|

ക്യാമറ വന്നതിന് ശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞു; ഒന്നേകാല്‍ ലക്ഷത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്: പി. രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ഐ ക്യാമറകള്‍ വന്നതോടെ നിയമലംഘനങ്ങള്‍ കുറഞ്ഞതായി വ്യവസായ മന്ത്രി പി.രാജീവ്. മാധ്യമങ്ങളുടെ പ്രചരണം ഇതില്‍ ഒരു ഘടകമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഫൈന്‍ ഈടാക്കാതെയാണ് ഈ മാറ്റങ്ങളുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ എല്ലാവരും ഇതിന് പ്രചരണം നല്‍കിയത് കൊണ്ട് സേഫ് കേരളയില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. തുടങ്ങിയതിന് ശേഷം ഏപ്രില്‍ 17ന് നിയമലംഘനങ്ങള്‍ 4,50,552, തൊട്ടടുത്ത ദിവസം 4,11,356, തൊട്ടടുത്ത ദിവസം 397,487.

തൊട്ടടുത്ത ദിവസം വലിയ കുറവാണ് സംഭവിച്ചത്. 2,68,378. പക്ഷേ പിറ്റേ ദിവസം ഒന്ന് കൂടിയിട്ടുണ്ട്. 2,90,000. പിറ്റേ ദിവസം വിണ്ടും കുറഞ്ഞു. 2,37,000, പിറ്റേ ദിവസം 2,39,000.

ഏകദേശം ഒന്നേകാല്‍ ലക്ഷം നിയമലംഘനങ്ങളുടെ കുറവാണുണ്ടായിരിക്കുന്നത്. ഏഴ് ദിവസം കൊണ്ടാണ് ആ മാറ്റം ഈ ക്യാമറകള്‍ വെച്ചത് കൊണ്ട് സംഭവിച്ചത്.

ഫൈന്‍ ഈടാക്കാതെയാണിത്. നല്ല രീതിയില്‍ കേരളത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നത് തന്നെയാണ് ഇതിലൂടെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

എ.ഐ ക്യാമറകളില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. കെല്‍ട്രോണിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ടെന്‍ഡര്‍ രേഖകള്‍ അടക്കം പൊതുയിടത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ക്കാരിന് മറച്ചുവെക്കാന്‍ ഒന്നും ഇല്ല. പ്രതിപക്ഷനേതാവ് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കെല്‍ട്രോണിനെ പോലെയൊരു സ്ഥാപനത്തിന്റെ പേരില്‍ ആരോപണം ഉയര്‍ന്നതുകൊണ്ടാണ് ഈ കാര്യങ്ങള്‍ പറയുന്നത്.

ഇതുവരെ കെല്‍ട്രോണിന് ഒരു രൂപ പോലും കൊടുത്തിട്ടില്ല. കെല്‍ട്രോണിന്റെ കൈയില്‍ നിന്ന് പണം ചെലവായിട്ടേ ഉള്ളൂ,’ പി.രാജീവ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലന്‍സ് അന്വേഷണത്തിന് സഹായകമായ ഫയലുകള്‍ എല്ലാം കൊടുക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlight: p.rajeev about ai camera