്ക് ഡി.എം.ആര്‍.സി ഏറ്റെടുക്കാന്‍ തയ്യാറാണ്. കൂടാതെ 180 കോടി എന്ന് പറയുമ്പോള്‍ അഴിമതിക്ക് വഴിവെക്കും. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മറ്റ് ഫ്‌ളൈ ഓവറുകള്‍ സ്ഥാപിക്കണം.

മാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കൈയ്യേറിയതാണെന്ന ആരോപണവും ഉന്നയിച്ചിരുന്നല്ലോ.

രാജീവ്: മാള്‍ നിര്‍മിച്ചത് സ്ഥലം കൈയ്യേറിയാണെന്നല്ല പറയുന്നത്. മാളിന്റെ പാര്‍ക്കിങ് ഏരിയ നിര്‍മിച്ചിരിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. അവസാനഘട്ടത്തിലാണ് മാളിന്റെ മതില്‍ നിര്‍മ്മിച്ചത്. അപ്പോള്‍ തോടിനോട് ചേര്‍ത്താണ് മതില്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന ആരോപണമുണ്ട്.

സാധാരണഗതിയില്‍ തോട്ടില്‍ നിന്നും എട്ട് മീറ്റര്‍ വിട്ടിട്ടാണ് മതില്‍ കെട്ടേണ്ടത്. ഇത് സര്‍ക്കാര്‍ പരിശോധിക്കണം. പക്ഷേ, ഞങ്ങളുടെ പ്രധാന ആവശ്യം ഫ്‌ളൈ ഓവറിന്റെ നിര്‍മാണച്ചിലവ് ലുലു വഹിക്കണമെന്നതാണ്.

അടുത്ത പേജില്‍ തുടരുന്നു

സാധാരണ രണ്ട് നാഷണല്‍ ഹൈവേകള്‍ സംഗമിക്കുന്ന സ്ഥലത്ത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാറില്ലെന്ന് പറയുന്നു. പിന്നെ ലുലു മാളിനെങ്ങനെ അനുമതി ലഭിച്ചു.

രാജീവ്:  സാധാരണഗതിയില്‍ അനുമതി നല്‍കാറില്ല. അനുമതി ലഭിക്കുക അത്ര എളുപ്പമല്ല. പക്ഷേ, ലുലു മാളിന് കിട്ടി. അത് എങ്ങനെയെന്ന് നമുക്ക് അറിയില്ല. മാള്‍ പണിയാന്‍ എന്തുകൊണ്ട് ആ സ്ഥലം തിരഞ്ഞെടുത്തു എന്ന് അവരോട് ചോദിക്കണം..[]

നിര്‍മാണം നടന്നുകൊണ്ടിരിക്കേ ഒന്നും പറയാതിരുന്ന സി.പി.ഐ.എം നിര്‍മാണം കഴിഞ്ഞതിന് ശേഷമാണ് മാളിനെതിരെ വന്നിരിക്കുന്നത്

രാജീവ്: സി.പി.ഐ.എം മാളിന് എതിരായല്ല വന്നിരിക്കുന്നത്. നിര്‍മാണത്തിന് ശേഷമുള്ള പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇപ്പോള്‍ പാര്‍ട്ടി വന്നിരിക്കുന്നത്. നിര്‍മാണം നടക്കുമ്പോള്‍ സ്ഥിതി ഇത്രയും രൂക്ഷമാകുമെന്ന് അറിഞ്ഞിരുന്നില്ല.

മാളിന്റെ പാര്‍ക്കിങ് ഏരിയയുടെ സ്ഥലം കൈയ്യേറിയതാണെന്ന് ഇപ്പോള്‍ പറയുമ്പോള്‍ കൈയ്യേറിയ സ്ഥലമാണെന്ന് ആദ്യമേ അറിഞ്ഞിരിക്കുമല്ലോ

രാജീവ്: സാധാരണ കെട്ടിടത്തിന്റെ നിര്‍മ്മാണം കഴിഞ്ഞാണ് മതില്‍ കെട്ടാറ്. ഇവിടേയും അങ്ങനെ തന്നെയാണ്. ഉദ്ഘാടനത്തിനോട് ചേര്‍ന്നാണ് മതില്‍ കെട്ടിയത്, തോടിനോട് ചേര്‍ത്ത്. ഇത് കുറച്ച് ഉള്ളിലാക്കി കെട്ടിയിരുന്നെങ്കില്‍ അവരുടെ വാഹനങ്ങള്‍ അതിനുള്ളിലേക്ക് മാറ്റാമായിരുന്നു.

