| Sunday, 24th January 2021, 2:09 pm

ജനുവരിയിലെ തണുത്ത വെളുപ്പാന്‍ കാലത്ത് വന്ന ഫോണ്‍കോള്‍; കേട്ടത് സത്യമാകരുതെന്നേ മനസിലുണ്ടായിരുന്നുള്ളു; പത്മരാജന്റെ ഓര്‍മകളില്‍ മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനായ പി. പത്മരാജന്‍ മണ്‍മറഞ്ഞിട്ട് ഇന്ന് 30 വര്‍ഷം തികയുകയാണ്. മലയാള സിനിമയ്ക്ക് തീരാനഷ്ടമെന്ന് വിലയിരുത്തുന്ന പത്മരാജന്റെ മരണം തന്നെ വല്ലാതെ ഉലച്ചു കളഞ്ഞെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന നടന്‍ മോഹന്‍ലാല്‍ പറഞ്ഞത്.

നേരത്തെ മാതൃഭൂമിയ്ക്ക് നല്‍കിയ ഓര്‍മക്കുറിപ്പില്‍ പത്മരാജന്റെ മരണ വാര്‍ത്ത കേട്ട സന്ദര്‍ഭത്തെ ഓര്‍ത്തെടുക്കുകയായിരുന്നു അദ്ദേഹം.

1991ല്‍ കോഴിക്കോട് ഭരതം എന്ന സിനിമയുടെ ഷൂട്ടിംഗിന് എത്തിയ സമയത്താണ് പപ്പേട്ടന്‍ പോയി എന്ന് നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ വിളിച്ച് പറയുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഇളം തണുപ്പുണ്ടായിട്ടും താന്‍ നിന്നു വിയര്‍ത്തു. കണ്ണില്‍ നിറയെ ഇരുട്ടായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.

‘അന്നുഞാന്‍ ‘ഭരതം’ എന്ന സിനിമയുടെ ചിത്രീകരണവുമായി കോഴിക്കോട്ടുണ്ട്. ഒരുദിവസം അതിരാവിലെ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ വിളിക്കുന്നു. ഒറ്റ വാചകമേ പറഞ്ഞുള്ളൂ: ”പപ്പേട്ടന്‍ പോയി”. ഞങ്ങള്‍ക്കിടയില്‍ ഒരു പപ്പേട്ടനേ ഉണ്ടായിരുന്നുള്ളൂ: പത്മരാജന്‍. ഇളം തണുപ്പുണ്ടായിരുന്നിട്ടും, അതിരാവിലെയായിരുന്നിട്ടും, ഞാന്‍ നിന്നുവിയര്‍ത്തു. കണ്ണില്‍നിറയെ ഇരുട്ട്. കാതില്‍ പപ്പേട്ടന്റെ മുഴങ്ങുന്ന ശബ്ദം.

കേട്ടവാര്‍ത്ത ശരിയാവരുതേ എന്ന് വിതുമ്പലോടെ ഉള്ളില്‍ പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ അദ്ദേഹം പാര്‍ത്തിരുന്ന ഹോട്ടലിലേക്കു പാഞ്ഞു. മുറിയില്‍ച്ചെന്നപ്പോള്‍, നിലത്തുവിരിച്ച കാര്‍പ്പെറ്റില്‍ കമിഴ്ന്നുകിടക്കുന്നു എന്റെ പപ്പേട്ടന്‍, മലയാളത്തിന്റെ പത്മരാജന്‍. കാര്‍പ്പെറ്റിന്റെ ഒരുഭാഗം ഉള്ളം കൈകൊണ്ട് ചുരുട്ടിപ്പിടിച്ചിട്ടുണ്ട്,’ മോഹന്‍ലാല്‍ പറയുന്നു.

ആ കിടപ്പു കണ്ട് തനിക്ക് സഹിച്ചില്ലെന്നും മുഖം പൊത്തി നിന്ന് ആ മുറിയില്‍ നില്‍ക്കുമ്പോള്‍ തങ്ങള്‍ ഒരുമിച്ചുള്ള എത്രയോ നല്ല നിമിഷങ്ങള്‍ ദീര്‍ഘമായ ഒരു സിനിമപോലെ കടന്ന് പോയെന്നും അദ്ദേഹം പറഞ്ഞു.

‘എത്രയെത്ര സിനിമകള്‍… ഒന്നിച്ചിരുന്ന്, ഒന്നിച്ചു ഭക്ഷണംകഴിച്ച്, ഒന്നിച്ചുറങ്ങിയ പകലുകള്‍, രാത്രികള്‍. ഒറ്റയടിക്ക് അതെല്ലാം അസ്തമിച്ചിരിക്കുന്നു,
ഒരു പ്രഭാതത്തില്‍. എന്റെയുള്ളില്‍നിറഞ്ഞ ആ ചിത്രങ്ങളിലേക്ക് കരച്ചില്‍ മഴപോലെ വീണുകൊണ്ടിരുന്നു. ആരൊക്കെയോ ചുറ്റിലുംനില്‍ക്കുന്നു, എന്തൊക്കെയോ അടക്കംപറയുന്നു. അതിന്റെ നടുവില്‍ ഉണരാതെ എന്റെ പപ്പേട്ടന്‍ കമിഴ്ന്നു കിടക്കുന്നു,’ മോഹന്‍ലാല്‍ എഴുതി.

1991ല്‍ ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോടെത്തിയ പത്മരാജനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുമ്പോള്‍ 46 വയസ്സുമാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. ഉറക്കത്തില്‍ ഉണ്ടായ ഹൃദയ സ്തംഭനം മൂലമാണ് അദ്ദേഹം മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Padmarajan Memories by Actor Mohanlal

We use cookies to give you the best possible experience. Learn more