ഏതാണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിനടുത്തുള്ള തെരുവ് ചായക്കടയില്‍ ഞാനും രത്നാകരനും (മാങ്ങാട്) കൂടിയ സമയത്ത് ഞങ്ങളുടെ കൂടെ നിക്കൊനാര്‍ പാര്‍റ ഉണ്ടായിരുന്നു. മലയാളത്തില്‍ ഒരു പാര്‍റ പുസ്തകം ഇറക്കുന്ന കാര്യം അതിന് മുമ്പേ പലവട്ടം ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പാര്‍റയ്ക്ക് 103 വയസായി. 103 കവിതകളുടെ തര്‍ജ്ജിമ പുസ്തകം. അതിനാവശ്യമായ സാമ്പത്തിക സ്വരൂപണത്തിനെ കുറിച്ച്, പുസ്തകത്തിന്റെ രൂപകല്പനയെ കുറിച്ച്, ഒക്കെ രത്നാകരന് നല്ല ധാരണയുണ്ടായിരുന്നു.. തെരുവിലെ ചായ ചര്‍ച്ചയില്‍ ഞാനത് വലുതാക്കി. പുസ്തകത്തിന്റെ കോപ്പി പാര്‍റയ്ക്ക് നേരിട്ടെത്തിക്കണം. ഇന്ത്യയിലെ ചിലിയന്‍ നയതന്ത്രാലയത്തില്‍ ബന്ധപ്പെടണം. അങ്ങനെയങ്ങനെ..
അമ്പതില്‍ പരം കവിതകളുടെയും, പാര്‍റ, മറ്റൊരു മഹനായ ചിലിയന്‍ കവി, നെരൂദയെ കുറിച്ചെഴുതിയ ലേഖനത്തിന്റേയും തര്‍ജ്ജിമ പൂര്‍ത്തിയായി. കെ.ജി.എസും സച്ചിദാനന്ദനും നേരത്തേ വിവര്‍ത്തനം ചെയ്ത കവിതകള്‍ സമ്പാദിച്ചു. ബാക്കി കവിതകളുടെ തെരഞ്ഞെടുപ്പിനും തര്‍ജ്ജിമയുടെ പൂര്‍ത്തികരണത്തിനുമായി ആളുകളെ നിശ്ചയിച്ചു. ആ പദ്ധതി അവിടെ അല്‍പം വിശ്രമിച്ചു, തിരക്കുകളിലും അമാന്തങ്ങളിലും പെട്ട്.
2018 ജനവരി 23ന് പാര്‍റ പോയെന്ന് ജനവരി 25ന് വെളുപ്പിനെയറിഞ്ഞപ്പോള്‍, ഏത് “പ്രിയപ്പെട്ട വിടവാങ്ങലിലും” പോല്‍ മനസ് അല്പനേരം സ്തംഭിച്ചു. പിന്നെ ഓര്‍മ്മിച്ചു.
നിക്കോനാര്‍ പാര്‍റ മലയാളികള്‍ക്ക് അത്ര അപരിചിതനല്ല.
സ്വാതന്ത്ര്യം
ഒരു പ്രതിമ
മാ
ത്ര
മാ
യ
അമേരിക്ക
എന്ന കവിതയിലൂടെ, യുവകവിതളോട് പറയുന്ന “”തോന്നും പടിയെഴുതുക”” എന്ന ആഹ്വാനത്തിലൂടെയൊക്കെ പാര്‍റ ഇടയ്ക്കിടെ മലയാളത്തില്‍ തലനീട്ടാറുണ്ടായിരുന്നു. എന്നാല്‍ പാര്‍റ ഏതാണ്ട് മൂവായിരം വര്‍ഷം പഴക്കമുള്ള കവിതയുടെ പാരമ്പര്യത്തില്‍ എന്താണ് ഇടിമുഴക്കിയത് എന്ന് അത്രമേല്‍ മലയാളം അറിഞ്ഞിട്ടില്ല.
