കോഴിക്കോട്: സി.പി ഐ.എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന മുസ്ലിം ലീഗിന്റെ തീരുമാനത്തെ പോസിറ്റീവ് ആയി കാണുന്നുവെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍.
സാങ്കേതികമായി പങ്കെടുക്കാന്‍ കഴിയാത്ത പ്രയാസമാണ് ലീഗ് പറഞ്ഞതെന്ന് പി.മോഹനന്‍ ചൂണ്ടിക്കാട്ടി.
‘കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ലീഗിന് പങ്കെടുക്കാന്‍ കഴിയില്ല. ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് അഴകൊഴമ്പന്‍ നിലപാടാണ് ഉള്ളത്,’ പി. മോഹനന്‍ പറഞ്ഞു.
സി.പി.ഐ.എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. റാലിയിലേക്ക് ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും പരിപാടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അവര്‍ നല്ല പരിപാടി നടത്തട്ടെ, നന്ദിയുണ്ട്. യു.ഡി.എഫിലെ ഒരു കക്ഷി എന്ന നിലയില്‍ സാങ്കേതികമായി ഞങ്ങള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. പരിപാടി നടത്തുന്നത് നല്ലതാണ്. ഞങ്ങളത് സ്വാഗതം ചെയ്യുന്നു. ആര് പങ്കെടുത്താലും അതിലും ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ.
അത് തന്നെയാണ് ബഷീര്‍ സാഹിബ് പറഞ്ഞത്. എല്ലാ വിഷയങ്ങളും മുന്നണി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരേണ്ട. ഫലസ്തീന്‍ വിഷയം വേറെയാണ്.
ഫലസ്തീന്‍ വിഷയത്തില്‍ ഞങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ട്. ഇന്ന് ഫലസ്തീനുമായി ബന്ധപ്പെട്ട് ഒരുപക്ഷേ ലോകത്ത് തന്നെ നടന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് കടപ്പുറത്ത് തങ്ങള്‍ ഉദ്ഘാടനം ചെയ്തത്. റാലിക്ക് ശേഷം ഞങ്ങള്‍ സുവ്യക്തമായി പറഞ്ഞതാണ്, ഇത് എല്ലാ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അതീതമായി എല്ലാവരും ഒറ്റക്കെട്ടായി പിന്തുണ നല്‍കേണ്ട വിഷയമാണ് എന്ന്.
അന്നും അതിന് ശേഷമുള്ള പത്രസമ്മേളനത്തിലും അത് ഞങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഫലസ്തീനില്‍ നടക്കുന്ന ക്രൂരതകള്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.
ആ സാഹചര്യത്തിലാണ് ബഷീര്‍ സാഹിബും അഭിപ്രായം പറഞ്ഞത്. ഫലസ്തീന്‍ വിഷയത്തില്‍ ആര് പിന്തുണ കൊടുത്താലും റാലി നടത്തിയാലും നല്ല വാക്ക് പറഞ്ഞാലും അതിനെ സ്വാഗതം ചെയ്യണം എന്ന് ബഷീര്‍ സാഹിബ് പറഞ്ഞതും അതുകൊണ്ടാണ്. ഞങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്തത് ഇതാണ്,’ അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം ക്ഷണിച്ചാല്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ലീഗ് യു.ഡി.എഫിന്റെ കൂടെയാണെന്നും ലീഗ് നിലപാട് പാര്‍ട്ടി തീരുമാനിക്കുമെന്നും ഡോ. എം.കെ. മുനീര്‍ പറഞ്ഞു.
വ്യക്തിപരമായ തീരുമാനമല്ല പ്രധാനമെന്നും ഇ.ടിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല എന്നുമായിരുന്നു മുനീറിന്റെ പ്രതികരണം. അതേസമയം ഇ.ടി. പറഞ്ഞത് പാര്‍ട്ടിക്കുള്ളിലെ പൊതു അഭിപ്രായമാണെന്നായിരുന്നു പി.എം.എ. സലാമിന്റെ നിലപാട്.
Content Highlight: P. Mohanan statement on league