| Thursday, 5th May 2022, 6:06 pm

ആരാണ് ഡോ. ജോ ജോസഫ്; തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തി പി. രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജോ ജോസഫിനെ പരിചയപ്പെടുത്തി മന്ത്രി പി. രാജീവ്. എറണാകുളം ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനായ ജോ ജോസഫ് സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമാണെന്ന് പി. രാജീവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി. രാജീവിന്റെ പ്രതികരണം

43 കാരനായ ഡോ. ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് ബിരുദം നേടിയ ഡോക്ടര്‍ ജോ, കട്ടക്ക് എസ്.സി.ബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എം.ഡിയും ദല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡി.എമ്മും നേടി.

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃ നിരയുടെ ഭാഗമാണ് അദ്ദേഹം. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ഡോ. ജോ നേതൃത്വം നല്‍കിയെന്നും പി. രാജീവ് പറഞ്ഞു.

പ്രോഗ്രസീവ് ഡോക്ടേഴ്‌സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ജോ ഹാര്‍ട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് ലേഖനങ്ങള്‍ എഴുതാറുണ്ട്. ‘ഹൃദയപൂര്‍വ്വം ഡോക്ടര്‍ ‘ എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്നും രാജീവ് വ്യക്തമാക്കി.

പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ്. കെ.എസ്.ഇ.ബി ജീവനക്കാരായിരുന്ന പരേതരായ കെ.വി. ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30ന് ചങ്ങനാശ്ശേരിയില്‍ ജനിച്ചു. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസുകാരി ജവാന്‍ ലിസ് ജോ, ആറാം ക്ലാസുകാരി ജിയന്ന എന്നിവരാണ് മക്കളെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: P. Rajeev Introducing the LDF candidate from Thrikkakara

Latest Stories

We use cookies to give you the best possible experience. Learn more