ഇടതുപക്ഷവുമായി ഫൈറ്റ് ചെയ്യേണ്ടയിടത്ത് ഫൈറ്റ് ചെയ്തും കോംപ്രമൈസ് ചെയ്യേണ്ടയിടത്ത് കോംപ്രമൈസ് ചെയ്തുമാണ് ലീഗ് മുന്നോട്ടുപോകുന്നത്: കുഞ്ഞാലിക്കുട്ടി
Kerala News
ഇടതുപക്ഷവുമായി ഫൈറ്റ് ചെയ്യേണ്ടയിടത്ത് ഫൈറ്റ് ചെയ്തും കോംപ്രമൈസ് ചെയ്യേണ്ടയിടത്ത് കോംപ്രമൈസ് ചെയ്തുമാണ് ലീഗ് മുന്നോട്ടുപോകുന്നത്: കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th September 2022, 6:11 pm

കോഴിക്കോട്: ഇടതുപക്ഷത്തോട് അടരാടി വിജയിച്ച ചരിത്രമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പാസ്റ്റെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഫൈറ്റ് ചെയ്യേണ്ടിടത്ത് ഫൈറ്റ് ചെയ്തും കോംപ്രമൈസ് ചെയ്യേണ്ടെടുത്ത് കോംബ്രമൈസ് ചെയ്തുമാണ് ലീഗ് മുന്നോട്ടുപോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗിന്റെ ജനസഹായി, പൊതുജന സഹായി കേന്ദ്രം ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ കാലഘട്ടത്തിന്റെ ഇടയില്‍ എന്തെല്ലാം തടസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തോട് അടരാടി വിജയിച്ച ചരിത്രമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പാസ്റ്റ്. അതുകൊണ്ട് അണ്ണാന്‍ കുട്ടിയെ മരം കയറാന്‍ ആരും പഠിപ്പിക്കേണ്ടതില്ല.

വി.എസിന്റെ കാലം നമുക്ക് അറിയാം. അന്നൊക്കെ എന്തൊരു ഫൈറ്റായിരുന്നു. ഫൈറ്റ് ചെയ്യേണ്ടയിടത്ത് ഫൈറ്റ് ചെയ്തും, കോംപ്രമൈസ് ചെയ്യേണ്ടയിടത്ത് കോംപ്രമൈസ് ചെയ്തുമാണ് ലീഗ് മുന്നോട്ടുപോകുന്നത്.

വഖഫ് വിഷയത്തിലെ സമരം അതിനുദാഹരണമായിരുന്നു. കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ജനസഞ്ചയമായിരുന്നു വഖഫ് വിഷയത്തില്‍ കോഴിക്കോട് കണ്ടത്.

ആ ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി സാദിഖലി തങ്ങള്‍ പറഞ്ഞത് അസംബ്ലിയില്‍ കൊണ്ടുവന്നത് അസംബ്ലിയില്‍ തന്നെ പിന്‍വലിക്കേണ്ടി വരും എന്നായിരുന്നു. ഞാന്‍ നിയമസഭയില്‍ ഒരു സബ്മിഷന്‍ അവതരിപ്പിച്ചുകൊണ്ട്, എന്തിനാണിത് കൊണ്ടുവന്നതെന്ന് ചോദിച്ചു. തുടര്‍ന്ന് അത് സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരികയും ചെയ്തു,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ കോംപ്രമൈസ് പ്രയോഗം കെ.എം. ഷാജിയുടെ കുഞ്ഞാലിക്കുട്ടി വിമര്‍ശനത്തെ ശരിവെക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കുഞ്ഞാലിക്കുട്ടി പലതും കോംപ്രമൈസ് ചെയ്താണ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഷാജി നേരത്തെ പരോക്ഷമായി പറഞ്ഞിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അടക്കമുള്ള വിഷയം ഉയര്‍ത്തിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ കോംപ്രമൈസ് വിമര്‍ശനം പൊതുവെ ഉയരാറുള്ളത്.

ഇതിനിടെ, പാര്‍ട്ടിയെയും മുതിര്‍ന്ന നേതാക്കളെയും പലപ്പോഴും പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ കെ.എം. ഷാജിയില്‍ നിന്ന് ഉണ്ടാകുന്നതായി മലപ്പുറത്ത് ചേര്‍ന്ന  മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലീഗിനേയും നേതാക്കളെയും അപമാനിക്കുന്ന തരത്തിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലും കെ.എം.ഷാജി പതിവായി പ്രസംഗിക്കുന്നുവെന്നാണ് വിമര്‍ശനം. എം.എ.യൂസഫലി ഉള്‍പ്പെടെയുള്ളവരെ അപമാനിക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപമുയര്‍ന്നിരുന്നു. പാര്‍ട്ടി വേദികള്‍ക്കു പുറത്തും പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുവെന്ന പരാതിയുമുണ്ട്.