| Sunday, 20th June 2021, 12:21 pm

'താനും പഠിച്ചത് കണ്ണൂരാണ്'; ജനജീവിതം സ്തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കോളേജ് കാലത്തെ വീരഗാഥ പറയുകയാണെന്ന് കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും തമ്മിലുള്ള ബ്രണ്ണന്‍ കോളേജ് വിവാദത്തിന് പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. താനും പഠിച്ചത് കണ്ണൂരിലെ സര്‍ സയ്യിദ് കോളേജിലാണെന്നും തനിക്കും കുറേ കഥകള്‍ പറയാനുണ്ടെന്നും പക്ഷെ അതിനുള്ള സമയം ഇതല്ലെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മരംമുറി പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ മറയ്ക്കാനാണ് സര്‍ക്കാര്‍ പുതിയ വിവാദത്തിലൂടെ ശ്രമിക്കുന്നതെന്നും ജനജീവിതം പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കോളേജ് കാലത്തെ വീരഗാഥ പറയുകയാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

‘ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളാണ് ഭരണാധികാരി പറയേണ്ടത്. നഗരം കത്തുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് ഇപ്പോഴത്തെ വിവാദം,’ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷം അവരുടെ റോള്‍ എടുക്കുമെന്നും ഭരണകൂടത്തെ വിമര്‍ശിക്കേണ്ട ഘട്ടത്തില്‍ വിമര്‍ശിക്കുമെന്നും വര്‍ത്തമാനം പറയുകയല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷം സര്‍ക്കാരിനെ കൃത്യമായി ഓഡിറ്റ് ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, ബ്രണ്ണന്‍ കോളേജ് വിവാദത്തിന്  മുഖ്യമന്ത്രിക്കെതിരെയുള്ള തന്റെ വിമര്‍ശനം വ്യക്തിപരം തന്നെയെന്ന് പറഞ്ഞ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ വീണ്ടും രംഗത്തെത്തി. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തുക തന്നെ വേണം എന്നാണ് താന്‍ പഠിച്ചിട്ടുള്ളതെന്നാണ് കെ. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

ഒരു പി.ആര്‍. ഏജന്‍സിക്കും അധികനാള്‍ കളവുപറഞ്ഞ് നില്‍ക്കാനാകില്ല. ഇനിയും ഇതു പോലെ പലതും പുറത്ത് വരാനുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.

എന്ന് മുതലാണ് സി.പി.ഐ.എം. ചീഞ്ഞളിഞ്ഞ വ്യക്തി ആരാധന മാറ്റിവെച്ച് രാഷ്ട്രീയ സംവാദത്തിന് തയ്യാറാകുന്നത് അന്ന് താന്‍ പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

‘മറ്റേതെങ്കിലും രാഷ്ട്രീയ ആരോപണങ്ങളോട് പിണറായി വിജയന്‍ ഇത്രയും വിശദമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടോ? സ്വന്തം ഓഫീസിലെ ക്രമക്കേടുകളെ പറ്റി ചോദിച്ചാല്‍ പോലും എനക്കറിയില്ല എന്നല്ലേ പറഞ്ഞിരുന്നത്.

അങ്ങനെ നോക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രസ്തുത വിഷയത്തില്‍, അതും ഞാന്‍ വ്യക്തിപരമായി പറഞ്ഞത് എന്റെ അനുവാദമില്ലാതെ സെന്‍സേഷന് വേണ്ടി അച്ചടിച്ചു വന്ന ഒരു വിഷയത്തില്‍ അദ്ദേഹം ഇത്രയേറെ വൈകാരികനായി പ്രതികരിച്ചത് എന്ത് കൊണ്ടാവും?
ഇന്നത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ഒരു നിലയിലും ബാധിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു പഴയകാല സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ അദ്ദേഹത്തെ ഇത്രമേല്‍ ആഴത്തില്‍ പ്രകോപിപ്പിച്ചത് എന്തുകൊണ്ടായിരിക്കും?,’ കെ. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHGLIGHTS: P.K. Kunhalikutty said that the Chief Minister was telling a heroic story of his college days in a situation where people’s life was stagnant

We use cookies to give you the best possible experience. Learn more