| Tuesday, 3rd November 2020, 7:49 pm

ബി.ജെ.പി ആരുടേയും തറവാട് സ്വത്തല്ല; വ്യക്തികള്‍ തോന്നുന്നമാതിരി മുന്നോട്ട് പോകുന്നത് അപകടം; സുരേന്ദ്രനെതിരെ തുറന്നടിച്ച് പി.എം വേലായുധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബി.ജെ.പിയില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായുള്ള ഭിന്നത തുറന്ന് പറഞ്ഞ് മുന്‍ ഉപാധ്യക്ഷന്‍ പി.എം വേലായുധന്‍.

സുരേന്ദ്രനില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷയെല്ലാം തച്ചുതകര്‍ത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തതെന്നും വേലായുധന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറിലായിരുന്നു വേലായുധന്റെ പ്രതികരണം.

പല പ്രസ്ഥാനങ്ങളിലും പോയി എല്ലാ ആനുകൂല്യങ്ങളും കൈപറ്റി അതെല്ലാം വലിച്ചെറിഞ്ഞ് ബി.ജെ.പിയിലേക്ക് വരുന്നവരെ സ്വീകരിക്കുമ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരും ഒഴുക്കിയവരെ ചവിട്ടിപുറത്താക്കുന്ന നടപടിയാണുള്ളതെന്നും ഇത് കേരളത്തില്‍ മാത്രമെ കാണുള്ളുവെന്നും വേലായുധന്‍ പറഞ്ഞു.

”എന്നെ പോലുള്ള നിരവധി പേര്‍ ഇന്ന് പാര്‍ട്ടിയില്‍ ദുഃഖിതരാണ്. ഇതെല്ലാം പറയേണ്ട ഒരു ആസ്ഥാനം സംസ്ഥാന അധ്യക്ഷനാണ്. ആ അധ്യക്ഷന്‍ അതിന് തയ്യാറാകാതെ വന്നാല്‍ എന്ത് ചെയ്യും. വേറെ വഴികളൊന്നുമില്ല,” വേലായുധന്‍ പറഞ്ഞു.

നേതൃത്വം ഇടപെട്ട് തെറ്റ് തിരുത്തണമെന്നും പരാതികള്‍ കേട്ട് തെറ്റ് തിരുത്താന്‍ അവര്‍ തയ്യാറാവണമെന്നും വേലായുധന്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്തെ വ്യക്തികളിലാണ് പോരായ്മയെന്നും പാര്‍ട്ടിയുടെ ആശയത്തേയും ആദര്‍ശത്തേയും കാറ്റില്‍ പറത്തിക്കൊണ്ട് ആ വ്യക്തികള്‍ക്ക് തോന്നുന്ന മാതിരി മുന്നോട്ട് പോകുന്നത് അപകടമാണെന്നും വേലായുധന്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാവണമെന്നും വേലായുധന്‍ കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ടാണ് സുരേന്ദ്രന് ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും സുരേന്ദ്രന്‍ പ്രസിഡന്റായപ്പോള്‍ തന്നെയൊക്കെ ചവിട്ടുന്നതിന്റെ മറുപടി സുരേന്ദ്രനാണ് പറയേണ്ടതെന്നും വേലായുധന്‍ പറഞ്ഞു.

അഹങ്കാരവും അഹന്തയും താഴെവെക്കണമെന്നും ബി.ജെ.പി ആരുടേയും തറവാട് സ്വത്തല്ലെന്നും പറഞ്ഞ വേലായുധന്‍ പാര്‍ട്ടിവിടാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മറുപടി പറഞ്ഞത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഓഫറുകളുണ്ടോ എന്ന് പറയാന്‍ പറ്റില്ലെന്നും വേലായുധന്‍ പറഞ്ഞു.

അതേസമയം, ബി.ജെ.പിയിലെ ഭിന്നതകളില്‍ പരസ്യ പ്രസ്താവനയുമായി നേരത്തെ ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പുന:സംഘടനയിലെ അതൃപ്തിയാണ് ശോഭ സുരേന്ദ്രന്‍ പരസ്യമായി പ്രകടിപ്പിച്ചത്.

പാര്‍ട്ടി പുനഃസംഘടനയില്‍ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും എന്നാല്‍ കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

ദേശീയതലത്തില്‍ പ്രവര്‍ത്തിക്കവേയാണ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് പുനഃസംഘടന നടന്നതെന്നും അവര്‍ വ്യക്തമാക്കി.

തനിക്ക് അതൃപ്തി ഉണ്ട് അത് മറച്ചുവക്കാനില്ല. പൊതു പ്രവര്‍ത്തനം തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. അതേസമയം പാര്‍ട്ടി തഴഞ്ഞോ എന്ന ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി. പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ ഇല്ലാതിരുന്നാലും പൊതു പ്രവര്‍ത്തന രംഗത്ത് എപ്പോഴും തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തയ്യാറായില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നില്ലെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നു. എന്നാല്‍ ഇവരെ തഴഞ്ഞാണ് കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.

ഇതിന് പിന്നാലെയാണ് പൊതുപരിപാടികളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ വിട്ട് നിന്നത്. ഇതിന് പിന്നാലെ എ.പി അബ്ദുള്ളകുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതും തര്‍ക്കം രൂക്ഷമാക്കാന്‍ ഇടയായി.

നേരത്തെ ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നു. എന്നാല്‍ ഇതിനെ തഴഞ്ഞാണ കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക എത്തിയത്.

ഇതിന് പിന്നാലെ പുനഃസംഘടന നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കുകയായിരുന്നു.

മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തിന് തിരികെ എത്തിയ ശേഷം പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു പദവിയും നല്‍കിയിരുന്നില്ല. ഗവര്‍ണറായി പോയ ശ്രീധരന്‍പിള്ളയ്ക്ക് പകരം കുമ്മനത്തെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പോലും ശോഭ സുരേന്ദ്രന്റെ സാന്നിധ്യം ഇല്ലാത്തത് നേരത്തെ ചര്‍ച്ചയായിരുന്നു.ശോഭാ സുരേന്ദ്രന്റെ അസാന്നിദ്ധ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ വന്നതോടെ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് ശോഭസുരേന്ദ്രന്‍ തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.

ഏഴുമാസത്തിലേറെയായി ശോഭസുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തതിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: P.M Velaydhan Of BJP against K Surendran

We use cookies to give you the best possible experience. Learn more