| Thursday, 16th February 2023, 1:13 pm

വര്‍ഗീയതക്കെതിരെ പൊരുതുകയാണ് വേണ്ടത്; ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി കൂടിക്കാഴ്ചയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി – ആര്‍.എസ്.എസ് കൂടിക്കാഴ്ച അനാവശ്യമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. മതേതരശക്തികള്‍ ബി.ജെ.പിയുമായി പൊരുതുകയാണ് വേണ്ടതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച നടന്നതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ചര്‍ച്ചയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമേ തനിക്കും അറിയൂവെന്നും പറഞ്ഞു. മലപ്പുറത്ത് വെച്ചായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷമേ കൂടുതല്‍ പ്രതികരിക്കാനാകൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഒരു വാര്‍ത്ത വന്നു എന്നല്ലാതെ ചര്‍ച്ചയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നുമറിയില്ല. ഏത് പശ്ചാത്തലത്തിലാണ് അങ്ങനെയൊരു കൂടിയാലോചന നടന്നതെന്നുള്ള വിശദാംശങ്ങള്‍ ലഭിച്ചാലേ അതേ കുറിച്ച് കൂടുതല്‍ അഭിപ്രായം പറയാന്‍ കഴിയൂ,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, ആര്‍.എസ്.എസുമായി ചര്‍ച്ചക്കുള്ള സാഹചര്യമല്ലെന്നും വര്‍ഗീയതക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണെന്നും അദ്ദേഹം മാധ്യമപ്രവകര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവര്‍ത്തിച്ചു.

ആര്‍.എസ്.എസ്- ജമാഅത്തെ ഇസ്‌ലാമി കൂടിക്കാഴ്ച്ചയില്‍ ശക്തമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി ഉന്നയിച്ചത്. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്നും ആര്‍.എസ്.എസ് നയം മാറ്റാന്‍ ആര് വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷത്തെ ഇല്ലാതാക്കുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു. മതേതര ശക്തിയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കൂടിക്കാഴ്ച്ചയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമി-ആര്‍.എസ്.എസ് ചര്‍ച്ചയില്‍ പ്രതികരിച്ച് നേരത്തെ കെ.ടി. ജലീലും രംഗത്ത് എത്തിയിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന് എന്ത് മറുപടിയാണ് ജമാഅത്തെ
ഇസ്‌ലാമി നേതാക്കള്‍ നല്‍കിയതെന്നറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ വിവരം ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി ടി. ആരീഫ് അലിയാണ് കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ജനുവരി 14ന് ന്യൂദല്‍ഹിയില്‍ വെച്ചാണ് ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍ എസ്.വൈ. ഖുറേഷിയാണ് ചര്‍ച്ചക്ക് മുന്‍കൈ എടുത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Content Highlight: P K Kunhalikutty against RSS-Jamat-e-Islami meeting

We use cookies to give you the best possible experience. Learn more