പാര്‍ലിമെന്റില്‍ പി രാജീവിന് എന്താണ് കാര്യം
FB Notification
പാര്‍ലിമെന്റില്‍ പി രാജീവിന് എന്താണ് കാര്യം
ശ്രീകാന്ത് പി.കെ
Monday, 11th March 2019, 11:04 pm

സാമ്പത്തിക തട്ടിപ്പ് കേയ്സില്‍ വിദേശ രാജ്യത്ത് കഴിയുന്ന വിജയ് മല്യയെന്ന ശത കോടീശ്വരനെ 2002-ലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ജനതാ ദളിന്റെ കൂടെ ആദ്യമായി രാജ്യ സഭയിലേക്ക് അയച്ചത്. ഇതേ വിജയ് മല്യ രാജ്യ സഭയില്‍ എംപിയായി ഇരിക്കുമ്പോള്‍ തന്നെ സിപിഐ(എം)ഉം ഇടതു മുന്നണിയും മറ്റൊരാളെ കേരളത്തില്‍ നിന്നും രാജ്യ സഭയിലേക്ക് അയച്ചു.സഖാവ് പി രാജീവ്.

കാലാവധി പൂര്‍ത്തിയാക്കുന്ന രാജ്യ സഭാ അംഗങ്ങള്‍ക്കുള്ള സെന്റ് ഓഫ് ചടങ്ങില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സ:രാജീവിനോളം പ്രശംസക്ക് പാത്രമായ മറ്റൊരംഗം കാണില്ല.

ഗുലാം നബി ആസാദ്-പരിണിത പ്രജ്ഞനായ കോണ്‍ഗ്രസ്   നേതാവും മുന്‍ കേന്ദ്ര മന്ത്രിയും നിലവില്‍ രാജ്യ സഭയിലെ പ്രതിപക്ഷ നേതാവുമാണ്.രാജീവ് സഭാ ചട്ടങ്ങളുടെ എന്‍സൈക്‌ളോപീഡിയയാണെന്നും ഇടപെടുന്ന വിഷയങ്ങളില്‍ അദ്ദേഹത്തെ പോലെ ഗഹനമായ അറിവും പാണ്ഡിത്യവുമുള്ളവര്‍ കുറവാണെന്നും പറഞ്ഞ കോണ്‍ഗ്രസ്  പ്രതിപക്ഷ നേതാവ് രാജീവ് പോകുമ്പോള്‍ അദ്ദേഹത്തിന്റെ ലാപ് ടോപ്പ് തനിക്ക് തന്നിട്ട് പോകണമെന്ന് തമാശയായി പറയുകയുണ്ടായി.

ഗുലാം നബി ആസാദ് മാത്രമല്ല ശരത് യാദവും,മായാവതിയുമടക്കമുള്ള മിക്ക കക്ഷി നേതാക്കളും രാജീവിനെ സഭയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറിയും അന്ന് രാജ്യ സഭാ അംഗവുമായിരുന്ന സ:സീതാറാം യെച്ചൂരിയോട് ആവശ്യപ്പെടുകയുണ്ടായി.

ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമ നിര്‍മ്മാണ സഭയില്‍ ഒരു ഇടതു പക്ഷ എംപിയെ കുറിച്ചുള്ള ധാരണയിങ്ങനെ നില്‍ക്കുമ്പോഴാണ് ഇവിടെ കേരളത്തിലെ മൂന്നേല്‍ മുക്കാല്‍ ചക്രത്തിന്റെ നാമ ജപ കോണ്ഗ്രസുകാര്‍ ചോദിക്കുന്നത് ലോക് സഭയില്‍ ഇടതുപക്ഷത്തിനു എന്താണ് കാര്യമെന്ന്.

