| Thursday, 30th December 2021, 5:21 pm

'ശകുനം പിഴച്ച സ്ഥിതിക്ക് മുരളി ഇനി ബി.ജെ.പിയില്‍ ചേരുമോ'? ആര്യയെ മുരളീധരന്‍ വേട്ടയാടുന്നത് മര്യാദയല്ലെന്ന് കുടുംബാംഗങ്ങളെങ്കിലും പറയണമെന്ന് പി.കെ. ശ്രീമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെ കെ. മുരളീധരന്‍ എം.എല്‍.എ വാക്കുകള്‍ കൊണ്ട് പിന്തുടര്‍ന്ന് വേട്ടയാടുന്നത് മര്യാദയല്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ടീച്ചര്‍. സ്വന്തം മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയോട് കെ. മുരളീധരന്‍ എം.പി എന്തിനാണിങ്ങനെ പകയോടെ പെരുമാറുന്നതെന്ന് ശ്രീമതി ടീച്ചര്‍ ചോദിച്ചു.

ആര്യയെ വാക്കുകള്‍ കൊണ്ട് പിന്തുടര്‍ന്ന് വേട്ടയാടുന്നത് മര്യാദയല്ലെന്ന് മുരളീധരനോട് പറയാന്‍ കോണ്‍ഗ്രസിലാരുമില്ലെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെങ്കിലും പറഞ്ഞുകൊടുക്കണം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ മേയറുടെ ഡ്രൈവര്‍ക്കുണ്ടായ ഒരു പിശകിന് മേയറെ പഴിക്കുന്നത് എന്തിനാണ്? മേയറല്ലല്ലോ വാഹനം ഓടിക്കുന്നത്. മുരളീധരന്റെ ഡ്രൈവര്‍ക്ക് തെറ്റുപറ്റിയാല്‍ പഴി മുരളീധരനാണോ എന്നും അവര്‍ ചോദിച്ചു.

‘സംഘപരിവാറുകാര്‍ ശബരിമല പ്രക്ഷോഭകാലത്തും മറ്റും പറഞ്ഞത് തന്നെയാണിപ്പോള്‍ മുരളിയും ആവര്‍ത്തിക്കുന്നത്. മഹാകഷ്ടം
ശകുനവും വിശ്വാസവുമൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന മുരളി സോണിയാഗാന്ധി കോണ്‍ഗ്രസ്സിന്റെ പതാക ഉയര്‍ത്തുമ്പോള്‍ പൊട്ടിവീണതിനെ എങ്ങനെ കാണുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

സോണിയാഗാന്ധിയെയും അപശകുനമായി കണക്കാക്കുമോ? സോണിയയെ പണ്ട് മദാമ്മ എന്ന് വിളിച്ചാക്ഷേപിച്ചയാളാണല്ലോ മുരളി. അതോര്‍ത്താല്‍ ആര്യയെ ആക്ഷേപിച്ചതില്‍ അത്ഭുതമില്ല. ശകുനം പിഴച്ച സ്ഥിതിക്ക് കോണ്‍ഗ്രസിന്റെ പതനം ഭയന്ന് മുരളി ഇനി ബി ജെ പിയില്‍ ചേരുമോ?,’ പി.കെ. ശ്രീമതി ചോദിച്ചു.

ആര്യയെപ്പോലൊരു പെണ്‍കുട്ടിയോട് രാഷ്ട്രപതി കാണിച്ച വാത്സല്യവും സ്‌നേഹവുമൊന്നും മുരളീധരനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. അതിനുള്ള ഹൃദയവിശാലതയും നന്മയുമൊന്നും മുരളിക്കില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകും. എങ്കിലും പകയും ശത്രുതയും ഇങ്ങനെ പരസ്യമായി പ്രകടിപ്പിക്കാതിരിക്കയെങ്കിലും ചെയ്തുകൂടേ? മുഖ്യമന്ത്രിക്കും ശ്രീ. ശശി തരൂര്‍ എം.പിക്കുമെതിരെ അദ്ദേഹം നടത്തുന്ന പ്രസ്താവനകളും അതിരുവിടുന്നുവെന്ന് ദയവായി ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അന്ധവിശ്വാസത്തിലും വിദ്വേഷത്തിലും നിന്നുണ്ടായതാണെന്നുമ ശ്രീമതി ടീച്ചര്‍ കുറ്റപ്പെടുത്തി.

അതേസമയം, വിവരമില്ലാത്തതുകൊണ്ടാണ് രാഷ്ട്രപതിയുടെ മോട്ടോര്‍ കേഡിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന പരിപാടി കാണിച്ചതെന്നായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനെതിരായ കെ. മുരളീധരന്റെ പരിഹാസം. മുരളീധരന്റെ പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

നേരത്തെയും സമാനമായ രീതിയില്‍ മുരളീധരന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ചിരുന്നു. മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ അധിക്ഷേപം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: P.K.Sreemathi Teacher criticizes K. Muraleedharan MLA 
We use cookies to give you the best possible experience. Learn more