കോഴിക്കോട്: ചില ഓണ്‍ലൈന്‍ മീഡിയകള്‍ മാധ്യമ സ്വാതന്ത്രത്തിന്റെ പേരില്‍ പച്ചക്ക് വര്‍ഗീയത പറയുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത്തരം ചാനലുകളെ ആര് അനുകൂലിച്ചാലും ലീഗ് എതിര്‍ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയത പറയാന്‍ അവകാശമുണ്ടെന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വര്‍ഗീയത പരത്തുന്നുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ അവരുടെ മീഡിയ സ്വാതന്ത്ര്യം ഉപയോഗിച്ച് സര്‍ക്കാര്‍ വിമര്‍ശനം നടത്തുന്നുണ്ട്. മാധ്യമങ്ങള്‍ പുതിയ കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. ഇത് കാലാകാലങ്ങളായി മാധ്യങ്ങള്‍ ചെയ്യുന്ന പണിയാണ്. അതിന്റെ അവകാശങ്ങള്‍ക്ക് മേല്‍ ഉണ്ടാകുന്ന നീക്കങ്ങളെ ലീഗ് എന്നും എതിര്‍ത്തിട്ടുണ്ട്. അത് എന്നും എതിര്‍ക്കുക തന്നെ ചെയ്യും.
അതില്‍ സംശയം വേണ്ട. പക്ഷേ മീഡിയ സ്വാതന്ത്രത്തിന്റെ പേരില്‍ പച്ച വര്‍ഗീയത, കേട്ടാല്‍ അറയ്ക്കുന്ന വര്‍ഗീയത പറയുന്ന ചില ഓണ്‍ലൈന്‍ ചാനലുകളുണ്ട്. അതിന്റെ കാര്യത്തിന് ലീഗിന് അതിന്റേതായ നയമുണ്ട്. അതിനെ ആര് അനുകൂലിച്ചാലും ഞങ്ങള്‍ എതിര്‍ക്കും. ഞങ്ങളത് നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു സംശയവും അതില്‍ വേണ്ട.
വര്‍ഗീയത പറയുന്ന പാര്‍ട്ടികളെയും വ്യക്തികളെയും വര്‍ഗീയത പ്രചരിപ്പിക്കുന്ന ക്യാമ്പയിനുകളെയും എതിര്‍ക്കണം. ഒരു കൂട്ടര്‍ക്ക് മാത്രം വര്‍ഗീയത പറയാന്‍ അവകാശമുണ്ട് എന്നത് എങ്ങനെ അംഗീകരിക്കാനാകും. അത് മീഡിയ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുവദിക്കുക സാധ്യമല്ല,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരായ നീക്കം ദേശീയതലത്തില്‍ വലിയ ക്യാമ്പയിനായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമ കമ്മീഷനെ ലീഗ് സമീപിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ലീഗ് വിഷയം അവതരിപ്പിക്കും. പാര്‍ലമെന്റില്‍ നിലപാട് സ്വീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇതുവരെ കണ്ണ് തുറന്നിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കാര്യ കാരണ സഹിതം ആശങ്കകള്‍ ചൂണ്ടിക്കാണിച്ചു. വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും കുഞ്ഞലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.