കോണ്ഗ്രസുകാര്‍ തിരഞ്ഞെടുത്തയച്ച എംപിമാര്‍ പിടി കിട്ടാ പുള്ളിയായി രാജ്യത്തിന് പുറത്ത് വിലസി നടക്കുകയും പിടി കിട്ടിയ പുള്ളിമാര്‍ കൈപ്പത്തിയോ താമരയോ എന്നു കച്ചവടമുറപ്പിക്കാന്‍ റിസോര്‍ട്ടുകള്‍ തോറും കയറി ഇറങ്ങുകയും ചെയ്യുമ്പോള്‍ ഇടതു പക്ഷം പാര്‍ലിമെന്റിലേക്കയച്ച മെംബറെ കാലവധി പൂര്‍ത്തിയാക്കിയ ശേഷവും ഉപരാഷ്ട്രപതി വീണ്ടും ക്ഷണിച്ചു വരുത്തുകയാണുണ്ടായത്.

സഭയിലെ പുതിയ അംഗങ്ങള്‍ക്ക് രാജ്യ സഭാ ചട്ടങ്ങളും പാര്‍ലിമെന്റ് നടപടികളും മറ്റും പഠിപ്പിച്ചു കൊടുക്കാന്‍ ഒരു അധ്യാപകന്റെ റോളില്‍ രാജ്യ സഭാ ചെയര്‍മന്റെയും സെക്രട്ടറി ജനറലിന്റെയും നിശ്ചയ പ്രകാരം ഉപരാഷ്ട്രപതി ക്ഷണിച്ചു വരുത്തിയത് നിങ്ങള്‍ക്ക് എന്താണ് കാര്യമെന്ന് ആര്‍ത്തവ ലഹളക്കാര്‍ ചോദിക്കുന്ന എണ്ണത്തില്‍ കുറഞ്ഞ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ എംപിയെയാണ്.

രാജീവ് സഭയില്‍ നിന്ന് പോയാല്‍ തങ്ങളുടെ ജോലി എളുപ്പമായെന്ന് തുറന്നു പറഞ്ഞത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയാണ്.കണ്ണിറുക്കി കെട്ടി പിടിക്കലില്‍ രാഷ്ട്രീയ വിജയം കൈവരിച്ചെന്ന് തള്ളുന്ന ഒരൊറ്റ റിസോര്‍ട്ട് വാസകരേയും കൊണ്ട് സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ പാര്‍ലിമെന്ററി അജണ്ടകള്‍ക്ക് തരിമ്പും ആലോസരമുണ്ടാകില്ലെന്ന് അവരുടെ നേതാക്കള്‍ക്ക് തന്നെ നന്നായി അറിയാം.

എറണാകുളത്തെ പ്രിയ വോട്ടര്‍മാരേ നിങ്ങളുടെ വോട്ട് നിങ്ങളുടെ അഭിമാനമാക്കി മാറ്റാനുള്ള അവസരമാണിത്.രാജ്യത്തെ തന്നെ ഏറ്റവും മികച്ച പാര്‍ലിമേന്റെറിയന്‍ എന്ന സവിശേഷ പദവിയോടെ രാജ്യ സഭാ കാലവധി പൂര്‍ത്തിയാക്കിയ പി രാജീവിനെ പോലൊരു നേതാവിനെ അത്രമേല്‍ രാഷ്ട്രീയ പ്രസക്തമായ ഈ വര്‍ത്തമാന കാലത്ത് ലോക് സഭയിലെത്തിക്കുക എന്നത് നിങ്ങളുടെ അഭിമാന വിഷയം കൂടിയാണ്.

പ്രിയ കോണ്‍ഗ്രസുകാരെ നിങ്ങളോടും കൂടിയാണ്,നിങ്ങളുടെ തന്നെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് രാജീവിനെ ലോക്സഭയിലേക്കയക്കേണ്ടത് നിങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്.പി രാജീവിനെ പോലൊരാള്‍ സഭയിലെത്തിയില്ലെങ്കില്‍ അത് ഇടതുപക്ഷത്തിന്റേയോ എറണാകുളത്തിന്റേയോ കേരളത്തിന്റെയോ മാത്രം നഷ്ടമല്ല രാജ്യത്തിന്റെയാകെ നഷ്ടമാകും.മാറിയ കാലത്തെ എറണാകുളത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ അതിനിടെ വരുത്തില്ലെന്നുറപ്പുണ്ട്.