കോഴിക്കോട്: വയനാട്ടിലെ മേപ്പാടി പോളിടെക്നിക് കോളേജില്‍ വെച്ച് എസ്.എഫ്.ഐ ജില്ലാജോ. സെക്രട്ടറിയായഅപര്‍ണ ഗൗരി മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ട എല്ലാ നിയമസഹായവും നല്‍കുന്നത് കല്‍പറ്റ എം.എല്‍.എ ടി. സിദ്ദീഖ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ.
ക്യാമ്പസിലെ ‘ട്രാബിയോക്’ എന്ന ലഹരി മാഫിയ സംഘത്തിന് പിന്നില്‍ എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകരാണെന്നും അദ്ദേഹം ആരോപിച്ചു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്യാമ്പസുകളില്‍ രാഷ്ട്രീയം പറഞ്ഞും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയും എസ്.എഫ്.ഐയെ പ്രതിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവര്‍ ഇത്തരം ലഹരി സംഘങ്ങളെ കൂട്ടുപിടിക്കുന്നതെന്നും ആര്‍ഷോ ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികളായ യു.ഡി.എസ്.എഫ് പ്രവര്‍ത്തകരുടെ വീടുകളിലും മറ്റും നടത്തിയിട്ടുള്ള റെയ്ഡുകളില്‍ നിരവധി ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങളും ഇവിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തിരുന്നുവെന്നും ആര്‍ഷോ ആരോപിച്ചു.
അപര്‍ണ ഗൗരിക്ക് നേരെയുണ്ടായ ആക്രമണത്തെ സാധാരണ ക്യാമ്പസുകളിലുണ്ടാകുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വയനാട് ജില്ലയിലെ മേപ്പാടി പോളിടെക്നിക്കില്‍ സംഘടനാ ചുമതലയുള്ള വ്യക്തിയാണ് അപര്‍ണ. അവര്‍ എസ്.എഫ്.ഐയുടെ വയനാട് ജില്ലാ ജോ. സെക്രട്ടറിയുമാണ്. സംസ്ഥാന വ്യാപകമായി പോളിടെക്നിക് കോളേജുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അതിന് നേതൃത്വം നല്‍കാനാണ് അപര്‍ണ അവിടെ പോയത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി തന്നെ ക്യാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ക്യാമ്പയിനുകളുമായി രംഗത്തുണ്ട്. അതിന്റെ ഭാഗമായി മേപ്പാടി പോളിടെക്നിക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ‘ട്രാബിയോക്’ എന്ന ലഹരി സംഘത്തിനെതിരെ എസ്.എഫ്.ഐ സംഘടനാ തലത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മാരക ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ അടിമപ്പെടാന്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ വിപണനവും വിതരണവും ഈ സംഘം നടത്തുന്നുണ്ട്,’ ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.