അകവിത/പ്രതികവിത എന്നാണ് പാര്‍റ തന്റെ കവിതയുടെ വിശേഷിപ്പിച്ചത്. പാരമ്പര്യകവിതയുടെ ഭാവഗീതസ്വഭാവത്തെ തകര്‍ക്കുന്നതാണ് അകവിത/പ്രതികവിത. ഫെര്‍ണാണ്ടൊ അലഗ്രിയേയെപ്പോലുള്ള ചിലിയന്‍ വിമര്‍ശകര്‍ മൂന്ന് ഘടകങ്ങളെ ആശ്രയിച്ചു നില്‍ക്കുന്നതാണ് അകവിത/പ്രതികവിത എന്ന് വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്. 1. അത് ആഖ്യാന പരമാണ്. 2. അത് ഹാസ്യാത്മകമാണ്. 3. അത് ആഢ്യഭാഷയെ തിരസ്‌കരിക്കുന്നു.
“”വിഷയത്തിന് അനുസൃതമായ ഒരു വികാരദ്രവ്യമല്ല ഭാഷ”” എന്ന തിരിച്ചറിവാണ് അകവിതയുടെ/പ്രതികവിതയുടെ അടിസ്ഥാന ഘടകമെന്ന് എഡിത്ത്-ഗ്രോസ്മാന്‍. പാര്‍റ തന്നെയും പല ഘട്ടത്തില്‍ അകവിത/പ്രതികവിത എന്തെന്ന് വിശദീകരിക്കാന്‍ മുതിര്‍ന്നു. “ആന്റി പോയംസി”ന്റെ മുന്‍കുറിപ്പിലും നെരൂദയ്ക്ക് താന്‍ അധ്യാപകനായ സര്‍വ്വകലാശാലയില്‍ സ്വീകരണം നടങ്ങുന്ന ചടങ്ങില്‍ നടത്തിയ, പില്‍ക്കാലത്ത് പ്രശസ്തമായ, പ്രഭാഷണത്തിലും ആ ശ്രമങ്ങള്‍ കാണാം. അകവിത/പ്രതികവിത എന്നത് ഒരു കണ്ടുപിടുത്തമല്ലെന്നും അത് സമാന്തരമായ ഒരു ഒഴുക്കാണെന്നും പാര്‍റ പറഞ്ഞു വയ്ക്കുന്നുണ്ട്. പിന്നീട് ചിലര്‍ ഷേക്സ്പിയര്‍ വരെ അകവിത/പ്രതികവിതകളുടെ ഉറവിടം തേടി പോകുന്നുമുണ്ട്. എങ്കിലും അകവിത/പ്രതികവിത എന്തെന്നറിയാന്‍, ഈ എഴുത്തുകളേക്കാള്‍, പാര്‍റയുടെ കവിതകളില്‍ നിന്ന് മനസിലാക്കുന്നത് കൂടുതല്‍ എളുപ്പമായിരിക്കും. ഏതാനും ചിലത് താഴെകൊടുക്കുന്നു.
ഇറാഖ് യുദ്ധം
…………………
എന്റെ വായ് തുറന്ന് തൂങ്ങിയിരിക്കുന്നു.
ഇനി അത് തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന്
ഞാന്‍ സംശയിക്കുന്നു.
പുതിയ സഹസ്രാബ്ദം തുടങ്ങിയപ്പോള്‍ പാര്‍റ എഴുതിയ ഒരു ഒറ്റവരി കവിതയുണ്ട്:
പണ്ടാറമടങ്ങാന്‍, നിര്‍ത്തൂ
——————–
2000 വര്‍ഷങ്ങളുടെ നുണ തന്നെ ധാരാളം.
ചില ചെറിയ കവിതകള്‍ കൂടി
നിങ്ങളുടെ തലയെ പീഡിപ്പിക്കുന്നത് നിര്‍ത്തൂ
———————————–
ആരും ഈയിടെ കവിത വായിക്കാറില്ല.
