സംസ്ഥാന അവാര്‍ഡ് കിട്ടുന്നതിന് മൂന്നുദിവസം മുമ്പ് തന്നെ അദ്ദേഹം 'അഭിനന്ദനങ്ങള്‍' എന്ന് മെസേജയച്ചു: കുഞ്ഞിക്കൃഷ്ണന്‍
‘ന്നാ താന്‍ കേസ് കൊട്’ എന്ന തന്റെ ആദ്യ സിനിമയിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം സ്വന്തമാക്കിയ നടനാണ് പി.പി. കുഞ്ഞിക്കൃഷ്ണന്‍. സിനിമയില്‍ മജിസ്ട്രേറ്റിന്റെ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നതിന് മൂന്നുദിവസം മുന്‍പ് ഒരു സഹപാഠി തന്റെ ഫോട്ടോ വെച്ച് പോസ്റ്ററുണ്ടാക്കി അഭിനന്ദിച്ച് മെസേജയച്ച സംഭവത്തെ പറ്റി പറയുകയാണ് കുഞ്ഞിക്കൃഷ്ണന്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈക്കാര്യം താരം പങ്കുവെച്ചത്.
‘എന്റെ സഹപാഠിയായ പി.കെ. ബാബു എന്നൊരാളുണ്ട്. സംസ്ഥാനപുരസ്‌ക്കാരം പ്രഖ്യാപിക്കുന്നതിന് മൂന്നുദിവസം മുന്‍പ് ബാബു എന്റെ ഫോട്ടോ വെച്ച് ‘സംസ്ഥാനപുരസ്‌ക്കാര ജേതാവിന് അഭിനന്ദനങ്ങള്‍’ എന്ന് പറഞ്ഞൊരു പോസ്റ്ററുണ്ടാക്കി എനിക്ക് വാട്‌സ് ആപ്പ് ചെയ്തിരുന്നു. അദ്ദേഹം ഒരു കൗതുകത്തിന് ചെയ്തതായിരുന്നു അത്.
‘ന്നാ താന്‍ കേസ് കൊടി’ന്റെ വിജയത്തിനു ശേഷം ഒരുപാട് അവാര്‍ഡുകള്‍ എന്നെ തേടിയെത്തി. സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. നൂറ്റിയന്‍പതിലേറെ മികച്ച സിനിമകളും അഭിനേതാക്കളും മത്സരത്തിനുണ്ടായിരുന്നു. അവരുടെ ഇടയില്‍ നവാഗതനായ എനിക്ക് അവാര്‍ഡ് കിട്ടുമെന്ന് എങ്ങനെ പ്രതീക്ഷിക്കാന്‍,’ കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
തന്റെ നാട്ടിലെ ‘നാട്ടുക്കൂട്ടം’ എന്ന വാട്സ് ആപ്പ് കൂട്ടായ്മയെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. ”നാട്ടുക്കൂട്ടം’ വാട്സ് ആപ്പ് കൂട്ടായ്മ എനിക്ക് വയലാര്‍ ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചപ്പോള്‍ ഒരു ബോര്‍ഡ് വെയ്ക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ ആ ഗ്രൂപ്പിലെ ചിലര്‍ രണ്ടു ദിവസം കൂടെ കാത്തിരിക്കാമെന്നും വലിയൊരു വാര്‍ത്ത വന്നാലോയെന്നും പറഞ്ഞു കാത്തിരുന്നു. അവരുടെയൊക്കെ പ്രതീക്ഷപോലെ തന്നെ എനിക്ക് സംസ്ഥാനപുരസ്‌ക്കാരം ലഭിച്ചു,’ കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
Content Highlight: P.P. Kunjikrishnan talks about kerala state film awards