തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ആദിവാസി വിഭാഗക്കാരന്റെ പേരിലുള്ള പദ്ധതി തോമസ് ഐസക്കിന്റെ ബജറ്റില്‍. ആദിവാസി മേഖലകള്‍ക്കു പുറത്ത് ചിന്നിച്ചിതറി താമസിക്കുന്ന ഒറ്റപ്പെട്ട ആദിവാസികുടുംബങ്ങള്‍ക്കായി മൈക്രാപ്ലാനുകള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്കാണ് മണ്‍മറഞ്ഞു പോയ കലാകാരനും സി.പി.ഐ.എം നേതാവുമായ പി.കെ കാളന്റെ പേര് നല്‍കിയിരിക്കുന്നത്.
ഗദ്ദിക എന്ന വയനാടന്‍ ഫോക് ലോറിന്റെ ആചാര്യന്‍ കൂടിയായ കാളന്‍ കേരള ഫോക്ക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. 25 കോടി രൂപയുടെ പദ്ധതിയാണിത്.
ആദിവാസി മേഖലകള്‍ക്ക് പുറത്ത് എല്ലാ ജില്ലകളിലും ചിന്നിച്ചിതറി താമസിക്കുന്ന ഒറ്റപ്പെട്ട ആദിവാസി കുടംബങ്ങളുണ്ട്. ഇവരുടെ എണ്ണം കുറവായതിനാല്‍ പലപ്പോഴും ആദിവാസി ഉപപദ്ധതി ഫണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. ഇത്തരം കുടുംബങ്ങള്‍ ഓരോന്നിനെയും ദാരിദ്ര്യത്തില്‍ നിന്ന് കര കയറ്റുന്നതിന് മൈക്രോപ്ലാനുകള്‍ തയ്യാറാക്കുന്നതാണ് പദ്ധതി.
പരമാവധി നിലവിലുള്ള സ്‌കീമുകളെ സംയോജിപ്പിക്കുന്ന സമീപനമാണ് കൈക്കൊള്ളേണ്ടത്. ഈ മൈക്രോപ്ലാനുകള്‍ പഞ്ചായത്ത് തലത്തില്‍ സംയോജിപ്പിച്ച് സമര്‍പ്പിക്കുന്ന മുറയ്ക്ക് പണം അനുവദിക്കും. ഇതിനായി 25 കോടിരൂപ എ.റ്റി.എസ്.പിയില്‍ നിന്ന് നീക്കിവെയ്ക്കുന്നു. ഒരു ഭാഗം ചെലവ് തദ്ദേശഭരണ സ്ഥാപനങ്ങളും വഹിക്കണം.