ചെന്നൈ: മുസ്‌ലിം ലീഗല്ലാതെ പ്രവര്‍ത്തകരാല്‍ ഇത്രയധികം സ്‌നേഹിക്കപ്പെട്ട മറ്റൊരു പ്രസ്ഥാനവുമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ചെന്നൈയില്‍ നടന്ന മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി പറയവെയായിരുന്നു അദ്ദേഹം. അധികാരങ്ങളുടെ അലങ്കാരങ്ങളില്ലാത്ത പ്രവര്‍ത്തകര്‍ തന്നെയാണ് മുസ്‌ലിം ലീഗിന്റ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
‘പ്രൗഡോജ്വലമായ മഹാ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലീ കോണ്‍ഫെറന്‍സ് പാര്‍ട്ടിയുടെ ചരിത്ര പുസ്തകത്തിലെ സുവര്‍ണ അധ്യായമായി മാറിയ ചാരിതാര്‍ഥ്യത്തില്‍ മുനീറെ മില്ലത്തിന്റെ സ്‌നേഹാലിംഗനം ഏറ്റുവാങ്ങി ചെന്നൈ നഗരത്തോട് വിടപറയുകയാണ്.
പാര്‍ട്ടി പിറവി കൊണ്ട മണ്ണില്‍ എഴുപത്തഞ്ച് ആണ്ടുകള്‍ക്കിപ്പുറം ചരിത്രത്തിന്റെ പുനാരാവര്‍ത്തനം പോലെ അതേ രാജാജി ഹാളില്‍ പ്രിയപ്പെട്ട നേതാക്കളോടൊപ്പം നിന്ന് മുസ്‌ലിം ലീഗ് സിന്ദാബാദ് എന്ന് ഉച്ചത്തില്‍ വിളിച്ചു കൊടുക്കുമ്പോള്‍ ആരവത്തോടെ തൊണ്ടയിടറുമാറുച്ചത്തില്‍ പ്രവര്‍ത്തകരത് ഏറ്റുവിളിക്കുമ്പോ മനസിലൂടെ കടന്നു പോയ വൈകാരികതയുടെ ഉള്‍തുടിപ്പുകള്‍ എരിഞ്ഞടങ്ങിയിട്ടില്ല ഇപ്പോഴും.
പ്രവര്‍ത്തകരാല്‍ ഇത്രയധികം സ്‌നേഹിക്കപ്പെട്ട മറ്റൊരു പ്രസ്ഥാനവുമില്ല. അധികാരങ്ങളുടെ അലങ്കാരങ്ങളില്ലാത്ത പ്രവര്‍ത്തകര്‍ തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത്.
എത്ര ആവേശത്തോടെയാണ് രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് അവര്‍ ചെന്നൈ നഗരത്തിന്റെ ഹൃദയത്തിലേക്ക് ഒഴുകി വന്നത്. നിങ്ങളുടെ പ്രതീക്ഷകളെ കൂടുതല്‍ ജ്വലിപ്പിച്ച് നിര്‍ത്തുക മാത്രമാണ് അതിന് പകരമാകുക. സ്‌നേഹിതരെ നിങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
75 വര്‍ഷം പിന്നിട്ട മുസ്‌ലിം ലീഗ് പുതിയ തുടക്കത്തിലേക്ക് കടക്കുകയാണെന്നും അതിനായി
ഒരുമിച്ചു നിന്ന് വിജയിക്കണമെന്നും അദ്ദേഹം പ്രവര്‍കത്തരോട് പറഞ്ഞു.
‘മുസ്‌ലിം ലീഗിന്റെ സ്ഥാപക യോഗം കൂടാന്‍ മുറിയന്വേഷിച്ച് നടന്ന ഖാഇദേ മില്ലത്തിന്റെ കഥയുണ്ട് ഈ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍. അവസാനം അധികാരികളുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്
പാര്‍ട്ടി പിറന്നു വീണത്. അതെ ചെന്നൈ നഗരത്തില്‍ അതേ രാജാജി ഹാളില്‍ എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ കൂടിയിരിക്കുമ്പോള്‍ ആ നാട്ടിലെ സര്‍ക്കാര്‍ മുഴുവന്‍ സംവിധാനങ്ങളും നമുക്കായി ഒരുക്കി നമ്മുടെ കൂടെയുണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജാജി ഹാള്‍ സ്റ്റാലിന്‍ നമുക്കായി തുറന്നു തന്നതാണ് .
ദ്രാവിഡ നാട് മണ്ണും മനസും ഒരുക്കി നമ്മെ സ്വീകരിച്ചു. എല്ലാത്തിനും മുന്നില്‍ അവരുടെ തലൈവര്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ ഉണ്ടായിരുന്നു. സ്റ്റാലിനും, തമിഴ് മക്കള്‍ക്കും വണക്കം.
മുസ്‌ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ കമ്മിറ്റികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ചരിത്ര വിജയം.
സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍, പ്രൊഫ. ഖാദര്‍ മൊയ്ദീന്‍ സാഹിബ്, ദേശീയ, സംസ്ഥാന നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ള നേതാക്കള്‍ തുടങ്ങിയവര്‍ ഓരോ ചുവടിലും കൂടെയുണ്ടായിരുന്നു.
ഇനി പുതിയ തുടക്കമാണ്. നമുക്കൊരുമിച്ചു നിന്ന് വിജയിക്കണം..
ചരിത്ര നിര്‍മിതിക്ക് കൂട്ട് ചേര്‍ന്ന എല്ലാവര്‍ക്കും സ്‌നേഹാഭിവാദ്യങ്ങള്‍,’ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.