കൊച്ചി: വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്റെ അറസ്റ്റ് നിയപരമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അറസ്റ്റിനുശേഷമാണ് ജാമ്യം ലഭിക്കാതിരിക്കാനുള്ള വകുപ്പുകള്‍ ചേര്‍ത്തതെന്നു പറഞ്ഞ കോടതി അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ജാമ്യം ലഭിക്കാതിരിക്കാനായി അന്വേഷണ ഉദ്യേഗസ്ഥന്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചെന്നും കൃഷ്ണദാസിനെ അടിയന്തിരമായി മോചിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പരാതിക്കാരന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിക്കേണ്ടതായിരുന്നെന്നും കോടതി വ്യക്തമാക്കി. ജാമ്യം ലഭിക്കാതിരിക്കാനായി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകുന്നത് വൈകിപ്പിച്ചെന്നും എന്തിനാണ് അറസ്റ്റെന്നു വരെ കേസ് ഡയറിയില്‍ ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു.
ചില വ്യക്തികളെ പ്രതികളാക്കാന്‍ മനപൂര്‍വ്വമുള്ള ശ്രമമാണ് കേസില്‍ ഉണ്ടായിരിക്കുന്നതെന്നും കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിക്കവേ പറഞ്ഞു. ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിലായിരുന്നു പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തിരുന്നത്.