മുംബൈ: പികെയില്‍ ആമിര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സിനിമയാണ് പികെ യെന്നും സച്ചിന് ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ ദിവസം തനിക്കായി ഒരുക്കിയ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കണ്ട ശേഷമാണ് സച്ചിന് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ കഥ താന്‍ പുറത്ത് പറയുന്നില്ലെന്നും എല്ലാവരും ചിത്രം കണ്ടിരിക്കണമെന്നും തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണ് പി.കെ യെന്നും സച്ചിന് പറഞ്ഞു.
ചിത്രത്തില്‍ ആമിറിന്റെയും അനുഷ്കയുടെയും ജോഡി വളരെ മികച്ചതായിരുന്നുവെന്നും വളരെ വലിയ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും സച്ചിന് പറഞ്ഞു. പ്രദര്‍ശനത്തിന് സച്ചിന്റെ കൂടെ ആമിറും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇന്റര്‍ നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗില്‍ മത്സരിക്കാന്‍ ന്യൂദല്‍ഹിയില്‍ എത്തിയിരുന്ന ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററും സിനിമ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിനിമയുടെ പോസ്റ്റര്‍ കണ്ടതിന്റെ ശേഷമാണ് താരം സിനിമ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 19 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സുഷാന്ത് രജ്പുത്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത് വിനോദ് ചോപ്ര ഫിലിംസും ഹിറാനിയും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്റെ മറ്റു ചിത്രങ്ങളിലേതു പോലെ തന്നെ തമാശക്ക് ഏറെ പ്രാധാന്യം നല്കിത്തന്നെയാണ് രാജ്കുമാര് ഹിറാനി പികെയും ഒരുക്കിയിരിക്കുന്നത്.
2009ല്‍ ഹിറാനി അമീര്‍ കൂട്ടു കെട്ടില്‍ പിറന്നിരുന്ന “ത്രീ ഇഡിയറ്റ്സ്” ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. മുന്നാഭായ് എംബിബിഎസ്, ലഗേ രഹോ മുന്നാഭായ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം ഹിറാനി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.