മൂന്ന് ഭൂഖണ്ഡങ്ങളിലെ 31 രാജ്യങ്ങളിലായി റീട്ടെയില്‍ ഷോപ്പുകളുള്ള റീട്ടെയ്ല്‍ ഭീമന്‍ തന്നെയാണ് ലുലു മാളിന്റെ എം.കെ ഗ്രൂപ്പ്. പ്രവാസി മലയാളിയുടെ സ്ഥാപനം എന്ന് പറയുന്നതിനേക്കാള്‍ റീട്ടെയില്‍ ഭീമന്‍ എന്ന് പറയാം. ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തിന് കേരളം അനുവദിക്കില്ല എന്ന് പറയുമ്പോള്‍ തന്നെ  ഇതുപോലൊരു വ്യവസായ സമുച്ചയത്തിന്റെ ഉദഘാടനത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ പോകുകയും അതിന് അനുമതി നല്‍കുകയും ചെയ്യുന്നതില്‍ വിരോധാഭാസമില്ലേ?.

രാജീവ്:  അങ്ങനെ പറയാന്‍ പറ്റില്ല. വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ പരിധിയില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ വരുന്ന സ്ഥാപനമല്ല ലുലു മാള്‍. പക്ഷേ അത് വന്നതിന് ശേഷം എന്തൊക്കെ ഭവിഷ്യത്തുകള്‍ വരുമെന്നത് പരിശോധിക്കേണ്ടത് തന്നെയാണ്.

വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ അതിന്റെ പരിധിയില്‍ വരുന്നവയാണ്. ലുലു മാള്‍ പക്ഷേ, ആ തലത്തിലേക്ക് വളര്‍ന്നിട്ടില്ല. വലിയ സ്ഥാപനം തന്നെയാണ്. ഈ മേഖലയില്‍ ലുലു എന്തെല്ലാം പ്രത്യാഘാതങ്ങള്‍ വരുത്തും എന്നത് അപ്പോള്‍ നോക്കേണ്ടതാണ്. സി.പി.ഐ.എം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയപരമായ പ്രശ്‌നത്തില്‍ ഉള്‍പ്പെടുന്ന ഒന്നല്ല അത്.

സ്ഥാപനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളൊന്നും സി.പി.ഐ.എം നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണോ പറയുന്നത്

രാജീവ്: ഗതാഗുരുക്ക് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. നയങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ഓരോ ഘട്ടത്തില്‍ ഓരോ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നം ഫ്‌ളൈ ഓവറിന്റേതാണ്.

ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള പാര്‍ട്ടി നിലപാട് സി.പി.ഐ.എം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആ പട്ടികയില്‍ ഞങ്ങള്‍ ഉള്‍പെടുത്തിയിരിക്കുന്ന ഗ്രൂപ്പല്ല എം.കെ ഗ്രൂപ്പ്. എഫ്.ഡി.ഐ മാനദണ്ഡമനുസരിച്ചും ആ പട്ടികയില്‍ പെടുന്നതല്ല ഇത്.

 പ്രതിവര്‍ഷം കെ.എസ്.ഇ.ബിക്ക് 20 കോടിയുടെ വൈദ്യുതിയാണ് ലുലു മാളിന് നല്‍കേണ്ടി വരിക. കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്ര ഭീമമായ തുകയുടെ വൈദ്യുതി മാളില്‍ ഉപയോഗിക്കുന്നു.  മാള്‍ വന്നതിന് ശേഷം പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമവുമുണ്ട്. പൊതു ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയല്ലേ ഇതൊക്കെ ചെയ്യുന്നത്.

രാജീവ്: ഇതൊക്കെ പഠിച്ച് പറയേണ്ട കാര്യങ്ങളാണ്. ഈ കണക്കുകള്‍ വച്ച് പറയാന്‍ പറ്റില്ല. ഇപ്പോള്‍ കണ്ടിരിക്കുന്ന പ്രശ്‌നം ഫ്‌ളൈ ഓവറിന്റേതാണ്. അതില്‍ ആദ്യം പരിഹാരം കാണണം.

We use cookies to give you the best possible experience. Learn more