അത് നല്ലതോ ചീത്തയോ എന്ന് കാര്യമാക്കേണ്ട.
എന്റ ഒഫീലിയ എനിക്ക് മാപ്പുതരാത്ത നാലു കുറവുകള്‍
———————————————–
വയസ്
താഴ്ന്ന ജീവിതം
കമ്മ്യൂണിസ്റ്റ്
ദേശീയ സാഹിത്യപുസ്‌കാരം
എന്റെ കുടുംബം ആദ്യത്തെ മൂന്നിനും നങ്ങള്‍ക്ക് ഒരു പക്ഷേ മാപ്പു തന്നേക്കാം.
പക്ഷേ അവസാനത്തേതിന് ഒരിക്കലുമില്ല.
പേരിടാത്ത / പേരില്ലാത്ത ചില കവിതകള്‍ കാണൂ
****
നിങ്ങള്‍ക്കറിയാമോ കുരിശിന് മുമ്പില്‍
ഞാന്‍ മുട്ടുകുത്തിയതപ്പോള്‍
എന്ത് സംഭവിച്ചുവെന്ന്
ഞാന്‍ അവന്റെ മുറിവില്‍ നോക്കി
എന്നെ നോക്കി അവന്‍ ചിരിച്ചു കണ്ണിറുക്കി
അവന്‍ ഒരിക്കലും ചിരിച്ചിട്ടില്ലായിരുന്നു
എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്
പക്ഷേ ഇപ്പോള്‍ -ഏയ്-
ഞാന്‍ യാഥാര്‍ത്ഥ്യത്തിന് വേണ്ടി വിശ്വസിക്കുന്നു
***
മതത്തിന് വേണ്ടി കായികരംഗം ഞാന്‍ വിട്ടു
എല്ലാ ഞായറാഴ്ചയും കുര്‍ബാന കൂടാന്‍ പോയി
കലയ്ക്ക് വേണ്ടി ഞാന്‍ മതം വിട്ടു
ഗണിതശാസ്ത്രത്തിന് വേണ്ടി കലയും.
അവസാന വെളിച്ചം തലയ്ക്കടിക്കും വരെ.
ഇപ്പോള്‍ ഞാന്‍ വെറുതെ കടന്നു പോകുന്നു.
ആകെത്തുകയിലോ ഘടകങ്ങളിലോ വിശ്വാസമര്‍പ്പിക്കാതെ.
മലയാളത്തില്‍ കവിത പുതുക്കാന്‍ ശ്രമിക്കുമ്പോള്‍ “”പോലെ””യില്‍ നിന്ന് രക്ഷപ്പെടാനാണ് ഏറ്റവും ഉഷ്ണിക്കേണ്ടിവരുന്നത് എന്നാണ് എന്റെ അനുഭവം. വൃത്തങ്ങളില്‍ നിന്നും യാഥാസ്ഥിതിക ആഖ്യാനങ്ങളില്‍ നിന്നും മലയാളി ഭാവനയെ ആകമാനം കാലഭേദങ്ങള്‍ക്കപ്പുറം വ്യാപിച്ച് മൂടിക്കിടക്കുന്ന കാല്പനികതയില്‍ നിന്നുപോലും ശ്രമിച്ചാല്‍ രക്ഷപ്പെടാം. പക്ഷേ “”പോലെ””യില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല. “”പോലെ”” എന്ന പദം യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഭാഷയെ, മിത്തുകള്‍ക്കിരിക്കാനുള്ള വലിയൊരു കൂടാക്കുകയാണ്. പാര്‍റ അയാളുടെ ഭാഷയിലും കാവ്യശാസ്ത്രത്തിലും ചെയ്തത് ഈ കൂടുകള്‍ തകര്‍ത്തു കളയുക എന്നതാണ്. “”പോലെ””യ്ക്കെതിരായ കവിതകളായിരുന്നു അവ. നിരന്തരം ഭാഷയെ നിര്‍മിത്തീകരിച്ചുകൊണ്ടിരിക്കുക. ഇത് ചില്ലറക്കാര്യമായിരുന്നില്ല. പ്രത്യേകിച്ചും പോസ്റ്റ് മോഡേണ്‍ എന്നവകാശപ്പെടുന്ന കവിതയുടേയും ചിന്തയുടേയും കീഴെപ്പോലും കാല്പനികതയുടെ അല പായുന്നത് കാണുമ്പോള്‍.
