| Wednesday, 7th June 2023, 1:36 pm

ഞാന്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്‌തെങ്കില്‍, അപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചതിന്റെ കോപ്പിയല്ലേ പുറത്ത് വിടേണ്ടത്; പ്രിന്‍സിപ്പളിനെതിരെ ആര്‍ഷോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: 2021 ബാച്ചിനോടൊപ്പം താന്‍ പരീക്ഷക്ക് അപേക്ഷ നല്‍കിയെന്ന മഹാരാജാസ് കോളേജ് പ്രിന്‍സിപ്പളിന്റെ വാദത്തിനെതിരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. താന്‍ പരീക്ഷക്ക് അപേക്ഷിച്ചെങ്കില്‍ പരീക്ഷ ഫീസ് അടച്ചതിന്റെ റെസീപ്റ്റ്, എക്‌സാം അപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചതിന്റെ കോപ്പി എന്നിവയല്ലേ തെളിവായി പുറത്ത് വിടേണ്ടതെന്ന് ആര്‍ഷോ ചോദിച്ചു. അപേക്ഷ സമര്‍പ്പിച്ചെങ്കില്‍ അത് സൈറ്റില്‍ കാണുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ഞാന്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ അതിന് തെളിവിന് നിങ്ങള്‍ ഈ ടൈപ്പ് ചെയ്യാനെടുത്ത സമയത്തിന്റെ പകുതി സമയം എടുത്താല്‍ ലഭിക്കുന്ന തെളിവുണ്ട് സര്‍, ഞാന്‍ പരീക്ഷ ഫീസ് അടച്ചതിന്റെ റെസീപ്റ്റ്, അപ്ലൈ ചെയ്‌തെങ്കില്‍ അത് സൈറ്റില്‍ കാണും, എക്‌സാം അപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചതിന്റെ കോപ്പി കാണും, അതൊക്കെയല്ലേ തെളിവായി പുറത്ത് വിടേണ്ടത്,’ ആര്‍ഷോ ചോദിച്ചു.

പോസ്റ്റിനൊപ്പം പ്രിന്‍സിപ്പള്‍ പുറത്ത് വിട്ട തെളിവും കോളേജ് വെബ്‌സൈറ്റ് പ്രകാരം 2021 ബാച്ചിനൊപ്പം പരീക്ഷ എഴുതിയ 20 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റും ആര്‍ഷോ ചേര്‍ത്തു. സപ്ലിമെന്ററി പരീക്ഷ എഴുതിയവരില്‍ തന്റെ പേരെവിടെയെന്നും അദ്ദേഹം ചോദിച്ചു.

റോള്‍ ഔട്ട് ആയതിനാല്‍ ഡിസംബറിലെ പരീക്ഷ തനിക്ക് എഴുതാന്‍ കഴിയില്ലെന്നും ജനുവരി മാസത്തിലാണ് താന്‍ റീഅഡ്മിഷന്‍ എടുക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു.

അതേസമയം, ആര്‍ഷോ 2020ല്‍ അഡ്മിഷന്‍ എടുത്തിരുന്നെന്നും എന്നാല്‍ ക്ലാസില്‍ വരാത്തതിനാല്‍ റോള്‍ ഔട്ട് ആയെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. തേര്‍ഡ് സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ ആര്‍ഷോ അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ പരീക്ഷ എഴുതിയിരുന്നില്ലെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. റോള്‍ഔട്ടായി കഴിഞ്ഞതിന് ശേഷം അഡ്മിഷന്‍ എടുക്കുമ്പോള്‍ അതേ ബാച്ചിനൊപ്പം പറ്റില്ലെന്നും അടുത്ത ബാച്ചിനൊപ്പം ചേരാനാണ് സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പളുടെ പത്രസമ്മേളനം കണ്ടു, അദ്ദേഹം നാലാം സെമസ്റ്ററിലാണ് ഞാന്‍ റീഅഡ്മിഷന്‍ എടുത്തതെന്ന് സമ്മതിക്കുന്നുണ്ട്, പക്ഷെ 2021 ബാച്ചിനോടൊപ്പം വീണ്ടും ഞാന്‍ പരീക്ഷക്ക് അപ്ലൈ ചെയ്തത്രേ, അതിന് രേഖയുണ്ട് എന്ന മട്ടില്‍ 23 വിദ്യാര്‍ത്ഥികളുടെ പേരെഴുതിയ ഇന്ന് രാവിലെ ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്ത ഒരു ലിസ്റ്റും ഉയര്‍ത്തി കാണിക്കുന്നുണ്ട്.

ഞാന്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ അതിന് തെളിവിന് നിങ്ങള്‍ ഈ ടൈപ്പ് ചെയ്യാനെടുത്ത സമയത്തിന്റെ പകുതി സമയം എടുത്താല്‍ ലഭിക്കുന്ന തെളിവുണ്ട് സര്‍, ഞാന്‍ പരീക്ഷ ഫീസ് അടച്ചതിന്റെ റെസീപ്റ്റ്, അപ്ലൈ ചെയ്‌തെങ്കില്‍ അത് സൈറ്റില്‍ കാണും, എക്‌സാം അപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചത്തിന്റെ കോപ്പി കാണും, അതൊക്കെയല്ലേ തെളിവായി പുറത്ത് വിടേണ്ടത്.

പോസ്റ്റിനൊപ്പം ചേര്‍ക്കുന്നത് പ്രിന്‍സിപ്പല്‍ പുറത്തുവിട്ട ഭീമാകാരം തെളിവും കൂടെ കോളേജ് വെബ്‌സൈറ്റ് പ്രകാരം 2021 ബാച്ചിനൊപ്പം പരീക്ഷ എഴുതിയ 20 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റുമാണ്, സപ്ലിമെന്ററി പരീക്ഷ എഴുതിയവരില്‍ എന്റെ പേരെവിടെ സര്‍?

കൂടുതല്‍ ഉരുളില്ലെങ്കില്‍ ഒരു കാര്യം കൂടി പറയാം ഡിസംബറില്‍ നടന്ന ആ പരീക്ഷ എഴുതാന്‍ സാങ്കേതികമായി എനിക്ക് കഴിയില്ല, കാരണം ആ സമയത്ത് ഞാന്‍ റോള്‍ ഔട്ട് ആണ്, ജനുവരി മാസത്തില്‍ ആണ് ഞാന്‍ റീ-അഡ്മിഷന്‍ എടുക്കുന്നത്.

Content Highlight: P M Arsho aginst maharaja college principal statement

We use cookies to give you the best possible experience. Learn more