| Wednesday, 15th May 2019, 5:42 pm

അഞ്ചു ദേശീയപുരസ്‌കാരങ്ങള്‍ നേടിയ കലാകാരന്‍ ആശ്രയകേന്ദ്രത്തിലേക്ക് താമസം മാറ്റുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കലാസംവിധാനത്തിന് മൂന്നു ദേശീയപുരസ്‌കാരങ്ങള്‍, വസ്ത്രാലങ്കാരത്തിനു രണ്ടെണ്ണം. പി. കൃഷ്ണമൂര്‍ത്തി എന്ന സിനിമാപ്രവര്‍ത്തകന്റെ ആകെയുള്ള സമ്പാദ്യമാണിത്. സ്വന്തമായി ഒരുപിടി മണ്ണുപോലുമില്ലാതെ അദ്ദേഹമിന്ന് ആശ്രയകേന്ദ്രത്തിലേക്കു താമസം മാറ്റുകയാണ്. തമിഴ് മാധ്യമമായ വികടനാണ് കൃഷ്ണമൂര്‍ത്തിയുടെ ഇന്നത്തെ ജീവിതത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് കൃഷ്ണമൂര്‍ത്തി. വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍ തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുമായി 35 സിനിമകളിലും ഉള്‍പ്പെടെ ആകെ 55 സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്, 1987-ല്‍.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുനാളിലൂടെ മലയാളത്തിലേക്കു കാല്‍വെച്ചു. ഹരിഹരന്റെ സംവിധാനത്തില്‍ പിറന്ന ഒരു വടക്കന്‍ വീരഗാഥയിലെ വസ്ത്രാലങ്കാരത്തിനും കലാസംവിധാനത്തിനും ലഭിച്ചതു രണ്ടു ദേശീയ പുരസ്‌കാരങ്ങളാണ്. 2000-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഭാരതിയിലെ വസ്ത്രാലങ്കാരത്തിനും കലാസംവിധാനത്തിനുമാണ് അവസാനമായി ദേശീയപുരസ്‌കാരം അദ്ദേഹത്തിലേക്കെത്തിയത്, അതും രണ്ടെണ്ണം. അതിനിടെ 1980-90 കാലഘട്ടത്തില്‍ മികച്ച കലാസംവിധാനത്തിനു കേരളാ സര്‍ക്കാരിന്റെ അഞ്ചു പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടി. തമിഴ്‌നാട് സര്‍ക്കാരിന്റെ നാല് സംസ്ഥാനപുരസ്‌കാരങ്ങളും നേടി.

1975-ല്‍ ഹംസഗീഥൈ എന്ന സിനിമയില്‍ക്കൂടിയാണ് അദ്ദേഹം സിനിമാലോകത്തേക്കു പ്രവേശിക്കുന്നത്. ആദി ശങ്കരാചാര്യ (1983), രാജശില്പി (1989), വചനം (1990), ഒളിയമ്പുകള്‍ (1990), പരിണയം (1994) എന്നിവയടക്കം 55 സിനിമകളില്‍ കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തിച്ചു. 2014-ല്‍ തമിഴില്‍ പുറത്തിറങ്ങിയ രാമാനുജനാണ് അവസാന സിനിമ.

ചെൈന്നയിലെ മടിപ്പക്കത്താണ് അദ്ദേഹം ജനിച്ചത്. 2012 മുതല്‍ തമിഴ്‌നാട്ടിലെ മഹാബലിപുരത്താണ് അദ്ദേഹം താമസിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more