പാര്‍റ എന്ന നാമം മലയാളത്തില്‍ “പാറ”എന്ന നാമത്തെ ഓര്‍മ്മിപ്പിക്കുന്നത് യാദൃശ്ചികമല്ല. മലയാളത്തില്‍ ഇക്കാലത്ത് പോലും പ്രബലമായ ഒരഴകൊഴമ്പന്‍ കാല്പനികതയുടെ അളവുകോലില്‍ പാര്‍റ ഉറപ്പുള്ള ഒരു പാറതന്നെ.
അതിനാല്‍ നെരൂദയാണ് നമുക്ക് കൂടുതല്‍ പഥ്യമാവുക. ലോകത്തെല്ലായിടത്തും അങ്ങനെ തന്നെ. കാല്പനികാഭിരുചികളില്‍ നിന്ന് വിട്ടുപോകാത്ത നെരൂദയെ “കഴിയുമീ രാവെനിക്കേറ്റവുംം/ദുഖഭരിതമായ വരികള്‍ കുറിക്കുവാന്‍” എന്ന് ഏറ്റിയേറ്റി നടക്കുന്നു. മാച്ചുപിച്ചുവിന്റെ ഉയരങ്ങള്‍ പോലുള്ള ഭൂമി തുരക്കുന്ന കവിതകള്‍ ഉള്‍ക്കൊള്ളുന്ന നെരൂദയുടെ തന്നെ കാന്റോ ജനറലില്‍ അത്ര തൃപ്തിയടയാറുമില്ല. പാര്‍റ അതിനും അപ്പുറത്തായിരുന്നു. എങ്കിലും രഹസ്യപ്രേമത്തിന്റെ പോലെ സുദൃഢമായ ഒരിടത്ത് ലോകത്തെല്ലായിടത്തും പാര്‍റ കവിതകളെ ഏറ്റിവയ്ക്കുന്നവരുണ്ട്.
പാര്‍റയെ വായിക്കുന്ന സമയത്ത് പല കവിതകളിലും ക്ലാരാ സാന്‍ ഡോവല്‍ എന്നൊരു നാമം കണ്ടെത്തുമായിരുന്നു. “ക്ലാര സാന്‍ ഡോവല്‍ ഞങ്ങളോട് പറയുമായിരുന്നു” എന്ന വരി വചന കവിതകളിലെന്ന പോലെ ഒരു ഒപ്പുമുദ്രയായി പാര്‍റ കവിതകളില്‍ പാറിക്കിടന്നു. (കന്നഡത്തിലെ പഴയ വചന കവിതകളില്‍ “ചന്ന മല്ലികാര്‍ജ്ജുന” എന്നാണെങ്കില്‍ കര്‍ത്താവ് അക്കാമഹാദേവി തന്നെ. “കൂടല സംഗമദേവ” എന്നാണെങ്കില്‍ ബസവണ്ണ. ഇങ്ങിനെ ഒരോ വചനകവിക്കും ഒപ്പു മുദ്രാവരികള്‍ സ്വന്തം.)
