ന്യൂദല്‍ഹി: പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കത്തില്‍ കേരളത്തിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി എംപി. ടിക്കറ്റെടുക്കാനും മറ്റും ബുദ്ധിമുട്ടുള്ളവര്‍ക്ക് പ്രത്യേക ഫണ്ട് എംബസികള്‍ മുഖേന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നു എന്ന തീരുമാനം ഏറെ ആശ്വാസകരമാണ്. തിരികെ വരാന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേരളത്തില്‍ നിന്നായതിനാല്‍ സംസ്ഥാനത്തിന് ഒരു പ്രത്യേക പാക്കേജ് കേന്ദ്രം അനുവദിക്കണം.
ടിക്കറ്റെടുക്കാനും മറ്റും ബുദ്ധിമുട്ടുള്ളവര്‍ക്ക് എംബസികള്‍ മുഖേന ഫണ്ട് നല്‍കണമെന്നും അതിനായി പ്രത്യേക ഫണ്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മടക്കയാത്രയ്ക്ക് വിമാന ടിക്കറ്റ് നിരക്കു യാത്രക്കാര്‍ വഹിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ജോലി നഷ്ടപ്പെട്ട പ്രവാസികളെ സംബന്ധിച്ച് തിരിച്ചടിയായിരുന്നു.
ഒരു മാസത്തിലധികമായി ജോലി നഷ്ടപ്പെട്ടിരിക്കുന്നവര്‍ക്കും വേതനമില്ലാതെ നിര്‍ബന്ധിത അവധിയിലായിരിക്കുന്നവര്‍ക്കും ഈ തുക വലിയ ബാധ്യതയാണെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണത്തിനു പോലും വകയില്ലാതെ ക്യാമ്പുകളിലും മറ്റും ജീവിച്ചവരടക്കമാണ് മടങ്ങിവരാനൊരുങ്ങുന്നത്. ഈ സാഹചര്യത്തില്‍ ടിക്കറ്റിനു പണമില്ലെന്ന കാരണത്താല്‍ മടക്കയാത്രക്കുള്ള അവസരം നിഷേധിക്കരുതെന്നാണ് തൊഴിലാളികളടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്.