കുറ്റ്യാടിയില്‍ പ്രതിഷേധിച്ചത് പാര്‍ട്ടി സഖാക്കള്‍ തന്നെ: പി. മോഹനന്‍
Kerala Election 2021
കുറ്റ്യാടിയില്‍ പ്രതിഷേധിച്ചത് പാര്‍ട്ടി സഖാക്കള്‍ തന്നെ: പി. മോഹനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th March 2021, 9:12 pm

കോഴിക്കോട്: കുറ്റ്യാടിയില്‍ പരസ്യപ്രതിഷേധത്തിനിറങ്ങിയവര്‍ പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍. കുറ്റ്യാടിയില്‍ പാര്‍ട്ടി മത്സരിക്കണമെന്നാണ് പൊതുവികാരമെന്നും എന്നാല്‍ കാര്യങ്ങള്‍ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധവുമായിട്ടാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയത്. വര്‍ഷങ്ങളായി സി.പി.ഐ.എം മത്സരിച്ചു പോരുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ തീരുമാനിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ ദിവസവും ഇതേചൊല്ലി പ്രവര്‍ത്തകര്‍ നേതാക്കളെ പ്രതിഷേധം അറിയിച്ചിരുന്നു. കോഴിക്കോട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.പി.കുഞ്ഞമ്മദ് മാസ്റ്ററെയാണ് നേരത്തെ സി.പി.ഐ.എം ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചകളുടെ അവസാന ഘട്ടത്തില്‍ ഈ സീറ്റ് ജോസ് വിഭാഗത്തിന് നല്‍കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ തിരുവമ്പാടി സീറ്റാണ് ജോസ് കെ. മാണി വിഭാഗത്തിന് നല്‍കാന്‍ പാര്‍ട്ടി ആലോചിച്ചിരുന്നത്. കുറ്റ്യാടിയിലെ പ്രതിഷേധം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റിയില്‍ യോഗം ചേര്‍ന്നിരുന്നു.

അതേസമയം പൊന്നാനിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ടി.എം സിദ്ദീഖിനെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. പി. നന്ദകുമാര്‍ പൊന്നാനിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പരസ്യമായി ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. പ്രകടനത്തില്‍ സ്ത്രീകളുടേയും സജീവസാന്നിധ്യമുണ്ട്.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മണ്ഡലമാണ് പൊന്നാനി. ജില്ലാ സെക്രട്ടറിയേറ്റ് ശ്രീരാമകൃഷ്ണന്റേയും സിദ്ദീഖിന്റേയും പേരുകളാണ് നല്‍കിയിരുന്നത്. പി.നന്ദകുമാര്‍ സി.ഐ.ടി.യു ദേശീയ നേതാവ് കൂടിയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Mohanan Calicut CPIM Kuttyadi Kerala Election 2021