“ന ” യുടെ നോട്ടത്തില്‍ “ഹ” എന്ന കവിതയില്‍ “ക്രിയയ്ക്ക് മായയുടെ മൂടുപടം വേണം./ക്ലാര സാന്‍ ഡോവല്‍ ഞങ്ങളോട് പറയുമായിരുന്നു” എന്നും മറ്റൊരു കവിതയില്‍ “”ഒരു പ്രസിഡന്റിന്റെ പ്രതിമയും രക്ഷപ്പെടില്ല/ ഉന്നം തെറ്റാത്ത പ്രാവുകളില്‍ നിന്ന്/ ക്ലാര സാന്‍ഡോവല്‍ ഞങ്ങളോട് പറയുമായിരുന്നു/ ആ പ്രാവുകള്‍ക്ക് കൃത്യമായറിയാം അവ എന്താണ് ചെയ്യുന്നതെന്ന്””. മറ്റൊരിടത്ത് “”ഭൂമി നമ്മുടേതെന്ന് വിശ്വസിക്കുമ്പോള്‍/ ആ സന്ദര്‍ഭത്തിന്റെ വസ്തുത/ നാം ഭൂമിയുടേത് ആണെന്നാണ്/ ക്ലാര സാന്‍ഡോവല്‍ ഞങ്ങളോട് പറയുമായിരുന്നു.”” എന്നും വായിച്ചപ്പോള്‍ ക്ലാര സാന്‍ ഡോവല്‍ എന്ന വ്യക്തി ഒര്‍ട്ടാഗ വൈ ഗാസറ്റിനെ പോലെ സ്പാനിഷ് എഴുത്തുകാരെ സ്വാധീനിച്ച ചിന്തകരില്‍ ഒരാളെന്ന് തെറ്റിദ്ധരിച്ചിരുന്നു. വളരെ കഴിഞ്ഞാണ് “ക്ലാര സാന്‍ഡോവല്‍” എന്ന പേരുള്ള കവിത വായിക്കുന്നത്. അന്നേരമാണ് അറിഞ്ഞത്, മറ്റാരുമല്ല, പാര്‍റയുടെ അമ്മയാണ് ക്ലാരസെന്‍ഡോവലെന്ന്. പാര്‍റയുടെ ബൊഹീമിയനായ അച്ഛന് വീട്ടുകാര്യങ്ങളില്‍ അശേഷം ശ്രദ്ധയുണ്ടായിരുന്നില്ല. അധികകാലം ജീവിക്കും മുമ്പേ മരിക്കുകയും ചെയ്തു. ആ കുടംബത്തെ മുഴുവന്‍ പോറ്റിയത്. ക്ലാര സാന്‍ഡോവല്‍ ആയിരുന്നു.
പാര്‍റ എഴുതുന്നു.
“സഹനം എത്രയാണോ
അത്രയും കാരണങ്ങള്‍
മൂക്കില്‍ ആട്ടുകല്ല് വയ്ക്കാന്‍ അവള്‍ക്കുണ്ട്.
അതിനാല്‍ ടിറ്റോയ്ക്ക് പള്ളിക്കൂടത്തില്‍
പോകാന്‍ പറ്റി.
അതിനാല്‍ വയലറ്റ മരിച്ചില്ല.
മാത്രമല്ല ഈ യുവതിയായ, സുന്ദരിയായ വിധവ
ചരിത്രത്തില്‍ ആണ്ടിറങ്ങും .
ചിലിയിലെ ഏറ്റവും ദൗര്‍ഭാഗ്യവതിയായ
അമ്മയായിട്ടും
കരയാന്‍ സമയം ബാക്കിയുണ്ടായതിനാല്‍
എന്നിട്ടും
അവള്‍ക്ക്
പ്രാര്‍ത്ഥിക്കാനും സമയം ഉണ്ടായിരുന്നു””
ഇതില്‍ പറയുന്ന ടിറ്റോയും വയലറ്റയും നിക്കോനോര്‍ പാര്‍റയുടെ സഹോദരങ്ങളാണെന്ന് വ്യക്തമാണല്ലോ. അതില്‍ വയലറ്റ പിന്നീട് ലോകം അറിഞ്ഞ പാട്ടുകാരിയായി. ആത്മഹത്യയിലൂടെ ലോകം വെടിഞ്ഞു. വയലറ്റ എഴുതിയ “നിക്കനോര്‍ പാര്‍റയ്ക്ക്” എന്ന കവിതയും പ്രസിദ്ധം.
