D' Election 2019
ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പ്രസംഗം പുഛിച്ചു തള്ളുന്നു; മോദിയുടെ സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്നും കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 14, 04:42 am
Sunday, 14th April 2019, 10:12 am

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വര്‍ഗീയ പ്രസംഗത്തെ പുഛിച്ചു തള്ളുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഇത് കേരളത്തില്‍ വില പോകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീധരന്‍ പിള്ള നടത്തിയ വര്‍ഗ്ഗീയ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളു.’- ചിരിച്ചു കൊണ്ട് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ് തുടങ്ങി വര്‍ഗീയ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റ് ഒന്നും ലീഗിന് ആവശ്യമില്ല. മതേതര കാര്യത്തില്‍ ഉറച്ച നിലപാടുള്ള പാര്‍ട്ടിയാണ് ലീഗ്. ഞങ്ങളുടെ ചരിത്രം തുറന്ന പുസ്തകമാണ്. കേരളത്തിലെ ബി.ജെ.പിക്കാര്‍ ഉത്തരേന്ത്യയില്‍ ഉപയോഗിക്കുന്ന തന്ത്രം ഇവിടെ പ്രയോഗിച്ചാല്‍ ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന പിന്തുണ കൂടി പോകുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

കോണ്‍ഗ്രസും മുസ്‌ലിം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെ തേനിയില്‍ നടന്ന പ്രചാരണറാലിക്കിടെ വിമര്‍ശിച്ചിരുന്നു.

‘നിങ്ങള്‍ കോണ്‍ഗ്രസിനും ഡി.എം.കെയ്ക്കും മുസ്ലീം ലീഗിനുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അതു ശുഷ്‌കമായ വികസനത്തിനുള്ള വോട്ടാണ്. അവര്‍ക്ക് വോട്ട് ചെയ്യുകയെന്നാല്‍ ഭീകരരെ അഴിച്ചുവിടുക എന്നാണ്. അവര്‍ക്ക് വോട്ട് ചെയ്യുകയെന്നാല്‍ രാഷ്ട്രീയത്തിലെ കുറ്റവാളികള്‍ക്ക് വോട്ട് ചെയ്യുകയെന്നാണ് എന്നായിരുന്നു മോദി പ്രസംഗിച്ചത്.