ആ പരീക്ഷ എഴുതിയിട്ടില്ല, രജിസ്റ്റര്‍ ചെയ്യുകയോ ഫീസടക്കുകയോ ചെയ്തിട്ടില്ല; റിസള്‍ട്ടില്‍ വന്ന ഈ സാങ്കേതിക പ്രശ്നം അത്ര നിഷ്‌കളങ്കമല്ല: ആര്‍ഷോ
Kerala News
ആ പരീക്ഷ എഴുതിയിട്ടില്ല, രജിസ്റ്റര്‍ ചെയ്യുകയോ ഫീസടക്കുകയോ ചെയ്തിട്ടില്ല; റിസള്‍ട്ടില്‍ വന്ന ഈ സാങ്കേതിക പ്രശ്നം അത്ര നിഷ്‌കളങ്കമല്ല: ആര്‍ഷോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th June 2023, 11:52 am

കൊച്ചി: മഹാരാജാസ് കോളേജില്‍ എഴുതാത്ത പരീക്ഷ വിജയിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. ആരോപണം നിഷ്‌കളങ്കമാണെന്ന് കരുതുന്നില്ലെന്നും വ്യക്തിപരമായ ആക്രമണം പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രചരിപ്പിക്കുന്ന മാര്‍ക്ക് ലിസ്റ്റ് 2021 ബാച്ച് വിദ്യാര്‍ത്ഥികളുടെ റെഗുലര്‍ പരീക്ഷയുമായി ബന്ധപ്പെട്ടതാണെന്നും ആര്‍ഷോ പറഞ്ഞു. ആ റെഗുലര്‍ പരീക്ഷ എഴുതേണ്ട ആളല്ല താനെന്നും അങ്ങനെയൊരു പരീക്ഷ എഴുതാന്‍ ഫീസ് അടയ്ക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രസ്തുത മാര്‍ക്ക് ലിസ്റ്റില്‍ ആണ് പേര്‍ ഉണ്ടെന്ന നിലയില്‍ മാധ്യമങ്ങളും ഇതര രാഷ്ട്രീയ പാര്‍ട്ടികളും, സാങ്കേതിക പ്രശ്‌നം എന്ന നിലയില്‍ കോളേജ് പ്രിന്‍സിപ്പളും പ്രചരിപ്പിച്ചിട്ടുള്ളതെന്നും ആര്‍ഷോ പറഞ്ഞു.

ഇതുപോലൊരു സാങ്കേതിക പ്രശ്‌നം മൂവായിരത്തിന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസ്സില്‍ എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ റിസള്‍ട്ടില്‍ മാത്രം വരികയും അത് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മാത്രം കിട്ടുകയും ചെയ്യുന്നത് നിഷ്‌കളങ്കമാണെന്ന് വിശ്വസിക്കാനാകില്ലെന്നും ആര്‍ഷോ പറഞ്ഞു.

‘ഇതുപോലൊരു സാങ്കേതിക പ്രശ്‌നം മൂവായിരത്തിന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസ്സില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ റിസള്‍ട്ടില്‍ മാത്രം വരിക, അത് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മാത്രം കിട്ടുക, അവര്‍ വഴി മാധ്യമങ്ങള്‍ക്ക് ലഭിക്കുക. അതത്രയും നിഷ്‌കളങ്കമാണെന്ന വിശ്വാസം തല്‍ക്കാലം എനിക്കില്ല,’ അദ്ദേഹം പറഞ്ഞു.

2020 ബാച്ചില്‍ ആണ് താന്‍ മഹാരാജാസ് കോളേജില്‍ ആര്‍ക്കിയോളജി വിഭാഗത്തില്‍ പ്രവേശിച്ചതെന്നും മൂന്നാം സെമസ്റ്റര്‍ പരീക്ഷ താന്‍ എഴുതിയിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു. ആ പരീക്ഷ നടക്കുമ്പോള്‍ പരീക്ഷ സെന്റര്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയില്‍ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ വിഷയത്തില്‍ ഒന്നാമതായി 2020 ബാച്ചില്‍ ആണ് ഞാന്‍ മഹാരാജാസ് കോളേജില്‍ ആര്‍ക്കിയോളജി വിഭാഗത്തില്‍ പ്രവേശിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഞാന്‍ എഴുതിയിട്ടില്ല, ആ പരീക്ഷ നടക്കുമ്പോള്‍ പരീക്ഷ സെന്റര്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയില്‍ ഞാന്‍ ഇല്ല, സെമസ്റ്ററിലെ അഞ്ച് വിഷയങ്ങളിലും ഞാന്‍ ആബ്‌സെന്റ് ആയിരുന്നു, പരീക്ഷയ്ക്ക് ശേഷം 2022 ഒക്ടോബര്‍ മാസം 26ന് ഉച്ച കഴിഞ്ഞ് 1.42ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും അതില്‍ കൃത്യമായി ഞാന്‍ പരീക്ഷ എഴുതിയിട്ടില്ലെന്ന് അടയാളപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത മാര്‍ക്ക് ലിസ്റ്റ് അന്ന് മുതല്‍ ഈ നിമിഷം വരെ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്,’ ആര്‍ഷോ വ്യക്തമാക്കി.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ ആരെല്ലാമൊക്കെയോ ചേര്‍ന്ന് വെറുതെ ജയിപ്പിച്ചു വിട്ടു, അങ്ങനെ ജയിപ്പിക്കാന്‍ അയാള്‍ നിയമവിരുദ്ധ ഇടപെടല്‍ നടത്തി, പരീക്ഷ ജയിക്കാന്‍ എളുപ്പ മാര്‍ഗ്ഗം എസ്.എഫ്.ഐ ആവുകയാണ് തുടങ്ങിയ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ശന നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തിപരമായ ആക്രമണം പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന നല്ല ബോധ്യം ഉണ്ടെന്നും ആര്‍ഷോ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ രാവിലെ മുതല്‍ കേരളത്തിലെ സര്‍വ്വത്ര മാധ്യമങ്ങളുടെയും പ്രധാന ടൈറ്റില്‍ എന്റെ മൂന്നാം സെമസ്റ്റര്‍ മാര്‍ക്ക് ലിസ്റ്റില്‍ തട്ടിതിരിഞ്ഞുള്ളതായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ ആരെല്ലാമൊക്കെയോ ചേര്‍ന്ന് വെറുതെയങ്ങ് ജയിപ്പിച്ചു വിട്ടു, അങ്ങനെ ജയിപ്പിക്കാന്‍ അയാള്‍ നിയമവിരുദ്ധ ഇടപെടല്‍ നടത്തി, പരീക്ഷ ജയിക്കാന്‍ എളുപ്പ മാര്‍ഗ്ഗം എസ്.എഫ്.ഐ ആവുകയാണ് തുടങ്ങി സര്‍വ്വത്ര ഡയലോഗുകളും പടച്ചു വിട്ടു.

ഈ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ട് ഏറെ വൈകിയാണ് എനിക്കിത് അറിയാന്‍ കഴിഞ്ഞത്. ഈ പ്രചരണം നടക്കുമ്പോള്‍ ഇടമലക്കുടിയില്‍ എസ്.എഫ്.ഐ ക്യാമ്പയിനിന്റെ ഭാഗമായി പങ്കെടുക്കുകയായിരുന്നതിനാല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമായിരുന്നില്ല. വൈകിട്ട് തിരിച്ചുള്ള യാത്രയില്‍ വിവരം അറിയുമ്പോഴേക്ക് ഈ പ്രചരണം സാധ്യമായ എല്ലാ ഇടങ്ങളിലും എത്തിയിരുന്നു. സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരുന്നു.

