കോന്നിയിലും വട്ടിയൂര്‍ക്കാവ് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്; പി.മോഹന്‍രാജ് മത്സരിക്കും; തീരുമാനം അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് തള്ളി
KERALA BYPOLL
കോന്നിയിലും വട്ടിയൂര്‍ക്കാവ് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്; പി.മോഹന്‍രാജ് മത്സരിക്കും; തീരുമാനം അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2019, 10:16 pm

കോന്നിയില്‍ അടൂര്‍ പ്രകാശിന്റ എതിര്‍പ്പ് മറികടന്ന് പി.മോഹന്‍രാജിനേയും സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനം. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെ മറികടന്ന് മോഹന്‍കുമാറിനെ തീരുമാനിച്ചതിന് സമാനമായാണ് കോന്നിയില്‍ മോഹന്‍രാജിനെയും തീരുമാനിച്ചത്.

എറണാകുളത്ത് ടി.ജെ വിനോദാണ് സ്ഥാനാര്‍ഥി. എ,ഐ ഗ്രൂപ്പുകള്‍ സീറ്റ് വച്ചുമാറുന്നതിനെ ആശ്രയിച്ചിരിക്കും അരൂരിലെ സ്ഥാനാര്‍ഥി. അന്തിമ പട്ടിക ഉടന്‍ ഹൈക്കമാന്‍ഡിന് കൈമാറുമെന്നാണ് വിവരം.

പ്രമാടം പഞ്ചായത്ത് പ്രസിഡണ്‍് റോബിന്‍ പീറ്ററിനെയായിരുന്നു അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഇത് തള്ളി മുന്‍ ഡി.സി.സി പ്രസിഡന്റ് മോഹന്‍ രാജിനെ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കണമെന്നതില്‍ അടൂര്‍ പ്രകാശ് ഉറച്ചുനില്‍ക്കുകയാണ്. അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയില്‍ തുടരുകയാണ്. റോബിനെ മാറ്റിയതിനെതിരെ കോന്നിയില്‍ പ്രവര്‍ത്തകര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു

ഹിന്ദുഭൂരിപക്ഷ മണ്ഡലത്തില്‍ മോഹന്‍രാജ് മത്സരിക്കുന്നതാവും ഉചിതമാവുമെന്നാണ് കോണ്‍ഗ്രസിന്റെ അനുമാനം. ഡി.സി.സിയുടെയും എന്‍.എസ്.എസിന്റേയും ഈ നിലപാടാണ് ഐ ഗ്രൂപ്പിന്റ മണ്ഡലമായ കോന്നിയില്‍ എ ഗ്രൂപ്പുകാരനായ പി.മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കാരണം.

കോന്നിയില്‍ മോഹന്‍രാജ് സ്ഥാനാര്‍ഥിയായതോടെ എയുടെ കൈവശമുള്ള അരൂര്‍ സീറ്റ് ഐ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഐയ്ക്ക് സീറ്റ് കിട്ടിയാല്‍ ഷാനിമോള്‍ ഉസ്മാനെ മല്‍സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.