കൊച്ചി: ആര്‍.എസ്.എസ് നേതാക്കളെ കണ്ട എ.ഡി.ജി.പി അജിത്ത് കുമാറിനെ ന്യായീകരിച്ച സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. സര്‍ക്കാരിനെ ന്യായീകരിച്ച് സ്പീക്കര്‍ കഷ്ടപ്പെടേണ്ട എന്ന് പറഞ്ഞ പി.എം.എ സലാം സ്പീക്കര്‍ ഇത്തരം രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും പറഞ്ഞു.
‘സ്പീക്കര്‍ എന്ന് പറയുന്ന വ്യക്തി ഇത്തരം വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ട ഒരാളാണ്. സ്പീക്കര്‍ക്ക് ഗവണ്‍മെന്റിന്റെ ഭാഗം ന്യായീകരിക്കേണ്ട ഉത്തരവാദിത്തമില്ല. സ്പീക്കര്‍ ഗവണ്‍മെന്റിന്റെ ഭാഗവുമല്ല. അദ്ദേഹം നിയമസഭയുടെ അധ്യക്ഷനാണ്.
എല്ലാ നിയമസഭാ അംഗങ്ങളും അദ്ദേഹത്തെ സംബന്ധിച്ച് ഒരുപോലെയാണ്. റഫറിയായി നില്‍ക്കേണ്ട ആള്‍ കളിക്കളത്തില്‍ ഇറങ്ങി ഒരു ടീമിനെതിരെ ഗോളടിക്കാന്‍ ശ്രമിക്കുകയാണ്. സ്പീക്കര്‍ ഇത്തരം വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം,’ പി.എം.എ സലാം പറഞ്ഞു.
എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളായ ദത്താത്ത്രേയ ഹൊസബുള്ളയെയും റാം മാധവിനെയും കണ്ടതില്‍ തെറ്റില്ലെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അല്‍പസമയം മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും എ.ഡി.ജി.പി നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നുമാണ് സ്പീക്കര്‍ പ്രതികരിച്ചത്.