മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ കോട്ട നിലനിര്‍ത്തിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിക്കവെയായിരുന്നു അദ്ദേഹം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫും കോണ്‍ഗ്രസും ഗൗരവമായി പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
ലീഗിന്റെ സ്വാധീനമേഖല സുരക്ഷിതമാണെന്നും തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി യോഗം വിശദമായി പരിശോധിക്കുമന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ തിരിച്ചടി പരിശോധിക്കും. അനാവശ്യമായ വിവാദങ്ങള്‍ വിജയത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കോണ്‍ഗ്രസ് കാലുവാരിയെന്നാരോപണവുമായി കേരളകോണ്‍ഗ്രസ് (ജോസഫ്) വിഭാഗം നേതാവ് പി.ജെ ജോസഫ് രംഗത്തെത്തിയിട്ടുണ്ട്.
‘യു.ഡി.എഫിന്റെ കെട്ടുറപ്പില്ലായ്മ കോട്ടയത്ത് ബാധിച്ചു. ഇടുക്കിയില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന ഐക്യം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായില്ല’, പി.ജെ. ജോസഫ് പറഞ്ഞു.
പി.ജെ ജോസഫിന്റെ ശക്തികേന്ദ്രമെന്ന് വിലയിരുത്തിയ ഇടുക്കിയില്‍ 10 വര്‍ഷത്തിന് ശേഷം ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തിരുന്നു.
പാലയും കോട്ടയവും യു.ഡി.എഫിന് നഷ്ടപ്പെട്ടതില്‍ കേരളാ കോണ്‍ഗ്രസാണോ പ്രധാന ഘടകം എന്നു പരിശോധിക്കണമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ജോസ് കെ. മാണിയുമായി മത്സരിച്ചതില്‍ തങ്ങള്‍ വിജയിച്ചുവെന്നും പി.ജെ ജോസഫ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക