മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ ചെയ്യുമ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. മോഹന്‍ലാല്‍, മീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബായിരുന്നു. ആ സിനിമയിലേക്ക് മോഹന്‍ലാലിനെ കൊണ്ടുവന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ആതിര.
പുലിമുരുകന്‍ എന്ന സിനിമ വലിയ ഹിറ്റായതിന് ശേഷം വന്ന മോഹന്‍ലാല്‍ സിനിമയായിരുന്നു ഇതെന്നും അതുകൊണ്ട് തന്നെ അത്രയും മാസ് സിനിമ കണ്ട പ്രേക്ഷകരുടെ മുമ്പിലേക്ക് കുടുംബ ചിത്രവുമായി വരുമ്പോള്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയായിരുന്നു പ്രധാന വെല്ലുവിളിയെന്നും ആതിര പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഒന്ന് രണ്ട് പരസ്യങ്ങള്‍ ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു അത്. നിര്‍മാതാവ് സോഫിയ പോളിന്റെ പനങ്ങാടുള്ള ഓഫീസില്‍ അവിടുത്തെ പരസ്യത്തിന്റെ കാര്യം സംസാരിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍. സോഫിയ പോള്‍ ആണ് അവരുടെ കയ്യില്‍ ഇങ്ങനെ ഒരു സിനിമയുണ്ടെന്ന് പറയുന്നത്. എനിക്ക് മുന്നില്‍ അപ്പോഴുള്ള വെല്ലുവിളി അതിന് മുമ്പ് മോഹന്‍ലാല്‍ ചെയ്ത സിനിമ ‘പുലിമുരുകന്‍’ ആണെന്നതാണ്.
പുലിമുരുകന്‍ എന്ന മാസ് ചിത്രത്തിന്റെ ഹൈപ്പില്‍ നിന്ന് മുന്തിരിവള്ളി പോലൊരു കുടുംബചിത്രം കാണാനായി പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കണം. അതിന് എന്തൊക്കെ ചെയ്യാനാകും എന്നാണ് ആലോചിക്കേണ്ടത്. പരമ്പരാഗതമായി ചെയ്തുപോകുന്ന കാര്യങ്ങളില്‍ നിന്ന് മാറി എന്ത് ചെയ്യാനാകുമെന്നായിരുന്നു ചിന്ത മുഴുവന്‍.
ഓഡിയോ ലോഞ്ചാണ് ആദ്യം നടത്തിയത്. മുന്തിരിയും ആ നിറവും പ്രമേയമാക്കി കാര്യങ്ങള്‍ പദ്ധതിയിട്ടു. മോഹന്‍ലാലിനും മീനക്കും മുന്തിരി നിറത്തില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു. സി.ഡി വച്ച് റാപ്പ് ചെയ്യുന്ന രീതിവിട്ട് ഒരു കോണ്‍സെപ്റ്റില്‍ ആ പരിപാടി നടത്തി. ആലോചനകള്‍ നടക്കുമ്പോള്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. മൈ വൈഫ് ഈസ് മൈ ലൈഫ് എന്നായിരുന്നു അത്.
അങ്ങനെ ഓഡിയോ ലോഞ്ചിന് മുമ്പ് തന്നെ ഒരു കോണ്ടസ്റ്റ് അനൗണ്‍സ് ചെയ്തു. മോഹന്‍ലാലിന്റെ പേജില്‍ ടാഗ് ലൈനിന്റെ അതേപേരില്‍ ആയിരുന്നു കോണ്ടസ്റ്റ്. എന്റെ അറിവ് ശരിയാണെങ്കില്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നുകള്‍ മലയാള സിനിമ പ്രൊമോഷന് ആദ്യമായി ഉപയോഗപ്പെടുത്തിയത് അന്നായിരിക്കും. സാധാരണക്കാര്‍ക്കും മനസിലാകുന്ന തരം ചിന്തകള്‍ ആണ് ഞാന്‍ പ്രൊമോഷനില്‍ ഉപയോഗപ്പെടുത്താറുള്ളത്. എത്ര വലിയ സിനിമയാണെങ്കിലും ആ രീതി പ്രാവര്‍ത്തികമാക്കിയെടുത്താല്‍ വിജയിക്കും എന്നാണ് അനുഭവം,’ ആതിര ദില്‍ജിത്ത് പറഞ്ഞു.
content highlight: p r o athira diljith about munthiri vallikal thalirkkumbol