മലപ്പുറം: എം.എസ്.എഫിലെ പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ ഇടപെടലില്‍ നേതാക്കള്‍ക്കിടയില്‍ അമര്‍ഷം രൂക്ഷമാവുന്നു. തങ്ങള്‍ കുടുംബം എം.എസ്.എഫിന്റെ ഭരണഘടന അട്ടിമറിച്ചെന്നാരോപിച്ച് ഒമ്പത് ജില്ലാ ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കി.
സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാണക്കാട് തങ്ങള്‍ കുടുംബം എം.എസ്.എഫിന്റെ ഭരണഘടയ്‌ക്കെതിരായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം.
തങ്ങള്‍ കുടുംബത്തിന്റെ ഇടപെടലിനെതിരെ എം.എസ്.എഫ് ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സ മോള്‍ ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളും രംഗത്തെത്തി.
സ്തുതി പാടുന്നവര്‍ക്കും ഓഛാനിച്ചു നില്‍ക്കുന്നവര്‍ക്കും മാത്രമേ സംഘടനയില്‍ സ്ഥാനുമുള്ളൂ എന്ന മോദി സ്‌റ്റൈല്‍ പ്രഖ്യാപനമാണ് ലീഗിന്റെ തീരുമാനമെന്നും ഹഫ്‌സ മോള്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മലപ്പുറം ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനൊപ്പം നിന്നില്ലെന്നാരോപിച്ച് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ ലീഗ് നേതൃത്വം സ്ഥാനത്ത് നിന്ന് നീക്കിയതിനു പിന്നാലെയാണ് കൂട്ടരാജി.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ച ആളെ കൗണ്‍സില്‍ തള്ളിയതടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ നവാസിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സാദിഖലിയുടെ നിര്‍ദ്ദേശം.