| Friday, 19th April 2024, 4:43 pm

രാഹുലിന്റെ പ്രസംഗം വ്യാഖ്യാനിക്കാനില്ല, മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന അര്‍ഥത്തിലാകില്ല പറഞ്ഞത്; കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ എന്ത് കൊണ്ടാണ് കേന്ദ്ര സർക്കാർ ജയിലിലാക്കാത്തതെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തില്‍ പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി. അറസ്റ്റ് ചെയ്യണമെന്ന അര്‍ഥത്തില്‍ ആയിരിക്കില്ല രാഹുലിന്റെ പരാമര്‍ശമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

‘പ്രസംഗത്തെ വ്യാഖ്യാനിക്കാനില്ല. അറസ്റ്റ് ചെയ്യണമെന്ന അര്‍ഥത്തില്‍ ആയിരിക്കില്ല രാഹുല്‍ ഗാന്ധി പറഞ്ഞത്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ രാഹുലിന്റെ പരാമര്‍ശം. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷെ എന്തുകൊണ്ടാണ് പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ജയിലിലാക്കാത്തതെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്.

ഒരാള്‍ ബി.ജെ.പിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം അവരെ തിരിച്ചാക്രമിക്കും. ബി.ജെ.പി പിന്നാലെ വരാന്‍ എതിര്‍പ്പ് സത്യസന്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി വെള്ളിയാഴ്ച രംഗത്തെത്തി. ജയിലും അന്വേഷണവും കാട്ടി വിരട്ടേണ്ട എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിങ്ങളുടെ മുത്തശ്ശി ഒന്നര വര്‍ഷം ഞങ്ങളെ ജയിലിലട്ടിട്ടുണ്ട്. സി.എ.എക്കെതിരെ ഒരക്ഷരം മിണ്ടാത്ത രാഹുല്‍ ഗാന്ധിക്ക് സംഘപരിവാര്‍ മനസാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: P. K. Kunhalikutty about Rahul Gandhi’s speech against Pinarayi Vijayan

We use cookies to give you the best possible experience. Learn more