തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ വനിതാ പ്രാതിനിധ്യം കുറഞ്ഞത് ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ സജീവ്.
സ്ത്രീ തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ പരാജയപ്പെടുത്താന്‍ സ്ത്രീകള്‍ തന്നെ നേതൃത്വം നല്‍കരുത് എന്ന് അന്നേ പറഞ്ഞില്ലേ, എന്ന് പി.കെ സജീവ് ചോദിച്ചു. ശബരിമല സ്ത്രീപ്രവേശന വിധിയുടെ സമയത്ത് നടന്ന പ്രതിഷേധങ്ങള്‍ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഞായറാഴ്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ വനിതകള്‍ക്ക് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും അവര്‍ രാജിവെച്ചിരുന്നു.
മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് ഒമ്പത് വനിതകളെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്.
സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ 11 വനിതാ സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. അതേസമയം ബി.ജെ.പിയില്‍ ശോഭാ സുരേന്ദ്രന് സീറ്റ് നിഷേധിച്ചതും വലിയ ചര്‍ച്ചയായിരുന്നു. ദേശീയ നേതൃത്വം ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കിയിട്ടില്ല.