കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പാന്റെ അറസ്റ്റ് നടന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രയാസത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ സാധിച്ചിരുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാളി സമൂഹത്തിന്റെ ഉന്നതമായ മൂല്യബോധം സിദ്ദിഖ് കാപ്പന്റെ വിഷയത്തില്‍ നാം കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ഭരണകൂട വേട്ടയാടലിന്റെ ഇരയാക്കപ്പെട്ട് അന്യായമായി ജയിലിലടക്കപ്പെട്ടിരുന്ന മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ബഹുമാനപ്പെട്ട സുപ്രീംകോടതി ജാമ്യം അനുവദിച്ചത് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
അറസ്റ്റ് നടന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിക്കുകയും നിയമ സഹായങ്ങള്‍ ഉറപ്പ് കൊടുക്കാനും കുടുംബത്തിന്റെ പ്രയാസത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കാനും സാധിച്ചിരുന്നു.
വിഷയം ഏറ്റെടുത്ത് നടത്തിയിരുന്ന ദല്‍ഹിയിലെ പത്ര പ്രവര്‍ത്തകരുമായും, അദ്ദേഹത്തിന്റെ അഭിഭാഷകരുമായും ബന്ധപ്പെടുകയും ശക്തമായ പിന്തുണയും സഹായവും അറിയിക്കുകയും ചെയ്തിരുന്നു.
പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തെയും മൗലിക അവകാശങ്ങളെയും പച്ചയായി ഹനിക്കുന്ന ഭരണകൂടങ്ങളുടെ ചെയ്തികളെ തുറന്നുകാണിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണ്.
മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഒന്നാണ്. മലയാളി സമൂഹത്തിന്റെ ഉന്നതമായ മൂല്യബോധം സിദ്ദിഖ് കാപ്പന്റെ വിഷയത്തില്‍ നാം കണ്ടതാണ്,’ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, സിദ്ദിഖ് കാപ്പന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതി നടത്തിയത്. നേരത്തെ ഹൈക്കോടതിയുള്‍പ്പെടെ കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്.
ജാമ്യഹരജി പരിഗണിക്കുന്നതിനിടെ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അഡ്വ. ജെത്മലാനിയാണ് യു.പി സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്. കപില്‍ സിബല്‍ ആയിരുന്നു സിദ്ദിഖ് കാപ്പന് വേണ്ടി കോടതിയില്‍ വാദിച്ചത്. കാപ്പനില്‍ നിന്നും യഥാര്‍ത്ഥത്തില്‍ എന്താണ് കണ്ടെത്തിയതെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. ഒരു പ്രകോപനവുമില്ലാതെ കാറില്‍ സമാധാനപരമായി സഞ്ചരിക്കുന്ന മൂന്ന് പേരെയാണ് ഒരു കാരണവുമില്ലാതെ 153എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.
Content Highlights: P.K. Kunhalikutty said Muslim League was able to stand with Sidhque Kappan’s family