Kerala News
പി.പി. സുനീറും ജോസ് കെ. മാണിയും എല്‍.ഡി.എഫിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 10, 01:11 pm
Monday, 10th June 2024, 6:41 pm

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. സി.പി.ഐയില്‍ നിന്ന് പി.പി. സുനീറും, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്ന് ജോസ് കെ. മാണിയും സ്ഥാനാര്‍ത്ഥികളാകും.

ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസിനും സി.പി.ഐക്കുമാണെന്ന് തീരുമാനമായിരുന്നു. പിന്നാലെയാണ് ഇരു പാര്‍ട്ടികളും യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിരിക്കുന്നത്. 2019ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചയാളാണ് പി.പി. സുനീര്‍. സി.പി.ഐയുടെ അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ പി.പി. സുനീര്‍. ജോസ് കെ.മാണി നേരത്തെയും രാജ്യസഭ എം.പിയായിരുന്നു.

മുന്നണിയിലെ തര്‍ക്കത്തെ തുടര്‍ന്ന് തങ്ങളുടെ സീറ്റ് വിട്ടുനല്‍കിയാണ് സി.പി.ഐ.എം പ്രശ്‌നം പരിഹരിച്ചത്. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് സീറ്റ് വീട്ടുനല്‍കാന്‍ സി.പി.ഐ.എം തീരുമാനിച്ചത്. മുന്നണിയുടെ കെട്ടുറപ്പ് നിലനിര്‍ത്താന്‍ വേണ്ടിയാണ് സി.പി.ഐ.എം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മുന്നണി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു.

അതേസമയം സീറ്റ് ലഭിക്കാത്തതില്‍ മുന്നണി യോഗത്തില്‍ ആര്‍.ജെ.ഡി പ്രതിഷേധം അറിയിച്ചതായായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍.ജെ.ഡിയും രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിരുന്നു.

മുന്നണി യോഗത്തിന് മുമ്പ് തന്നെ സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം), എന്‍.സി.പി, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നെങ്കിലും എല്ലാ പാര്‍ട്ടികളും സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ശേഷമാണ് സഭയില്‍ കൂടുതല്‍ എം.എല്‍.എമാരുള്ള മുന്നണിയിലെ ആദ്യ രണ്ട് പാര്‍ട്ടികളെന്ന നിലയില്‍ സി.പി.ഐക്കും കേരള കോണ്‍ഗ്രസിനും സീറ്റുകള്‍ നല്‍കാന്‍ തീരുമാനമായത്.

content highlights: P.P. Suneer and Jose K. Mani are LDF’s Rajya Sabha candidates