| Thursday, 29th December 2022, 1:21 pm

'പച്ചക്കള്ളം'; എല്ലാ വേട്ടയാടലിലും പ്രതികരിച്ചിട്ടില്ല, പക്ഷെ ഇതങ്ങനല്ല, അന്വേഷണം വേണം; ഷുക്കൂര്‍ കേസിലെ ആരോപണത്തില്‍ കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്
കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തുന്നത് ഒഴിവാക്കാന്‍ ഇടപെട്ടെന്ന ആരോപണം നിഷേധിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആരോപണം നിയമപരാമായി നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അഭിഭാഷകന്‍ ടി.പി. ഹരിദാസ് പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്നും കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡി.വൈ.എസ്.പി ആരോപണം നിഷേധിച്ചതോടെ സത്യം വ്യക്തമായി. ഹരിദാസിനെക്കൊണ്ട് ആരോ പറയിപ്പിച്ചതാണ്. അതാണ് ഇനി അറിയേണ്ടത്. അതിനുവേണ്ടിയാണ് അന്വേഷണം ആവശ്യപ്പെട്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘വിചിത്രമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ഇതിന് പിന്നില്‍ ചിലരുണ്ട്. മുമ്പും എനിക്കെതിരെ വേട്ടയാടലുകളുണ്ടായിട്ടുണ്ട്. എന്നാല്‍ അന്നൊന്നും അതിന്റെ പിന്നാലെ പോയിട്ടില്ല. എന്നാല്‍ ഈ വിഷയം അങ്ങനെയല്ല. അതിന്റെ പിന്നിലെ സത്യം പുറത്തുവരേണ്ടതുണ്ട്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിഷയം പുറത്തുവന്നതോടെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണകത്തിലെ പ്രയോഗം പ്രയാസമുണ്ടാക്കിയിരുന്നു. എന്നാല്‍ അത് അദ്ദേഹം തന്നെ ക്ലിയര്‍ ചെയ്തതോടെ അത് മാറി. വിഷയം യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ടി.പി.ഹരീന്ദ്രന്റെ ആരോപണം ഗൗരവകരമാണെന്നും പരാമര്‍ശം എന്തെന്ന് പരിശോധിക്കുമെന്നുമായിരുന്നു നേരത്തെ കെ. സുധാകരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാന്‍ ഉപയോഗിക്കുകയായിരുന്നു എന്ന് സുധാകരന്‍ ഇന്നലെ വിശദീകരണം നല്‍കി.

അതേസമയം, കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം തെറ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പി. സുകുമാരന്‍ പറഞ്ഞു.

പി.കെ. കുഞ്ഞാലിക്കുട്ടി കേസിന്റെ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ല. അഡ്വ. ഹരീന്ദ്രന്റെ അഭിപ്രായം തേടിയിട്ടില്ലെന്നും മുന്‍ ഡി.വൈ.എസ്.പി പറഞ്ഞു.

CONTENT HIGHLIGHT: P.K. Kunhalikutty  Denying the allegation Ariil Shukur case

We use cookies to give you the best possible experience. Learn more