കൃഷ്ണപിള്ള ദിനാചരണത്തിനുനേരെ സി.പി.ഐ.എം ആക്രമണം; ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
Kerala
കൃഷ്ണപിള്ള ദിനാചരണത്തിനുനേരെ സി.പി.ഐ.എം ആക്രമണം; ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th August 2012, 1:48 am

കോഴിക്കോട്: ബാലുശ്ശേരി കൂട്ടാലിടയില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച പി. കൃഷ്ണപിള്ള ദിനാചരണത്തിനു നേരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ ആര്‍.എം.പിയുടെ ബാലുശ്ശേരി ഏരിയ സെക്രട്ടറി ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക് പറ്റി. []

പി.കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് കൂട്ടാലിടയില്‍ ആര്‍.എം.പി അനുസ്മരണയോഗം സംഘടിപ്പിച്ചത്. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യാ പിതാവ് കെ.കെ മാധവന്‍ സി.പി.ഐ.എമ്മില്‍ നിന്നും പുറത്തായ ശേഷം ആദ്യമായി പങ്കെടുക്കുന്ന പൊതുയോഗമായിരുന്നു ഇത്. ആര്‍.എം.പി. കോട്ടൂര്‍ ലോക്കല്‍ സെക്രട്ടറി വി.പി സുരേന്ദ്രന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ശബ്ദം വച്ചതിനെത്തുടര്‍ന്ന് യോഗം വെട്ടിച്ചുരുക്കിയിരുന്നു. യോഗം 8.30തോടെ സമാപിച്ച് കെ.കെ മാധവന്‍ വേദി വിട്ടതിന് ശേഷമായിരുന്നു ആക്രമണം.

ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയും ആര്‍.എം.പിയുടെ ബാലുശ്ശേരി ഏരിയ സെക്രട്ടറിയുമായ കെ.പി. പ്രകാശന്‍, ബാലുശ്ശേരി ഏരിയ കമ്മിറ്റിയംഗം രാജേഷ്, കോട്ടൂര്‍ ലോക്കല്‍  സെക്രട്ടറി വി.പി. സുരേന്ദ്രന്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാജേഷ്, രജീഷ്, വി.പി. സുരേന്ദ്രന്‍ എന്നിവര്‍ക്ക് തലയ്ക്ക് സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ആര്‍.എം.പി ഒഞ്ചിയം ഏരിയ സെക്രട്ടറി എന്‍ വേണുവാണ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തത്. കെ.കെ. മാധവന്‍, ടി.എല്‍ സന്തോഷ്, സ്മിത എന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

സി.പി.ഐ.എം ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ പാത ഉപേക്ഷിച്ചു കഴിഞ്ഞെന്നും ബൂര്‍ഷ്വ പാര്‍ലമെന്ററി പാതയിലാണ് ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നും കെ.കെ മാധവന്‍ യോഗത്തില്‍ സംസാരിച്ചിരുന്നു. ഇന്ന് ചില ആള്‍ക്കാരുടെ നിക്ഷിപ്ത താല്‍പരങ്ങള്‍ക്കനുസരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെയോ തൊഴിലാളി വര്‍ഗത്തിന്റെയോ പ്രശ്‌നങ്ങളേറ്റെടുക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല. പാര്‍ട്ടിയുമായുള്ള തനിക്കുള്ള വിയോജിപ്പ് രാഷ്ട്രീയ പരമായതാണ് അല്ലാതെ വ്യക്തിപരമല്ല. അത് നിരവധി തവണ പാര്‍ട്ടി ഘടകങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. പാര്‍ട്ടി ഇപ്പോള്‍ പടുകുഴിയിലേക്കാണ് പോകുന്നത്. അതില്‍ നിന്നും പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവരാന്‍ സാധ്യമല്ലെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തെ ആര്‍.എം.പി ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് എന്‍ വേണു പറഞ്ഞു. ടി.പി. വധത്തിനു ശേഷം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സി.പി.ഐ.എം അക്രമണം അഴിച്ചുവിട്ട് ജനശ്രദ്ധ തിരിക്കുകയാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടൊന്നും ആര്‍.എം.പി.യുടെ പ്രവര്‍ത്തനത്തെ തളര്‍ത്താനാവില്ലെന്നും എന്‍ വേണു പ്രസ്താവനയില്‍ വ്യക്തമാക്കി.