മധ്യപ്രദേശ് ഗവര്‍ണറുടെ വസതിയിലേക്ക് ബി.ജെ.പി എം.എല്‍.എമാരുടെ പരേഡ്; 106 എം.എല്‍.എ മാര്‍ സത്യവാങ്മൂലം നല്‍കിയതായി ബി.ജെ.പി
India
മധ്യപ്രദേശ് ഗവര്‍ണറുടെ വസതിയിലേക്ക് ബി.ജെ.പി എം.എല്‍.എമാരുടെ പരേഡ്; 106 എം.എല്‍.എ മാര്‍ സത്യവാങ്മൂലം നല്‍കിയതായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th March 2020, 3:09 pm

ഭോപ്പാല്‍: 48 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ ഔദ്യോഗിക വസതിയില്‍ ചെന്ന് കണ്ട് ബി.ജെ.പി എം.എല്‍.എമാര്‍. പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയുടെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടത്. 106 എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് സത്യവാങ്മൂലം നല്‍കിയതായും ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.

എത്രയും പെട്ടെന്ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തിലിരിക്കാന്‍ ഒരു അവകാശവും ഇല്ലെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് കമല്‍നാഥിന് അറിയാം. അതുകൊണ്ട് തന്നെ വിശ്വാസ വോട്ടെടുപ്പിനെ നേരിടാതെ അദ്ദേഹം ഓടിയൊളിക്കുകയാണെന്നും ഈ കാര്യങ്ങളെല്ലാം ഞങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചെന്നും ഞങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

അതേസമയം ഇതിന് പിന്നാല കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും ഗവര്‍ണറെ വസതിയിലെത്തി സന്ദര്‍ശിച്ചു. എന്നാല്‍ രാഷ്ട്രീയകാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചത്.

മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ ശിവരാജ് സിങ് ചൗഹാന്‍ അടക്കം ഒന്‍പത് എം.എല്‍.എമാരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ആവശ്യം.

ബി.ജെ.പി എം.എല്‍.എമാര്‍ നല്‍കിയ ഹരജി നാളെ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ് നിയമസഭ സമ്മേളനം മാര്‍ച്ച് 26വരെ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബി.ജെ.പി എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നിയസഭാ സമ്മേളനം നിര്‍ത്തിവെക്കാനുള്ള സ്പീക്കറുടെ തീരുമാനം കോണ്‍ഗ്രസിന് ആശ്വാസമായിരുന്നു.

ഇന്ന് വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടിന് തയ്യാറാണെന്ന് കമല്‍നാഥ് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സ്പീക്കര്‍ ഇന്നത്തെ സഭാനടപടികളില്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ല. അതിന് ശേഷമാണ് മാര്‍ച്ച് 26വരെ സമ്മേളനം നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

അതേസമയം, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൊവിഡ് നിരക്ഷണത്തിലാണെന്ന് പാര്‍ട്ടി അറിയിച്ചു. ബെംഗളൂരു, ഹരിയാന, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എം.എല്‍.എ.മാര്‍ക്ക് നിര്‍ബന്ധിത പരിശോധന വേണമെന്നും ഈ സാഹചര്യത്തില്‍ വിശ്വാസവോട്ട് മാറ്റണമെന്നുമാണ് കോണ്‍ഗ്രസ് വാദം.

കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ സഭാസമ്മേളനം മാറ്റിവെക്കണമെന്നും കോണ്‍ഗ്രസ് ശുപാര്‍ശചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