പാലക്കാട് : കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ മുഹമ്മദലി ജിന്നയുമായി താരതമ്യം ചെയ്ത് ബി.ജെ.പി ദേവതാവ് പി.കെ കൃഷ്ണദാസ്.
പിണറായി വിജയന്റേത് വിഭജന രാഷ്ട്രീയമാണെന്നും ഇന്ത്യയെ വിഭജിക്കാനായി മുഹമ്മദലി ജിന്ന പണ്ട് പറഞ്ഞതാണ് പിണറായി വിജയൻ ഇപ്പോൾ പറയുന്നതെന്നുമാണ് കൃഷ്ണദാസ് പറഞ്ഞത്.
പിണറായി വിജയൻ മലപ്പുറത്ത് വെച്ച് നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു കൃഷ്ണദാസിന്റെ വിമർശനം. പൗരത്വ ഭേദഗതിയിലൂടെ കേന്ദ്ര സർക്കർ മുസ്‌ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയിൽ അവർ ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും അവരെ പാകിസ്ഥാനിലേക്ക് ആട്ടി ഓടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി മലപ്പുറത്തുവെച്ച് പറഞ്ഞത്.
‘മലപ്പുറത്തുവെച്ച് മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് ജിന്നയും പണ്ട് പറഞ്ഞത്. ഇന്ത്യയെ രണ്ടായി വിഭജിക്കണം എന്നായിരുന്നു ജിന്ന പറഞ്ഞത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനുള്ള അവകാശം പിണറായിക്ക് നഷ്ടപ്പെട്ടു. ഇത്തരത്തിൽ ഒരു പരാമർശം നടത്തിയതിന് പിണറായിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണം,’ പി കെ കൃഷ്ണദാസ് പറഞ്ഞു.
പൗരത്വ നിയമം ഇന്ത്യയിലെ ഒരു പൗരനെയും ബാധിക്കുന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
‘പൗരത്വ നിയമം ഇന്ത്യയിലെ ഒരു പൗരനെയും ബാധിക്കില്ല. മറ്റു രാഷ്ട്രങ്ങളിൽ നിന്ന് വന്നിട്ടുള്ള ഹിന്ദുവിനും ക്രിസ്ത്യാനിക്കും പൗരത്വം കൊടുക്കുന്നതിൽ സി.പി.ഐ.എമ്മിന് എന്താണ് കുഴപ്പം. അവരുടേത് ഒരു മനുഷ്യത്വരഹിതമായ സമീപനമാണ്,’ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
ബിജെപി സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെക്കുറിച്ചും കൃഷ്ണദാസ് പറഞ്ഞു.
‘തെരഞ്ഞെടുപ്പ് വരുമ്പോൾ എൽ.ഡി.എഫിന് ഒന്നും തന്നെ പറയാനില്ല. അതുകൊണ്ടാണ് അവർ വർഗീയത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. മോദി സർക്കാർ ഒരുപാട് നേട്ടങ്ങൾ ജനങ്ങൾക്ക് മുമ്പിൽവെച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ സി.പി.ഐ.എമ്മിന് പറയാൻ കാര്യമായി ഒന്നുമില്ല,’ കൃഷ്ണദാസ് പറഞ്ഞു.
‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം മുസ്‌ലീമായ അസീം ഉള്ള ഖാന്‍ ആണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഈ മുദ്രാവാക്യം ഉണ്ടാക്കിയത് ഒരു മുസ്‌ലിം ആയതുകൊണ്ട് സംഘപരിവാറുകാര്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിക്കണ്ട എന്ന് തീരുമാനിക്കുമോ എന്നും പിണറായി വിജയന്‍ ചോദിച്ചു.
അതുപോലെതന്നെ ‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് ഇന്ത്യന്‍ നയതന്ത്ര വിദഗ്ധനായിരുന്ന ആബിദ് ഹസന്‍ സഫ്രാനിയാണ് അതിനാല്‍ ഈ മുദ്രാവാക്യവും സംഘപരിവാര്‍ ഒഴിവാക്കുമോ എന്നും പിണറായി ചോദിച്ചു.
Content Highlight: P.K Krishnadas talks Pinarayi Vijayan like Muhammmed Ali Jinnah