സവര്‍ണമേധാവിത്വം നാടുകടത്തിയ പി.കെ റോസിക്ക് ലോകത്തിന്റെ ആദരം, ഗൂഗിളിന്റെ മുഖമായി മലയാള നടി
Entertainment news
സവര്‍ണമേധാവിത്വം നാടുകടത്തിയ പി.കെ റോസിക്ക് ലോകത്തിന്റെ ആദരം, ഗൂഗിളിന്റെ മുഖമായി മലയാള നടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th February 2023, 9:13 am

മലയാള സിനിമയിലെ ആദ്യ നായികയാരുന്നു പി.കെ റോസി. എന്നാല്‍ തന്റെ ആദ്യ സിനിമ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ സവര്‍ണ മേധാവികളെ ഭയന്ന് അപമാനിതയായി നാടുവിട്ട് പോകേണ്ടി വന്നു അവര്‍ക്ക്. 1903 ഫെബ്രുവരി 10നാണ് അവര്‍ ജനിച്ചത്. ഫെബ്രുവരി 10ന് ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ ആദ്യ നടിക്ക് ആദരവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.

ഗൂഗിള്‍ തങ്ങളുടെ ഹോം പേജില്‍ ഡൂഡില്‍ ഒരുക്കിയാണ് റോസിക്ക് ആദരവ് അര്‍പ്പിച്ചിരിക്കുന്നത്.
പ്രത്യേക ദിവസങ്ങളില്‍ വ്യക്തികളെയോ, സംഭവങ്ങളെയോ ഓര്‍ക്കാന്‍ ഗൂഗിള്‍ തങ്ങളുടെ ലോഗോയ്‌ക്കൊപ്പം ഒരുക്കുന്ന പ്രത്യേക ആര്‍ട്ടിനെയാണ് ഡൂഡില്‍ എന്ന് പറയുന്നത്.

പി.കെ റോസിയുടെ ഛായ ചിത്രമാണ് ഗൂഗിള്‍ ഇന്ന് ഹോം പേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പികെ റോസിയുടെ വിവരങ്ങളിലേക്ക് പോകാന്‍ സാധിക്കും. ജെ.സി ഡാനിയല്‍ സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലാണ് റോസി നായികയായി അഭിനയിച്ചത്. ഇതിന്റെ പേരില്‍ റോസിക്ക് വലിയ അക്രമണങ്ങള്‍ തന്നെ നേരിടേണ്ടി വന്നു.

ജാതി ശക്തമായി നിലനിന്നിരുന്ന അക്കാലത്ത് സവര്‍ണ മേലാളന്മാര്‍ റോസിയുടെ വീട് ആക്രമിക്കുകയും തന്റെ ആദ്യ സിനിമ തിയേറ്ററില്‍ കാണാനെത്തിയ റോസിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. സിനിമയില്‍ റോസി സവര്‍ണ സ്ത്രീയുടെ വേഷത്തിലെത്തിയതായിരുന്നു ജാതി ഭ്രാന്തന്മാരെ ചൊടിപ്പിച്ചതിന്റെ പ്രധാന കാരണം.

1930 നവംബര്‍ 7നാണ് വിഗതകുമാരന്‍ എന്ന കേരളത്തിലെ ആദ്യത്തെ നിശബ്ദചിത്രം തിരുവനന്തപുരം കാപ്പിറ്റോള്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. റോസി സിനിമകാണാന്‍ വന്നപ്പോള്‍ തിയേറ്ററിന് തീയിട്ട സംഭവവും ഉണ്ടായി. തിരുവനന്തപുരം ചാല കമ്പോളത്തില്‍ വെച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുന്ന അവസ്ഥയും ഉണ്ടായി.

content highlight: p k rosi 120th birthday, google doodle