ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് മാതൃഭൂമി അഭിപ്രായ സര്‍വ്വേ; ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി പി.ആര്‍ ശിവശങ്കരന്‍
Kerala News
ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് മാതൃഭൂമി അഭിപ്രായ സര്‍വ്വേ; ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി പി.ആര്‍ ശിവശങ്കരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 7:53 pm

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന മാതൃഭൂമി അഭിപ്രായ സര്‍വ്വേ ഫലത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് പി.ആര്‍ ശിവശങ്കരന്‍. പ്രതിഷേധ സൂചകമായി സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ് ശിവശങ്കരന്‍ ഇറങ്ങിപ്പോകുകയായിരുന്നു.

‘വെറുക്കപ്പെട്ട പാര്‍ട്ടി എന്ന ആശയമോ രീതിയോ ജനാധിപത്യത്തില്‍ ഇല്ലയെന്നത് കൊണ്ട്, ആ ചോദ്യം സര്‍വ്വേയില്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയ രീതിയെ അംഗീകരിക്കുന്നില്ല. ബി.ജെപിയെ അവഹേളിച്ച മാതൃഭൂമി ചാനലില്‍ ഇരിക്കേണ്ട എന്ന എന്റെ പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അറിയിച്ചതിനാല്‍ ചര്‍ച്ചയില്‍ നിന്ന് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോകുന്നു’, പി.ആര്‍ ശിവശങ്കര്‍ പറഞ്ഞു.

അതേസമയം വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്ന പ്രയോഗത്തെ തിരുത്തുന്നതായി മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. വെറുക്കപ്പെട്ട എന്ന വാക്കിന് പകരം സ്വീകാര്യമല്ലാത്ത പാര്‍ട്ടിയെന്ന് തിരുത്തുന്നതായാണ് അദ്ദേഹം പറഞ്ഞത്.

കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്നായിരുന്നു മാതൃഭൂമി ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം. 34.3 ശതമാനം പേരാണ് ബി.ജെ.പിയെ ഏറ്റവും വെറുക്കുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.

11.8 ശതമാനം സി.പി.ഐ.എം പാര്‍ട്ടിയെ ആണ് ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് പാര്‍ട്ടിയെ 9.1 ശതമാനം പേരും കോണ്‍ഗ്രസ് പാര്‍ട്ടിയെ 8 ശതമാനം പേരുമാണ് വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.

51 ദിവസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേര്‍ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തു. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ പറയുന്നത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ ഒന്നാം സ്ഥാനത്ത് സ്വര്‍ണക്കടത്താണ്.

25.2ശതമാനം പേരാണ് സ്വര്‍ണക്കടത്താണെന്ന് പറയുന്നത്. ശബരിമല വിവാദം 20.2 ശതമാനം, കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം മോദി ഫാക്ടര്‍ 2.6ശതമാനം എന്നിങ്ങനെയായിരിക്കുമെന്നും സര്‍വേ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  P R Sivasankar Walkouts From Mathrubhumi Discussion