| Wednesday, 20th November 2019, 10:13 am

'ഇസ്‌ലാമിക തീവ്രവാദം എന്നാല്‍ എന്‍.ഡി.എഫും പോപുലര്‍ ഫ്രണ്ടും'; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പി. മോഹനന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രസംഘടനകളാണെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്‌ലാമിക തീവ്രവാദം എന്ന പ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത് എന്‍.ഡി.എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

‘പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടയില്‍ ഞാന്‍ വിമര്‍ശനത്തിന് വിധേയമാക്കിയത് തീവ്രവാദ സംഘടനകളെയാണ്. മുസ്‌ലിം തീവ്രവാദ സംഘടനയെന്ന് പറഞ്ഞാല്‍ എന്‍.ഡി.എഫും പോപ്പുലര്‍ ഫ്രണ്ടുമാണെന്ന് ആര്‍ക്കാണ് അറിയില്ലാത്തത്?. ഞങ്ങളെപ്പോഴും അവരെയാണ് തീവ്രവാദ സംഘടനകളെന്ന പേരില്‍ കാണുന്നത്. അവരെയാണ് ഞാന്‍ ഉദ്ദേശിച്ചത്. അതെങ്ങനെയാണ് മറ്റ് വ്യാഖ്യാനങ്ങളിലേക്ക് പോവുന്നത്?’

‘മുസ്‌ലിം സമുദായത്തില്‍ ഭൂരിപക്ഷം വരുന്ന ജനപിന്തുണയുള്ള സാമുദായിക സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്. തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് അവരെല്ലാം സ്വീകരിക്കാറുള്ളത്. ലീഗിനെപ്പോലുള്ളവര്‍ ചിലപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും അതിനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്’.

‘ ഇസ്‌ലാമിക തീവ്രവാദം എന്നത് എല്ലാവരും ഉപയോഗിക്കുന്ന വാക്കാണ്. ആ പ്രയോഗംകൊണ്ട് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഐ.എസിനെയാണ് ഉദ്ദേശിക്കാറുള്ളത്. ഇവിടെ അത് എന്‍.ഡി.എഫും പോപ്പുലര്‍ ഫ്രണ്ടുമാണ്. ഇതാര്‍ക്കാണ് അറിയില്ലാത്തത്?’

‘ഹിന്ദുത്വ തീവ്രവാദം എന്ന് ഉപയോഗിക്കാറുണ്ട്. അത് രാജ്യത്തെ കോടാനുകോടി ഹിന്ദുക്കള്‍ക്കും ബാധകമാണോ? അത് ആര്‍.എസ്.എസിനും മറ്റും മാത്രമാണ് ബാധകമാവുന്നത്. അതുപോലെ ഇസ്‌ലാമിക തീവ്രവാദം എന്നുള്ളതുകൊണ്ട് വളരെ കൃത്യമായി ഉദ്ദേശിക്കുന്നത് എന്‍.
ഡി.എഫിനെയും പോപുലര്‍ ഫ്രണ്ടിനെയുമാണ്. അവരെയാണ് വിമര്‍ശിച്ചത്’.

‘മുമ്പ് പലപ്പോഴും സായുധ കലാപത്തിന്റെ മാര്‍ഗം ഉപയോഗിച്ചിട്ടുള്ള നക്‌സലൈറ്റ് നിലപാട് സ്വീകരിച്ചിരുന്ന പല നേതാക്കളും ഇന്ന് എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും നേതൃ സ്ഥാനത്തുണ്ട് എന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നുണ്ട്. അത് നിര്‍ദോഷമായ സൗഹൃദമാണ് എന്ന് പറയാന്‍ കഴിയുമോ? ഇതാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്’, പി മോഹനന്‍ പറഞ്ഞു.

‘പന്തീരാങ്കാവ് കേസില്‍ ഞങ്ങള്‍ വിമര്‍ശനത്തിന് വിധേയമാക്കിയത് ഈ തീവ്രവാദ സംഘടനകള്‍ ഇതിനോട് മൃദു സമീപമാണ് സ്വീകരിച്ചത് എന്നതാണ്. മുസ്‌ലീം ലീഗ് നേതൃത്വം എന്റെ പ്രസംഗത്തിലെ പരാമര്‍ശം എടുത്ത് ഉപയോഗിക്കുകയാണ്. മാവോയിസ്റ്റുകളുടെ നിലപാട് തന്നെയാണോ മുസ്‌ലിം ലീഗിനുള്ളത്? എങ്കില്‍ അവരത് തുറന്ന് വ്യക്തമാക്കട്ടെ’.

‘എന്‍.ഡി.എഫ് എന്തിനാണ് പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കുന്നത്? എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട് സംഘനടകളെ സംബന്ധിച്ച് മാവോയിസ്റ്റുകളോടുള്ള നിലപാട് തന്നെയാണോ മുസ്‌ലിം ലീഗിനുള്ളത്? അതവര്‍ വ്യക്തമാക്കണം’, പി. മോഹനന്‍ അഭിപ്രായപ്പെട്ടു.

അലനും താഹയ്ക്കും ഈ സംഘടനകളുമായി ബന്ധമുണ്ടെന്ന് യാതൊരു അഭിപ്രായവും ഇല്ല. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മാവോയിസ്റ്റ് സംഘടനയില്‍ ഇവര്‍ ആകൃഷ്ടരായിട്ടുണ്ടോ എന്നത് പരിശോധിച്ച് മാത്രമേ വ്യക്തത വരുത്താന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താമരശ്ശേരിയില്‍ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പി.മോഹനന്റെ വിവാദ പ്രസ്താവന. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്നും പൊലീസ് ഈക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞിരുന്നു. എന്‍.ഡി.എഫുകാര്‍ക്കും മറ്റ് ഇസ്ലാമിക മതമൗലിക ശക്തികള്‍ക്കും എന്തൊരു ആവേശമാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാനെന്നും അദ്ദേഹം ചോദിച്ചു.

ഇസ്ലാമിസ്റ്റ് തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്നത്, അവരാണ് ഇതിനെ കൊണ്ടുനടക്കുന്നത്. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട്. അത് വെറും ചങ്ങാത്തമല്ല. എന്‍.ഡി.എഫുകാര്‍ക്കും അതുപോലെ മറ്റുചില ഇസ്ലാമിക മതമൗലികവാദ ശക്തികള്‍ക്കുമെല്ലാം എന്തൊരു ആവേശമാണ്. പൊലീസ് പരിശോധിക്കേണ്ടത് പൊലീസ് പരിശോധിച്ചു കൊള്ളണമെന്നും പി.മോഹനന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിലടക്കം എല്‍.ഡി.എഫ് സമാനതകളില്ലാത്ത വിജയമാണ് സ്വന്തമാക്കുന്നത്. അതിന് തടയിടാനാണ് ഇപ്പോള്‍ നടക്കുന്ന ശ്രമമെന്നും മോഹനന്‍ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more