നേതാക്കളുടെ വാക്കുകള്‍ വക്രീകരിക്കേണ്ട, റാലി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തു: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലി ഫലസ്തീന്‍ ജനതക്ക് വേണ്ടിയാണെന്നും ഇസ്രഈലിന് വേണ്ടിയല്ലെന്നും മുസ്‌ലിം ലീഗ് നേതാവും വേങ്ങര എം.എല്‍.യുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഐക്യദാര്‍ഢ്യ റാലിയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രസംഗത്തിലെ വാക്കുകള്‍ വക്രീകരിക്കേണ്ടതില്ലെന്നും വാക്കുകള്‍ക്കുള്ളിലെ കുത്തും പുള്ളിയും കണ്ടുപിടിച്ച് കുറ്റം പറയുന്നവര്‍ റാലിയുടെ ഉദ്ദേശത്തെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ വിമര്‍ശിക്കുന്നവര്‍ ഫലസ്തീന്‍ ജനതക്കും അവരുടെ പോരോട്ടത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവും കുറവും കണ്ടുപിടിക്കുന്നവര്‍ യാഥാര്‍ത്ഥ്യത്തില്‍ ഇസ്രഈലിനെതിരെ പ്രതിഷേധങ്ങള്‍ നടത്തേണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ലീഗ് നേതാക്കള്‍ തങ്ങളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയതാണെന്നും പ്രസംഗത്തിലെ ഒരു വരിയെ മാത്രം മുന്‍നിര്‍ത്തി പരിപാടിയെ വിലകുറച്ച് കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിന്റെ നിലപാടും അഭിപ്രായങ്ങളും അന്താരാഷ്ട്ര തലത്തില്‍ ഒരു പൊതുവായ അഭിപ്രായം സൃഷ്ടിക്കുമെന്നതിനാലാണ് അദ്ദേഹത്തെ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. താന്‍ ഫലസ്തീനോടൊപ്പമെന്ന് പറഞ്ഞ ശശി തരൂരിന്റെ വാക്കുകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും മറ്റ് കാര്യങ്ങളില്‍ ചോദ്യം ചോദിക്കേണ്ടത് തരൂരിനോടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെന്ന് ലീഗ് അവകാശപ്പെട്ട പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു തരൂര്‍. ഈ പരിപാടിയിലാണ് തരൂര്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ചത്. ഒക്ടോബര്‍ ഏഴിന് ഇസ്രഈലിനെ ആക്രമിച്ചത് ഭീകരവാദികളാണ് എന്നായിരുന്നു തരൂരിന്റെ വാക്കുകള്‍.
തരൂരിന്റെ പ്രസംഗത്തിനെതിരെ ലീഗിനകത്ത് നിന്നും മറ്റ് രാഷ്ട്രീയ സംഘടനകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ തന്റെ പ്രസംഗത്തിലെ ഒരു വരി മാത്രമെടുത്ത് പ്രചരിപ്പിക്കുന്നതില്‍ യോജിപ്പില്ലെന്നും തന്റെ പ്രസംഗത്തെ ഇസ്രാഈല്‍ അനുകൂലമാക്കി മാറ്റേണ്ടതില്ലെന്നും തരൂര്‍ പ്രതികരിച്ചിരുന്നു.
Content Highlight: P.K Kunhalikutty responded to the controversy following the pro-Palestine rally