കോഴിക്കോട്: മുന്നണി പ്രവേശനത്തെ കുറിച്ചും തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കുറിച്ചും നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് വിട്ട നേതാവ് പി.എം സുരേഷ് ബാബു. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമാണ് പി.എം സുരേഷ് ബാബു.
ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒപ്പമേ ചേരുന്നുള്ളൂയെന്നും അതില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്നും സുരേഷ് ബാബു പറഞ്ഞു. നിലവില്‍ എന്‍.സി.പിയില്‍ ചേരുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും എന്‍.സി.പി നേതൃത്വവും അത്തരത്തിലൊരു സൂചന നല്‍കിയിട്ടില്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും സുരേഷ് ബാബു പറഞ്ഞു.
അതേസമയം കോണ്‍ഗ്രസില്‍ രാജിവെച്ച് എന്‍.സി.പിയില്‍ ചേര്‍ന്ന പി.സി ചാക്കോയുമായി സംസാരിക്കാറുണ്ടെന്നും എന്നാല്‍ രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പി.സി ചാക്കോ എന്‍.സി.പിയിലേക്ക് ക്ഷണിച്ചാല്‍ പോകുന്നതില്‍ മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി തുടരുന്ന അവഗണനകള്‍ക്കൊപ്പം കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടതുമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് സുരേഷ് ബാബു പറഞ്ഞു. തന്റെ നിലവാരത്തിലുള്ള ആളെ കൊണ്ടൊന്നും പാളം തെറ്റിയ കോണ്‍ഗ്രസിനെ പാളത്തിലാക്കാന്‍ സാധിക്കില്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാലാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് കഴിഞ്ഞ ദിവസം സുരേഷ് ബാബു പറഞ്ഞത്. ‘കോണ്‍ഗ്രസ് വിടുന്നു എന്നത് സത്യമാണ്. കോണ്‍ഗ്രസിന് എന്നെ പോലുള്ളവരെ ഇനി ആവശ്യമില്ല എന്ന നിലപാടാണ്. അത് കോണ്‍ഗ്രസിന്റെ ഒരുവശം മാത്രമാണ്. പക്ഷെ കോണ്‍ഗ്രസിനെക്കൊണ്ട് രാഷ്ട്രം ആഗ്രഹിക്കുന്ന നയങ്ങള്‍ പ്രായോഗികമാക്കാന്‍ കഴിയുന്നില്ല എന്ന തിരിച്ചറിവും വന്നിരിക്കുന്നു.
രാജ്യം മതവിഭാഗീയതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതിന് ശക്തമായി ചെറുക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ ദേശീയ തലത്തില്‍ പോലും നേതൃത്വത്തിന് ആളില്ല. ഈ തിരിച്ചറിവുകളും പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോകാന്‍ തീരുമാനിക്കുമ്പോള്‍ അവരെ വിളിച്ച് ഒരു യാത്രയയപ്പ് കൊടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനുള്ളത്. അല്ലാതെ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നേയില്ല. അത്തരം സമീപനം നിലനില്‍ക്കുന്നിടത്തോളം കാലം നിങ്ങള്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. ഇന്ന് ഞാന്‍ നാളെ നീ എന്നേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: P M Suresh Babu about joining LDF and NCP