തിരുവനന്തപുരം: വ്യവസായികളും സംരംഭകരുമായി സര്‍ക്കാരിന് മികച്ച ബന്ധമാണുള്ളതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബ് ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് പറഞ്ഞിരുന്നതാണെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ സമൂഹം തന്നെ പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
‘അന്ന് ഉന്നയിക്കപ്പെട്ട പരാതികള്‍ സംബന്ധിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞിരുന്നു. ഇനി മറ്റേതെങ്കിലും പരാതികളുണ്ടെങ്കില്‍ അതും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നു. സര്‍ക്കാരിന് ഈ വിഷയത്തില്‍ തുറന്ന സമീപനമാണുള്ളത്.
നിലവിലെ നിയമങ്ങള്‍ പ്രകാരമുള്ള പരിശോധനയില്‍ വ്യവസായികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാവുന്ന ചില കാര്യങ്ങള്‍ ഇപ്പോഴും നില്‍ക്കുന്നുണ്ട്. അത് കുറേയെല്ലാം കാലഹരണപ്പെട്ടതാണ്. നിയമങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ഞങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്,’ പി. രാജീവ് പറഞ്ഞു.
സര്‍ക്കാര്‍ മികച്ച രീതിയില്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയിലെ തന്നെ മികച്ച സ്റ്റാര്‍ട്ട് അപ്പ് ആയി കളമശ്ശേരി മാറാന്‍ പോവുകയാണ്. അപ്പോള്‍ ഇവര്‍ ഇങ്ങനെ നടത്തുന്ന പരാമര്‍ശങ്ങളെക്കുറിച്ചൊക്കെ സമൂഹം തന്നെ പരിശോധിക്കട്ടെ. ഞങ്ങള്‍ അവരോട് അത്തരത്തിലൊരു സമീപനവും ഇതേവരെ സ്വീകരിച്ചിട്ടില്ല. തുറന്ന സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്നും പി. രാജീവ് പറഞ്ഞു.
കേരളം വ്യവസായ സൗഹൃദമല്ലെന്നും തന്നെ ആട്ടിയോടിക്കുകയാണെന്നുമായിരുന്നു നിക്ഷേപ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുന്നതിന് മുന്നോടിയായി സാബു എം. ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞത്.
‘നമ്മള്‍ ഇന്നും 50 വര്‍ഷം പിന്നിലാണ്. കേരളം മാത്രം മാറിയിട്ടില്ല. ഞാന്‍ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്. വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല. ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്.
ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. എന്റെ കാര്യം വിട്ടേക്ക് എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാര്‍, പുതിയ സംരംഭകര്‍ അവരെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാല്‍ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂ’, സാബു ജേക്കബ് പറഞ്ഞു
53 വര്‍ഷമായിട്ട് കേരളത്തില്‍ ഒരു വ്യവസായിക ചരിത്രം സൃഷ്ടിച്ച, വിപ്ലവം സൃഷ്ടിച്ച ഒരു വ്യവസായിയുടെ അവസ്ഥ ഇതാണെങ്കില്‍ 10000 വും 20000 ഒക്കെ മുടക്കി ജീവിതം തന്നെ പണയം വെച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്നും സാബു ജേക്കബ് ചോദിച്ചിരുന്നു.
എന്നാല്‍ സാബു ജേക്കബുമായുള്ള പരാതികള്‍ പരിശോധിക്കുമെന്ന് പി. രാജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
3500 കോടിയുടെ നിക്ഷേപ പദ്ധതിക്കായി സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നെന്ന് സാബു ജേക്കബ് അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് രംഗത്തെത്തിയത്.
സാബു ജേക്കബ് നടത്തിയ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് നേരിട്ട് ഇടപെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും ജൂണ്‍ 28ന് തന്നെ കിറ്റെക്സുമായി ബന്ധപ്പെട്ട പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുന്‍പേ സംസ്ഥാനത്തിന് അപകീര്‍ത്തികരമാകാവുന്ന പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും പി. രാജീവ് പറഞ്ഞിരുന്നു.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും
സെക്ടര്‍ മജിസ്ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നുമാണ് അവര്‍ അറിയിച്ചത്. കിറ്റെക്സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞിരുന്നു.