ഈ വിഷയത്തില്‍ ഒന്നാമതായി 2020 ബാച്ചില്‍ ആണ് ഞാന്‍ മഹാരാജാസ് കോളേജില്‍ ആര്‍ക്കിയോളജി വിഭാഗത്തില്‍ പ്രവേശിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഞാന്‍ എഴുതിയിട്ടില്ല, ആ പരീക്ഷ നടക്കുമ്പോള്‍ പരീക്ഷ സെന്റര്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയില്‍ ഞാന്‍ ഇല്ല, സെമസ്റ്ററിലെ 5 വിഷയങ്ങളിലും ഞാന്‍ ആബ്‌സെന്റ് ആയിരുന്നു, പരീക്ഷയ്ക്ക് ശേഷം 2022 ഒക്ടോബര്‍ മാസം 26ന് ഉച്ച കഴിഞ്ഞ് 1.42ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും അതില്‍ കൃത്യമായി ഞാന്‍ പരീക്ഷ എഴുതിയിട്ടില്ലെന്ന് അടയാളപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത മാര്‍ക്ക് ലിസ്റ്റ് അന്ന് മുതല്‍ ഈ നിമിഷം വരെ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇന്നലെ രാവിലെ മുതല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന മാര്‍ക്ക് ലിസ്റ്റ് 2021 ബാച്ച് വിദ്യാര്‍ത്ഥികളുടെ റെഗുലര്‍ പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ആ റെഗുലര്‍ പരീക്ഷ എഴുതേണ്ട ആളല്ല ഞാന്‍, അങ്ങനെയൊരു പരീക്ഷ എഴുതാന്‍ ഞാന്‍ ഫീസ് അടയ്ക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. പ്രസ്തുത മാര്‍ക്ക് ലിസ്റ്റില്‍ ആണ് എന്റെ പേര്‍ ഉണ്ട് എന്ന നിലയില്‍ മാധ്യമങ്ങളും ഇതര രാഷ്ട്രീയ പാര്‍ട്ടികളും, സാങ്കേതിക പ്രശ്‌നം എന്ന നിലയില്‍ കോളേജ് പ്രിന്‍സിപ്പളും പ്രചരിപ്പിച്ചിട്ടുള്ളത്.

ഇതുപോലൊരു സാങ്കേതിക പ്രശ്‌നം മൂവായിരത്തിന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസ്സില്‍ എസ.്എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ റിസള്‍ട്ടില്‍ മാത്രം വരിക, അത് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മാത്രം കിട്ടുക, അവര്‍ വഴി മാധ്യമങ്ങള്‍ക്ക് ലഭിക്കുക. അതത്രയും നിഷ്‌കളങ്കമാണെന്ന വിശ്വാസം തല്‍ക്കാലം എനിക്കില്ല.

കാരണം,
1. ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ പലപ്പോഴായി ഡിപ്പാര്‍ട്‌മെന്റ് കോഡിനേറ്റര്‍ക്കെതിരെ നല്‍കിയ പരാതികള്‍
2. ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകര്‍ നല്‍കിയ പല പരാതികള്‍.
3. കെ.എസ്.യു നേതാവായ ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ത്ഥിനിയുടെ റീവാല്യൂവേഷന്‍ റിസള്‍ട്ടുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്‌മെന്റ് കോര്‍ഡിനേറ്ററുടെ ഇടപെടല്‍ സംബന്ധിച്ച് കോളേജ് യൂണിയനും വിദ്യാര്‍ത്ഥികളും നല്‍കിയ പരാതി.
4.പ്രസ്തുത പരാതികളെ അടിസ്ഥാനപ്പെടുത്തി ഡിപ്പാര്‍ട്‌മെന്റ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി.

തുടങ്ങിയവക്കൊപ്പം അന്വേഷണം വൈകുന്നതുമായി ബന്ധപ്പെട്ടും, പരാതി കൊടുത്ത വിദ്യാര്‍ത്ഥികളെ അന്വേഷിച്ച് കണ്ടെത്തി ഡിപ്പാര്‍ട്‌മെന്റ് കോര്‍ഡിനേറ്റര്‍ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഒന്നിലധികം തവണ ഇടപെട്ട ആള്‍ എന്ന നിലയില്‍ ഈ വന്നവ അത്ര നിഷ്‌കളങ്കമായി കാണാന്‍ നിര്‍വ്വാഹമില്ല.
കര്‍ശന നിയമ നടപടികളുമായും പ്രതിരോധവുമായും മുന്നോട്ട് പോകും, വ്യക്തിപരമായ നിങ്ങളുടെ ആക്രമണം ഈ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന നല്ല ബോധ്യം ഉള്ളതുകൊണ്ട്.
അല്ലാണ്ട് മനോരമയ്ക്കും ഏഷ്യാനെറ്റിനും എന്ത് ആര്‍ഷോ.
പി.എം. ആര്‍ഷോ

Content Highlight: P M Arsho about his exam result