മലപ്പുറം: എം.എസ്.എഫിലെ പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ ഇടപെടലില്‍ നേതാക്കള്‍ക്കിടയില്‍ അമര്‍ഷം രൂക്ഷമാവുന്നു. തങ്ങള്‍ കുടുംബം എം.എസ്.എഫിന്റെ ഭരണഘടന അട്ടിമറിച്ചെന്നാരോപിച്ച് ഒമ്പത് ജില്ലാ ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കി.
സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാണക്കാട് തങ്ങള്‍ കുടുംബം എം.എസ്.എഫിന്റെ ഭരണഘടയ്‌ക്കെതിരായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം.
തങ്ങള്‍ കുടുംബത്തിന്റെ ഇടപെടലിനെതിരെ എം.എസ്.എഫ് ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സ മോള്‍ ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളും രംഗത്തെത്തി.
സ്തുതി പാടുന്നവര്‍ക്കും ഓഛാനിച്ചു നില്‍ക്കുന്നവര്‍ക്കും മാത്രമേ സംഘടനയില്‍ സ്ഥാനുമുള്ളൂ എന്ന മോദി സ്‌റ്റൈല്‍ പ്രഖ്യാപനമാണ് ലീഗിന്റെ തീരുമാനമെന്നും ഹഫ്‌സ മോള്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മലപ്പുറം ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനൊപ്പം നിന്നില്ലെന്നാരോപിച്ച് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ ലീഗ് നേതൃത്വം സ്ഥാനത്ത് നിന്ന് നീക്കിയതിനു പിന്നാലെയാണ് കൂട്ടരാജി.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ച ആളെ കൗണ്‍സില്‍ തള്ളിയതടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ നവാസിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സാദിഖലിയുടെ നിര്‍ദ്ദേശം.
എന്നാല്‍ പി.കെ നവാസ് പ്രവര്‍ത്തന രംഗത്ത് സജീവമല്ലെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ മതിയെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. യൂത്ത് ലീഗിലേക്ക് മാറിയവരെ എം.എസ്.എഫിലേക്ക് വീണ്ടും കൊണ്ടു വരേണ്ടെന്ന് 12 ജില്ലാ കമ്മിറ്റികളും തീരുമാനമെടുത്തു.
തുടര്‍ന്ന് ജില്ലാ കമ്മിറ്റികളും സംസ്ഥാന സഹഭാരവാഹികളും സാദിഖലിയുടെ പാനലിനെ എതിര്‍ക്കുകയും പുതിയ പാനല്‍ രൂപീകരിക്കുകയും ചെയ്തു.
ഭാരവാഹി സ്ഥാനത്തേക്ക് പി.കെ നവാസിനെ അംഗീകരിക്കാത്തതിനാല്‍ തീരുമാനം കൗണ്‍സില്‍ വോട്ടെടുപ്പിന് വിട്ടു. എന്നാല്‍ ഇതിനെ സാദിഖലി എതിര്‍ത്തതോടെ ബഹളുണ്ടായി. റിട്ടേര്‍ണിംഗ് ഓഫീസര്‍ പി.എം സാദിഖലിയെ ലീഗ് ഓഫീസില്‍ തടഞ്ഞു വെച്ചു. തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇടപെട്ട് കൗണ്‍സില്‍ പിരിച്ചു വിട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് മലപ്പുറം ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനൊപ്പം നിന്നില്ലെന്നാരോപിച്ച് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ ലീഗ് നേതൃത്വം സ്ഥാനത്ത് നിന്ന് നീക്കി. എന്നാല്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റിനെ നീക്കാന്‍ എം.എസ്.എഫ് സംസ്ഥാന സമിതിക്കാണ് അധികാരമെന്നും ലീഗ് ജില്ലാ നേതൃത്വത്തിന് അധികാരമില്ലെന്നുമാണ് രാജിവെച്ചവര്‍ ആരോപിക്കുന്നത്. 9 ജില്ലാ ഭാരവാഹികളാണ് രാജിവെച്ചത്.