'തങ്ങള്‍ പറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന ജലീലിന്റെ വാദം കേസിനെ വഴിതിരിച്ച് വിടാനുള്ള ശ്രമം'; രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
Kerala News
'തങ്ങള്‍ പറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന ജലീലിന്റെ വാദം കേസിനെ വഴിതിരിച്ച് വിടാനുള്ള ശ്രമം'; രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2020, 12:46 pm

ന്യൂദല്‍ഹി: പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന മന്ത്രി കെ. ടി ജലീലിന്റെ വാദം സ്വര്‍ണക്കടത്ത് കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പി. കെ കുഞ്ഞാലിക്കുട്ടി എം. പി. കെ. ടി ജലീല്‍ രാജി വെക്കെണമെന്ന ആവശ്യത്തില്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഗ്രന്ഥത്തോടൊപ്പം സ്വര്‍ണം കൊണ്ട് പോയെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാനത്തെ ഒരു മന്ത്രി മാത്രമല്ല, മന്ത്രി സഭ തന്നെ പ്രശ്‌നത്തിലേക്കാവുന്ന ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നും ഓരോദിവസവും പുതിയ പുതിയ മന്ത്രിമാരുടെ പേരുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇവര്‍ കേരളത്തില്‍ നടത്തിയതെന്താണെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ചെയ്തത് തെറ്റാണെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ നെഞ്ചില്‍ കൈവെച്ച് പറഞ്ഞാല്‍ രാഷ്ട്രീം അവസാനിപ്പിക്കാമെന്നായിരുന്നു കെ. ടി ജലീല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കുഞ്ഞാലിക്കുട്ടി സാഹിബിനോടും അത് തന്നെയാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ലീഗിലുള്ള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോ എന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ മറുപടി പറയണമെന്നും ജലീല്‍ പറഞ്ഞു.

എന്നെ നന്നായി അറിയുന്നവരാണ് ലീഗ് നേതാക്കള്‍. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്ലിം എന്നവാക്കിനോട് ലീഗ് നീതി പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വാഹനത്തിലാണ് പോയത്. ഇ.ഡി വളരെ സ്വകാര്യതയോടെയാണ് ചോദ്യം ചെയ്യലിന് എന്നെ വിളിച്ചത്. അവര്‍ പറഞ്ഞ സമയം അവരുടെ ഓഫിസില്‍ പോയി- മന്ത്രി പറഞ്ഞു.

ഇ.ഡി എല്ലാ വിവരശേഖരണവും രഹസ്യസ്വഭാവത്തോടെയാണ് നടത്തിയത് താനായിട്ട് പൊളിക്കേണ്ട എന്ന് കരുതിയാണ് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘വേദഗ്രന്ഥങ്ങള്‍ ഇത്തരത്തില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു. അത് നിയമ ലംഘനമാണെന്ന്. ശരി. എന്നാല്‍ ഈ നിയമലംഘനം ആരാണ് ആദ്യം നടത്തിയതെന്ന് അന്വേഷിക്കു. മതഗ്രന്ഥം കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞാണ് എന്റെ കൈയില്‍ ലഭിക്കുന്നത്’-ജലീല്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസ് വിവാദം വന്ന സമയത്ത് സ്വപ്ന സുരേഷിനെ വിളിച്ചെന്ന ആരോപണം വന്നപ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ താന്‍ മാധ്യമങ്ങളെ കണ്ടതാണ്. കേസില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ. ടി ജലീലിന് ഇന്ന് ക്ലീന്‍ ചിറ്റ് നല്‍കി. ജലീലിന്റെ മൊഴിയെടുത്തത് തൃപ്തികരമാണെന്നായിരുന്നു ഇ. ഡി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: P. K Kunjalikkutty against K. T Jaleel on his comment