ചിലിയിലേയും ലാറ്റിനമേരിക്കയിലേയും പിന്‍ തലമുറ ഒരു പക്ഷേ നെരൂദയേക്കാള്‍ പാര്‍റയെ ഉള്‍ക്കൊണ്ടു. ഒരു ഇടിമിന്നല്‍ പോലെ വന്നു മാഞ്ഞ സാക്ഷാല്‍ റോബര്‍ട്ടോ ബൊലാനോ പാര്‍റയെ അത്യന്തികം ബഹുമാനിച്ചിരുന്നു. ഒക്ടോവിയ പാസിനെ പോലുള്ള ധിഷണാശാലിയായ കവിയെ പോലും, കാര്‍ലോസ് ഫുവന്തെിസിനെ പോലുള്ള ലോകമെങ്ങും വായിക്കപ്പെട്ട നോവലിസ്റ്റിനെ പോലും വെറുതേ വിടാത്ത കാര്‍ക്കശ്യമുള്ള വിമര്‍ശനത്തിന്റെ ഉടമയായിരുന്നു ബൊലാനോ. ആ ബൊലാനോ, പാര്‍റയെ കുറിച്ച് ഒന്നിലധികം തവണ ആദരവോടെ എഴുതിയത് വായിക്കാന്‍ ഇടയായിട്ടുണ്ട്. പാര്‍റയെ സന്ദര്‍ശിച്ചതിനെ കുറിച്ച് എഴുതിയ കുറിപ്പടക്കം. നിരവധി അഭിമുഖങ്ങളില്‍ ബൊലാനോ പാര്‍റയെ പരാമര്‍ശിച്ചു കണ്ടിട്ടുണ്ട്. ഒന്നിലധികം തവണ ഒരു പാര്‍റ കവിത ബൊലാനോ ഉദ്ധരിച്ചു കണ്ടിട്ടുണ്ട്.
“”ചിലിയുടെ നാലു മഹാകവികള്‍/ മുന്ന് പേരാണ്/ അലോണ്‍സോ ഡി എര്‍സിലയും/ റൂബന്‍ ദാരിയോവും””
പാര്‍റ ഒരു ഭൗതിക ശാസ്ത്ര, ഗണിത ശാസ്ത്ര അധ്യാപകനായത് കൊണ്ട് നാലു മഹാകവികളുടെ പേര് പറയുമ്പോഴേയ്ക്കും രണ്ടായി ചുരുങ്ങുന്നതിന്റെ സൗന്ദര്യരഹസ്യം നമുക്ക് എങ്ങനെ വേണമെങ്കിലും മനസിലാക്കാം. പക്ഷേ പേര് പറയാതെ വിട്ടുപോയവര്‍ നെരൂദയും പാര്‍റ തന്നെയുമാണ്, എന്ന് മനസിലാക്കുന്ന വായനക്കാരന്റെ അതിശയം അത്ര പെട്ടെന്ന് വിട്ടുപോകില്ല. 16-ാം നൂറ്റാണ്ടിലെ കവിയായിരുന്നു അലോണ്‍സോ ഡി എര്‍സില. . റൂബന്‍ ഡാരിയോ ആകട്ടെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മരിച്ചു പോയ ഒരു നിക്കാരഗ്വന്‍ കവിയും. ചിലിയില്‍ കുറച്ചു കാലം താമസിച്ചിരുന്ന കാലത്താണ് അദ്ദേഹം പ്രസിദ്ധങ്ങളായ കവിതകള്‍ രചിച്ചത്. പില്‍ക്കാല തലമുറയെ വലുതായി സ്വാധീനിച്ചു അദ്ദേഹം. സാക്ഷാല്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍കേസ് “ഓട്ടം ഓഫ് ദി പാട്രിയാര്‍ക്ക്” എഴുതിയ ശേഷം ഒരഭിമുഖത്തില്‍ പറഞ്ഞു- “ഈ നോവലില്‍ ഞാന്‍ റൂബന്‍ ദാരിയോയുടെ ഭാഷയാണ് ഉപയോഗിച്ചത്”
