പൂട്ടിക്കണം, പൊളിക്കണം, കലക്കണം എന്നൊന്നുമല്ല ഒരു കേന്ദ്രമന്ത്രി പറയേണ്ടത്; വഖഫില്‍ സുരേഷ് ഗോപിക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി
Kerala News
പൂട്ടിക്കണം, പൊളിക്കണം, കലക്കണം എന്നൊന്നുമല്ല ഒരു കേന്ദ്രമന്ത്രി പറയേണ്ടത്; വഖഫില്‍ സുരേഷ് ഗോപിക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2024, 5:28 pm

തിരുവനന്തപുരം: വഖഫിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സുരേഷ് ഗോപിയുടെ പരാമര്‍ശം ഒരു കേന്ദ്ര മന്ത്രിക്ക് യോജിക്കാത്തതാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി പൂട്ടിക്കണം, പൊളിക്കണം, കലക്കണം എന്നൊന്നുമല്ല ഒരു കേന്ദ്ര മന്ത്രി പറയേണ്ടതന്നെും മറിച്ച് ജനങ്ങള്‍ ഉപകാരമുള്ള കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും  പറഞ്ഞു.

പ്രധാനമന്ത്രി വയനാട്ടില്‍ വന്ന് ഷോ നടത്തിയതാണ് കേന്ദ്രമന്ത്രി ഫോളോ ചെയ്യുന്നതെന്നും അതിന് പകരം അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. വഖഫ് നിയമം പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുകയാണെന്നും അത് വരട്ടെയെന്നും ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഇന്ന് (ശനിയാഴ്ച്ച) വയനാട്ടിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ചാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വഖഫ് ബോര്‍ഡിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

വഖഫ് എന്നാല്‍ നാല് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒതുങ്ങുന്നൊരു കിരാതസംവിധാനമാണെന്നും ആ കിരാതത്തെ ഒതുക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ബോര്‍ഡിന്റെ പേര് താന്‍ നേരിട്ട് പറയില്ലെന്ന് പറഞ്ഞായിരുന്നു വഖഫിനെതിരെ കേന്ദ്രമന്ത്രി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

മുനമ്പത്തെ മാത്രമല്ല അങ്ങനെ ഒരു വിഭാഗത്തെ മാത്രമായി സംരക്ഷിക്കാനല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.ജെ.പി അധികാരത്തില്‍ ഇരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു ബോര്‍ഡും ഇവിടെ തണ്ടെല്ലോട് നില്‍ക്കില്ലെന്നും ആ തണ്ടെല്ല് തങ്ങള്‍ ഊരിയിരിക്കുമെന്ന് വ്യക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്നും മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടാനില്ലെന്നും സുരേഷ് ഗോപി തന്റെ പ്രസംഗത്തിനിടെ അവകാശപ്പെട്ടു.

മണിപ്പൂര്‍ എന്ന വിഷയം പൊക്കിക്കോണ്ട് നടന്നവന്മാര്‍ ഒന്നും ഇന്നില്ലെന്നും ആര്‍ക്കും ഇപ്പോള്‍ മണിപ്പൂരിനെ വേണ്ടെന്നും പറഞ്ഞ സുരേഷ് ഗോപി മുനമ്പം മണിപ്പൂരിന് സമാനമാണെന്നും പറയുകയുണ്ടായി.

Content Highlight: P. K. Kunhalikutty criticize Suresh Gopi on his statement on Waqf Board