| Tuesday, 10th January 2023, 5:16 pm

എതിര്‍പക്ഷത്ത് ബി.ജെ.പി മാത്രം; ഗവര്‍ണര്‍-സി.പി.ഐ.എം ഒത്തുകളി എന്ന അഭിപ്രായം ലീഗിനില്ല: കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേരളത്തില്‍ ഗവര്‍ണര്‍- സി.പി.ഐ.എം ഒത്തുകളി എന്ന അഭിപ്രായം മുസ്‌ലിം ലീഗിനില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഗവര്‍ണറുടെ ജനാധിപത്യ വിരുദ്ധത ചര്‍ച്ചയാക്കണമെന്നും എതിര്‍പക്ഷത്തുള്ളത് ബി.ജെ.പി മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എല്ലാ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലും അരങ്ങേറുന്നത് ഗവര്‍ണര്‍മാരുടെ ഫെഡറല്‍ വിരുദ്ധതയാണ്. ഗവര്‍ണര്‍മാരുടെ ഇടപെടല്‍ ജനാധിപത്യത്തിന് എതിരാണ്. കേന്ദ്രത്തിന്റെ ഇടപെടല്‍ ദേശീയ വിഷയമാണ്. ഇക്കാര്യത്തില്‍ എല്ലാ മതേതര പാര്‍ട്ടികള്‍ക്കും ഒരേ അഭിപ്രായമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ളവര്‍ കേരളത്തില്‍ ഗവര്‍ണര്‍- സി.പി.ഐ.എം ഒത്തുകളി ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ശശി തരൂര്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട കാര്യം ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം കുഞ്ഞാലിക്കുട്ടി ചെന്നൈയിലാണുള്ളത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ഇന്ന് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 10 ന് നടക്കുന്ന മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം സ്റ്റാലിന്‍ നിര്‍വഹിക്കും.

‘ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അഭിമാനകരമായ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. പാര്‍ട്ടി പിറവി കൊണ്ട നഗരത്തില്‍ തന്നെയാണ് എഴുപ്പത്തിയഞ്ചാം വാര്‍ഷികത്തിന് വേദിയൊരുങ്ങുന്നത്.

വര്‍ത്തമാന കാല ഇന്ത്യയിലെ പ്രതിപക്ഷ ഐക്യനിരയുടെ കരുത്തായ തലൈവര്‍ സ്റ്റാലിന്റെ സാന്നിധ്യം ആഘോഷ പരിപാടികളെ പ്രൗഢവും, ആവേശഭരിതവുമാക്കും,’ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlight: P.K.  Kunhalikutty said that the Muslim League does not believe that there is a collusion between the Governor and the CPIM in Kerala

We use cookies to give you the best possible experience. Learn more