ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും എതിരില്ലാതെ ജയം. പി.പി. സുനീറും ജോസ് കെ. മാണിയും ഹാരിസ് ബീരാനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി രാജ്യസഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി.
രാജ്യസഭയിലേക്ക് സി.പി.ഐയില്‍ നിന്ന് പി.പി. സുനീറും, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് ജോസ് കെ. മാണിയും യു.ഡി.എഫില്‍ നിന്ന് മുസ്‌ലിം ലീഗിന്റെ ഹാരിസ് ബീരാനുമാണ് കേരളത്തില്‍ നിന്ന് മത്സരിച്ചത്.
നാമനിര്‍ദേശ പത്രിക പിനാവലിക്കാനുള്ള സമയപരിധി ഇന്ന് മൂന്ന് മണിക്കാണ് അവസാനിച്ചത്. ഇക്കാലയളവില്‍ മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനാലാണ് മൂവരും എതിരില്ലാതെ വിജയിച്ചത്. കേരളത്തില്‍ നിന്ന് ഒമ്പത് എം.പിമാരാണ് രാജ്യസഭയിലുള്ളത്.
രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ യു.ഡി.എഫ് മുന്നണിയില്‍ നിരവധി തര്‍ക്കങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ രാജ്യസഭാ സീറ്റ് യൂത്ത് ലീഗിന് നല്‍കുമെന്നായിരുന്നു നേതൃത്വത്തിന്റെ ആദ്യ തീരുമാനം. എന്നാല്‍ ഇതിനുപിന്നാലെയാണ് രാജ്യസഭാ സീറ്റ് ഹാരിസ് ബീരാന് നൽകാൻ സാദിഖലി ശിഹാബ് തങ്ങള്‍ തീരുമാനിച്ചത്.
ഈ തീരുമാനത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. സജീവ രാഷ്ട്രീയത്തില്‍ മുഖം കാണിക്കാത്ത ഒരു വ്യക്തിയെ പരിഗണിക്കുന്നതിലാണ് ലീഗ് നേതാക്കള്‍ വിയോജിപ്പ് അറിയിച്ചത്. തീരുമാനത്തില്‍ യൂത്ത് ലീഗും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
സമാന സാഹചര്യം എൽ.ഡി.എഫും നേരിട്ടിരുന്നു. വലിയ വാദങ്ങൾക്കൊടുവിലാണ് ഇടതുമുന്നണി ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത്.
ജോസ് കെ. മാണിയുടെ പിടിവാശിയെ പരിഹസിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്തെത്തിയിരുന്നു. ജോസ് കെ. മാണി യു.ഡി.എഫിലേക്ക് തിരിച്ചുവരണമെന്നായിരുന്നു വീക്ഷണം ആവശ്യപ്പെട്ടത്. എൽ.ഡി.എഫും കേരള കോൺഗ്രസ് മാണി വിഭാഗവും തമ്മിലുള്ള പിടിവലിയെ വീക്ഷണം രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
Content Highlight: P.P. Sunir and Jose K. Mani and Harris Biran to Rajya Sabha unopposed