പ്രസിദ്ധ ചിലിയന്‍ സംവിധായകന്‍ അലജാണ്ഡ്രോ ജോറഡോവ്സ്‌കിയുടെ “എന്‍ഡ്ലെസ് പോയട്രി”യില്‍ നിക്കാനോര്‍ പാര്‍റയുണ്ട് ..ചിലിയുടെ ആധുനിക കാവ്യചരിത്രം കൂടിയാണ് ഒരിക്കല്‍ കണ്ടാല്‍ ദുസ്വപ്നം പോലെ ചുറ്റിപ്പിണയുന്ന ആ സിനിമ. മറ്റൊരു ചിലിയന്‍ കവി എന്‍ റിക് ലിന്നും ജോറഡോവ്കിയും തമ്മിലുള്ള സൗഹൃദത്തിന്റെ അതിവിചിത്രമായ കഥയാണ് “എന്‍ഡ്ലെസ് പോയട്രി”യെങ്കിലും അതിന്റെ ശില്പവിന്യാസത്തിലും ആഖ്യാനത്തിലും നിറയെ പാര്‍റാ വേരുകള്‍.
പാര്‍റ നമ്മെ പഠിപ്പിച്ചത് മഹത്തായ കാര്യങ്ങളെ കുറിച്ചാണ്. പക്ഷേ ആ മഹത്വമിരിക്കുന്നത്, ഇരിയ്ക്കേണ്ടത് വിദൂരങ്ങളില്‍ അല്ല എന്ന് അദ്ദേഹം കാണിച്ചു തന്നു. ഇരുപതാം നൂറ്റാണ്ട് നമുക്ക് തന്നെ വിമോചനസ്വപ്നങ്ങളില്‍ പലതും ,വിപ്ലവം ഉള്‍പ്പെടെ , മിത്തുകളായിരുന്നു എന്ന് വെറുതെ പറയുകയല്ല പാര്‍റ ചെയ്തത്. ഒരു ആര്‍ക്കിടെക്റ്റിനെ പോലെ സ്‌കെയിലും മട്ടവും വെച്ച് അവയിലേയ്ക്കുള്ള ദൂരം വരയ്ക്കുകയായിരുന്നു. ഗണിതം പാര്‍റയ്ക്ക് ഒരു ഉപാധിയായിരുന്നു. എന്നാല്‍ വാക്കുകള്‍, വാക്കുകള്‍ തന്നെയായിരുന്നു ആശ്രയം. വാക്കുകള്‍ കൊണ്ട് അയകെട്ടാമെന്നും വാക്കുകള്‍ കൊണ്ട് സൂര്യനിലേയ്ക്കുള്ള ദൂരമളക്കാമെന്നും ഒരേസമയം പാര്‍റ പഠിപ്പിച്ചു. എന്നിട്ട് പിറുപിറുത്തു: “ഞാന്‍ എഴുതുന്നത് ചിരികളും കണ്ണീരുകളുമാണ്.”
2017 വര്‍ഷങ്ങളുടെ നുണകള്‍ തന്നെ ധാരാളം എന്ന് പാര്‍റയെ ഈ നിമിഷത്തിലേയ്ക്ക് സമവത്കരിക്കുമ്പോള്‍ അല്പം കൂടി കൂട്ടിച്ചേര്‍ക്കണം. 2018 ജനുവരി 23 മുതല്‍ ആ നുണകള്‍ക്ക് ഊറ്റം കൂടിയിരിക്കുന്നു.