| Thursday, 3rd October 2024, 1:34 pm

അഭിമുഖത്തിനായി ഒരു പി.ആര്‍. ഏജന്‍സിയെയും സമീപിച്ചിട്ടില്ല, പണം നല്‍കിയിട്ടുമില്ല: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദി ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. താനോ സര്‍ക്കാറോ ഒരു പി.ആര്‍. ഏജന്‍സിയെയും ഒരു കാര്യത്തിന് വേണ്ടിയും സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പി.ആര്‍. ഏജന്‍സിയുടെയും സേവനം ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാറിന്റെ പണം അത്തരം ഏജന്‍സികളില്‍ ആര്‍ക്കെങ്കിലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് പരിചയമുള്ള ആലപ്പുഴയില്‍ നിന്നുള്ള ഒരു സി.പി.ഐ.എം നേതാവിന്റെ മകന്‍ വഴിയാണ് അഭിമുഖത്തിന് സമയം അനുവദിച്ചതെന്നും അദ്ദേഹമാണ് ഹിന്ദുവിന് താനുമായി അഭിമുഖത്തിന് താത്പര്യമുണ്ടെന്ന് പറഞ്ഞത് എന്നും പിണറായി വിജന്‍ പറഞ്ഞു. മുന്‍ ഹരിപ്പാട് എം.എല്‍.എ. ദേവകുമാറിന്റെ മകന്‍ സുബ്രഹ്മണ്യമാണ് മുഖ്യമന്ത്രി പറഞ്ഞ നേതാവിന്റെ മകന്‍.

അഭിമുഖം നടക്കുന്ന സമയത്ത് ദി ഹിന്ദു പ്രതിനിധിക്ക് പുറമെ സുബ്രഹ്മണ്യവും അവിടെയുണ്ടായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അഭിമുഖം നടന്നുകൊണ്ടിരിക്കുമ്പോള്‍ മൂന്നാമതൊരാള്‍ കൂടി അവിടേക്ക് വന്നെന്നും മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്. എന്നാല്‍ ആ വ്യക്തി ദി ഹിന്ദുവിന്റെ തന്നെ പ്രതിനിധിയാണെന്നാണ് താന്‍ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പറയാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ ക്ഷമാപണം നടത്തിയ ഹിന്ദുവിന്റെ മാതൃകയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചു വന്നതിന് പിന്നിലുള്ള ഗൂഢാലോചയെ കുറിച്ച് അന്വേഷണം നടത്തേണ്ടതില്ലേ എന്ന ചോദ്യത്തിന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മലപ്പുറത്തെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള ഒരു പരാമര്‍ശവും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

അതേസമയം പി.വി. അന്‍വറിന്റെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളുന്നു എന്ന മുന്‍ നിലപാട് തന്നെയാണ് അനവറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. അന്‍വറിന്റെ ആരോപണങ്ങളില്‍ പറയുന്നത് പോലെ മലപ്പുറത്ത് അല്ല ഏറ്റവും കൂടുതല്‍ കേസുകളുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണക്കുകള്‍ പ്രകാരവും ജനസംഖ്യാനുപാതം വെച്ചുനോക്കുമ്പോഴും മലപ്പുറത്തല്ല ഏറ്റവും കൂടുതല്‍ കേസുകളുള്ളതെന്നും കണക്കുകള്‍ പിന്നീട് വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights:  P. R. Agency not approached For interview, No money has been paid; Pinarayi vijayan about the interview in The Hindu

Latest Stories

We use cookies to give you the best possible experience. Learn more